വെങ്കിടങ്ങ്: പഞ്ചായത്തിലെ വര്‍ക്കിങ് ഗ്രൂപ്പ് യോഗത്തില്‍ സംഘര്‍ഷം. സിപിഎം അനുഭാവികളെ മാത്രമാണ് വര്‍ക്കിങ് ഗ്രൂപ്പില്‍ ഉള്പ്പെടുത്തിയതെന്നാരോപിച്ച് ബിജെപി പ്രതിനിധികളാണ് പ്രതിഷേധിച്ചത്. അസിസ്റ്റന്റ് പ്ലാന്‍ കോഓര്‍ഡിനേറ്റര്‍ക്കെതിരെയും ആരോപണങ്ങള്‍ ഉന്നയിച്ചു.
അസിസ്റ്റന്റ് പ്ലാന്‍ ഓര്‍ഡിനേറ്റര്‍ അബ്ദുള്‍ റസാഖ് സംസാരിക്കുമ്പോഴാണ് ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി ഷൈജന്‍ നമ്പനത്തിന്റെ നേതൃത്വത്തില്‍ ബിജെപി പ്രതിനിധികള്‍ പ്രതിഷേധവുമായി എഴുന്നേറ്റത്. പഞ്ചായത്തില്‍ ജൂനിയര്‍ സൂപ്രണ്ടിന്റെ ഉദ്യോഗസ്ഥ ഭരണമാണ് നടക്കുന്നതെന്ന് ബി.ജെ.പി ആരോപിച്ചു. സെക്രട്ടറിയെ നിര്‍ബന്ധിച്ച് അവധിയെടുപ്പിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. വര്‍ക്കിങ് ഗ്രൂപ്പില്‍ സി.പി.എം നേതാക്കളെ കുത്തിനിറച്ചിരിക്കുകയാണെന്നും ആരോപിച്ചു.
ബിജെപി പ്രതിഷേധം തുടങ്ങിയപ്പോള്‍ സിപിഎം നേതാക്കളും എഴുന്നേറ്റു. കയ്യാങ്കളിയിലേക്ക് കാര്യങ്ങള്‍ നീങ്ങിയതോടെ മുതിര്‍ന്ന അംഗങ്ങള്‍ ചേര്‍ന്ന് പ്രശ്നം ശാന്തമാക്കി. തുടര്‍ന്ന് ബിജെപി അംഗങ്ങള്‍ യോഗം ബഹിഷ്കരിച്ചു. ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സന്തോഷ് ചീരോത്ത്, സെക്രട്ടറി ശിവദാസന്‍ കുണ്ടു, കര്‍ഷക മോര്‍ച്ച സംസ്ഥാന സമിതി അംഗം പ്രേമന് നമ്പിയത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ബഹിഷ്കരണം നടത്തിയത്. പഞ്ചായത്ത് അധികൃതര്‍ അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: