പാലക്കാട്: മലമ്പുഴ അണക്കെട്ടിനകത്ത് മേയാന്‍ വിടുന്ന പോത്തുകളെ പിടിച്ചുകെട്ടി ലേലം ചെയ്തു വില്‍ക്കാനുള്ള ജലസേചന വകുപ്പിന്റെ നീക്കം പൊളിഞ്ഞു.
ഇറച്ചിക്കായി ആയിരത്തോളം പോത്തുകളെയാണ് ഡാമിനകത്ത് അനധികൃതമായി വളര്‍ത്തുന്നത്. സംഭവമറിഞ്ഞ് ജില്ലാ കലക്ടര്‍ സ്ഥലം സന്ദര്‍ശിക്കുകയും ജലസേചനവകുപ്പ് എക്സിക്യൂട്ടിവ് എഞ്ചിനിയറോട് ഇവയെ ഇവിടെ നിന്നും നീക്കം ചെയ്യുവാന്‍ ആവശ്യപ്പെട്ടിരുന്നു.
തമിഴ്നാട്ടില്‍ നിന്നും ലോറിയില്‍ കൊണ്ടുവരുന്ന പോത്തുകളെ മാഫിയകള്‍ ഡാമിനുസമീപം അഴിച്ചുവിടും. തുടര്‍ന്ന് മാസങ്ങള്‍ക്ക് ശേഷം ഇവയെ ഇറച്ചിക്കായി കൊണ്ടുപോവുകയാണ് പതിവ്. ആഴ്ച്ചകള്‍ക്ക് മുമ്പ് ഇവിടെ ഉണ്ടായിരുന്ന 12 പോത്തുകള്‍ ‘ക്ഷണം കിട്ടാതെയും,കടുത്ത ചൂടിലും ചത്തിരുന്നു.ഈ പോത്തുകളെ ഡാമിനകത്തു തന്നെ കുഴിച്ചിട്ടത് വിവാദമായിരുന്നു.
ഇതേ തുടര്‍ന്നാണ് രണ്ടു ദിവസത്തിനകം ഡാമിനകത്തു മേയാന്‍ വിടുന്ന മുഴുവന്‍ പോത്തുകളെയും പിടിച്ചു കെട്ടി ലേലം ചെയ്യുമെന്ന് ജലസേചന വകുപ്പ് അറിയിച്ചത്. എന്നാല്‍ രണ്ടാഴ്ചയായിട്ടും പോത്തു പിടിത്തം നടന്നിട്ടില്ല.
കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കെ പോത്തുകള്‍ ഇപ്പോഴും അണക്കെട്ടിനകത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. മഴക്കാലം തുടങ്ങിവെള്ളം നിറയുന്നതു വരെയും പോത്തുകള്‍ ഡാമിനകത്തു തന്നെയാണ് തീറ്റയും,കിടപ്പും.ജില്ലാ കലക്ടറുടെ വാക്കാല്‍ ഉത്തരവിന് ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ പുല്ലുവിലയാണ് കല്പ്പിച്ചിരിക്കുന്നത്.
എന്നാല്‍ ഡാമിനകത്തു പ്രവേശിക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുക്കുമെന്ന് പറഞ്ഞിട്ടും ആളുകള്‍ അണക്കെട്ടിലിറങ്ങുകയും മണലെടുക്കുകയും ചെയ്യുന്നുണ്ട്.ഡാമിനകത്തു കൂടി ജീപ്പുകള്‍ക്കും ,ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: