കൊല്ലം: കളക്‌ട്രേറ്റ് സ്‌ഫോടനകേസില്‍ പോലീസ് കസ്റ്റഡിയിലുള്ള രണ്ടാംപ്രതി ഷംസൂണ്‍ കരിംരാജയെ സ്‌ഫോടനം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. അന്വേഷണ സംഘത്തലവന്‍ എസിപി ജോര്‍ജ് കോശിയുടെ നേതൃത്വത്തില്‍ ഉച്ചയ്‌ക്ക് 12ന് ആരംഭിച്ച തെളിവെടുപ്പ് വൈകിട്ട് മൂന്നിനാണ് അവസാനിച്ചത്. സ്‌ഫോടനം നടന്ന 2016 ജൂണ്‍ 15ന് രാവിലെ കൊല്ലം ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഓട്ടോറിക്ഷയിലാണ് കളക്‌ട്രേറ്റില്‍ എത്തിയതെന്ന് തെളിവെടുപ്പിനിടെ കരിംരാജ പറഞ്ഞു.
സ്‌ഫോടനത്തിന് ഒരാഴ്ച മുന്‍പ് ഇവിടെയെത്തി കളക്ടറേറ്റിന്റെയും പരിസരങ്ങളുടെയും വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. മൊബൈല്‍ ഫോണിലെ വീഡിയോ കാമറ ഓണാക്കി പോക്കറ്റിലിട്ട് കറങ്ങി നടന്നാണ് വിവിധ ഭാഗങ്ങളിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഈ ദൃശ്യങ്ങള്‍ കണ്ട ഒന്നാം പ്രതി അബ്ബാസ് അലി എന്ന ലൈബ്രറി അബ്ബാസാണ് ജീപ്പിനടയില്‍ ബോംബ് വയ്‌ക്കാന്‍ നിര്‍ദേശിച്ചത്. കളക്‌ട്രേറ്റിലെ കാമറകള്‍ പ്രവര്‍ത്തിക്കുന്നതാണെന്ന് തെറ്റിദ്ധരിച്ച് കാമറകളില്‍ പതിയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. തെളിവെടുപ്പിനോട് പൂര്‍ണമായി സഹകരിച്ച കരിംരാജ ബോംബ് വച്ച രീതികളും വന്ന വഴികളുമെല്ലാം പൊലീസിനോട് വിശദീകരിച്ചു. ബികോം ബിരുദധാരിയായ ഇയാള്‍ ഇംഗ്ലീഷിലാണ് ഉദ്യോഗസ്ഥരോട് സംസാരിച്ചത്. കരിംരാജ മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്ത കോട്ടമുക്കിലെ മൊബൈല്‍ സ്‌റ്റോറില്‍ നാളെ തെളിവെടുപ്പ് നടത്തും.
ഷംസൂണ്‍ കരിംരാജ, കേസിലെ മറ്റ് പ്രതികളായ അബ്ബാസ് അലി (ലൈബ്രറി അബ്ബാസ് 27), ദാവൂദ് സുലൈമാന്‍ കോയ (22), ഷംസുദീന്‍ (23) എന്നിവരെ സ്‌ഫോടനത്തിന് ഗൂഡാലോചന നടത്തിയ ചെന്നൈ, മധുര എന്നിവിടങ്ങളിലും അടുത്ത ദിവസങ്ങളില്‍ തെളിവെടുപ്പിന് കൊണ്ടുപോകും. 12 ദിവസത്തെ കസ്റ്റഡി കാലാവധിക്ക് ശേഷം 20ന് ഇവരെ കൊല്ലം ജില്ലാ കോടതിയില്‍ ഹാജരാക്കും.
















