കാഞ്ഞാര്‍: കിണറ്റിലേക്ക് വഴുതി വീഴാന്‍ തുടങ്ങിയ മകനെ രക്ഷിക്കാന്‍ ശ്രമിച്ച അച്ഛന്‍ കിണറ്റില്‍ വീണു. മുട്ടം വള്ളിപ്പാറ സ്വദേശി വടക്കുംപറമ്പില്‍ മധു (35) ആണ് 50 അടിയോളം താഴ്ചയുള്ള കിണറിലേക്ക് വീണത്. കിണറിന്റെ വക്കിന് സമീപം കളിച്ച് കൊണ്ടിരുന്ന കുട്ടികളില്‍ ഒരാള്‍ കിണറിന്റെ കരയില്‍ നിന്നും വേച്ച് പോകുന്നത് കണ്ട് പിടിക്കാന്‍ ശ്രമിക്കവെയാണ് മധു കിണറ്റിലേക്ക് വീണത്.
കിണറില്‍ നാല് ആള്‍ പൊക്കത്തോളം വെള്ളം ഉണ്ടായതിനാല്‍ അപകടം സംഭവിച്ചില്ല. മോട്ടര്‍ അടിക്കുന്നതിനായി സ്ഥാപിച്ചിരുന്ന പൈപ്പില്‍ പിടിച്ച് ഇരുപത് മിനിട്ടോളം കിണറ്റില്‍ കിടന്നു. തൊടുപുഴയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി കിണറ്റില്‍ കയര്‍തൊട്ടില്‍ ഇറക്കി രക്ഷിക്കുകയായിരുന്നു. ശാരിരിക വിഷമതയെത്തുടര്‍ന്ന് തൊടുപുഴ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി.
















