ഒറ്റപ്പാലം: മാമാങ്കസ്മരണയുയര്ത്തി ചിനക്കത്തൂര്‍പൂരം ആഘോഷിച്ചു. കുതിരകളിയും തമിഴ് സംസ്കാരത്തിന്റെ പ്രതീകമായി മുതലിയാര്ത്തെരുവില് നിന്നെത്തുന്ന തേരും എണ്ണമറ്റ വേഷങ്ങളും പൂരത്തിന് മാറ്റുകൂട്ടി.
മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ നേതൃത്വത്തിലുള്ള പഞ്ചാരിമേളവും തിറയും തുടികൊട്ടി പൂതനും നിറഞ്ഞാടുകയായിരുന്നു.ഉച്ചയ്ക്കുശേഷം കുതിരകള്‍ എത്തിയതോടെ ആര്‍പ്പുവിളികള്‍ ഉയര്‍ന്നു. തുടര്‍ന്ന് തട്ടിന്മേല്ക്കൂത്തും തേരും ഭഗവതിയെ വണങ്ങി മടങ്ങി. വേഷങ്ങളും, വാദ്യമേളങ്ങളും വണ്ടിവേഷങ്ങളും കാവടിയാട്ടവും തെയ്യവുമെല്ലാം ഒരുക്കിയ നിറക്കാഴ്ചകളില്‍ പൂരപ്രേമികള്‍ ആര്‍ത്തുവിളിച്ചു.അഞ്ചുമണിയോടെ ആനപ്പൂരങ്ങള്‍ പടിഞ്ഞാറന്ചേരിയിലും കിഴക്കന്ചേരിയിലുമായി 27 ആനകള്അണിനിരന്നു.
പാലപ്പുറം ദേശത്ത് പാറമേക്കാവ് ശ്രീപദ്മനാഭന്, പല്ലാര്‍മംഗലം ദേശത്ത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്, മീറ്റ്ന ദേശത്ത് ചെര്‍പ്പുളശ്ശേരി രാജശേഖരന്, എറക്കോട്ടിരി ദേശത്ത് പുതുപ്പള്ളി കേശവന്, ഒറ്റപ്പാലം ദേശത്ത് എറണാകുളം ശിവകുമാര്‍ എന്നീ ആനകള്‍ പടിഞ്ഞാറന്ചേരിയില് തിടമ്പേറ്റി. കിഴക്കന്‍ചേരിയില്‍ ഉള്‍പ്പെടുന്ന തെക്കുംമംഗലം ദേശത്തിന് കുട്ടന്‍കുളങ്ങര അര്‍ജ്ജുനനും വടക്കുംമംഗലം ദേശത്തിന് മംഗലാംകുന്ന് അയ്യപ്പനും തിടമ്പേറ്റി. എഴുന്നള്ളിപ്പ്അവസാനിച്ചതോടെ പകല്‍പൂരത്തിന് സമാപനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: