മണ്ണാര്‍ക്കാട്: കനത്ത ചൂടിനെ അവഗണിച്ച് വള്ളുവനാടിന്റെ പ്രശസ്തമായ പൂരത്തോടനുബന്ധിച്ചുള്ള വലിയാറാട്ടിന് കുന്തിപ്പുഴ തീരത്തെത്തിയത് ആയിരങ്ങള്‍.
അരകുര്‍ശി ഉദയാര്കുന്ന ഭഗവതി ക്ഷേത്രത്തിലെ ഏഴാം പൂരമാണ് ഇന്നലെ ആഘോഷിച്ചത്.തന്ത്രി പന്തലക്കോടത്ത് ശങ്കരനാരായണന് നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ വിശേഷാല്‍ പൂജകളും, കഞ്ഞിപ്പാര്‍ച്ചയും നടന്നു.
മേല്‍ശാന്തി ശ്രീകുമാര്‍, കമ്മറ്റി ഭാരവാഹികളായ എം.പുരുഷോത്തമന്, കെ.സി.സച്ചിദാനന്ദന്, ട്രസ്റ്റി കെ.എം.ബാലചന്ദ്രനുണ്ണി എന്നിവര്‍ നേതൃത്വം നല്കി.
രാവിലെ ആറാട്ടെഴുന്നള്ളിപ്പോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. പൂരപ്രേമികളെ കോള്മയിര് കൊള്ളിച്ച് പഞ്ചവാദ്യം,കുന്തിപ്പുഴതീരത്ത് കഞ്ഞിപ്പാര്‍ച്ച, മേളത്തിനും നാദസ്വരത്തിനും ശേഷം ഓട്ടന്തുള്ളല്, കല്ലൂര്‍ രാമന് കുട്ടിമാരാര്‍, പോരൂര്‍ ഉണ്ണികൃഷ്ണന് മാരാര്‍ എന്നിവരുടെ ഡബിള്‍ തായമ്പക, തുടര്‍ന്ന് ആറാട്ട് എഴുന്നള്ളിപ്പ്,പഞ്ചാരിമേളം,നാടന്‍ പാട്ട് എന്നിവ നടന്നു.
സ്ത്രീ-പുരുഷ ഭേദമന്യേ ആയിരങ്ങളാണ് പൂരത്തിനെത്തിയത്. കുന്തിപ്പുഴയുടെ തീരത്ത് പടിഞ്ഞാറ് ഭാഗത്ത് നോക്കി ദര്ശനമരുളന്ന ഉദയാര്‍ക്കുന്ന് കാവിലമ്മയെ ദര്‍ശിക്കുവാന്‍ ആയിരക്കണക്കിന് ഭക്തജനങ്ങള്‍ വലിയാറാട്ട് ദിവസമായ ഇന്നലെ മണ്ണാര്‍ക്കാട് എത്തിയിരുന്നു
ചെട്ടിവേലദിവസമായ ഇന്ന് സ്ഥാനീയ ചെയട്ടിയാന്മാരെ ആനയിക്കല്‍ ചടങ്ങ് നടക്കും. തുടര്‍ന്ന് വിവിധ ദേശവേലകള്‍, ഘോഷയാത്ര,ആറാട്ട് കൊടിയിറക്കം എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: