മലപ്പുറം: വന്യമൃഗശല്ല്യം രൂക്ഷമായ മലയോരമേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമേകാന്‍ സംവിധാനമില്ലാതെ അധികൃതര്‍ ഇരുട്ടില്‍ തപ്പുന്നു.
പ്രതിഷേധവുമായി കര്‍ഷകര്‍ ഉള്‍പ്പെടെ രംഗത്തുവരുകയും ചെയ്ത സാഹചര്യത്തില്‍ എതിര്‍പ്പിന്റെ മുനയൊടിക്കാന്‍ വനജാഗ്രതാ സമിതിയെന്ന പുതിയ തന്ത്രവുമായി വനംവകുപ്പ് രംഗത്തെത്തിയിട്ടുണ്ട്
മലയോര മേഖലയില്‍ വ്യാപക കൃഷിനാശം വരുത്തുന്നത് കാട്ടാനകളേക്കാള്‍ കൂടുതല്‍ കാട്ടുപന്നികളും കുരങ്ങുകളുമാണ്. അഞ്ചു വര്‍ഷത്തിനിടയില്‍ ഇവയ്ക്കുണ്ടായ വംശവര്‍ധന സംബന്ധിച്ച് വനം വകുപ്പിന്റെ പക്കല്‍ യാതൊരു കണക്കുമില്ല. കുരങ്ങുകളില്‍ ജനന നിയന്ത്രണത്തിനു നടപടിയെടുക്കാമെന്നാണ് പുതിയ നിര്‍ദേശം. ഇതു എന്നു നടപ്പാകുമെന്ന് വനംവകുപ്പിനു തന്നെ പറയാന്‍ കഴിയില്ല. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കാട്ടുപന്നികളെ വെടിവെക്കാന്‍ ഉപാധികളോടെ കൊണ്ടുവന്ന നിയമം അതിലെ നിബന്ധനമൂലം കര്‍ഷകര്‍ക്ക് ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കിയത്.
കുരങ്ങിന്റെ ജനനനിയന്ത്രണവും ഇത്തരത്തില്‍ ആകാനാണ് സാധ്യതയുള്ളത്. വന്യമൃഗശല്യം ഏറ്റവും കൂടുതലായ നിലമ്പൂര്‍ മേഖലയില്‍ പ്രതിരോധ പ്രവര്‍ത്തനത്തിനു ആവശ്യമായ ഫണ്ട് നീക്കിവെക്കാന്പോലും വനംവകുപ്പ് തയാറാകുന്നില്ല. കിഫ്ബിയില്‍ നൂറുകോടി രൂപ വന്യമൃഗ പ്രതിരോധത്തിനു നീക്കിവച്ചപ്പോള്‍ നിലമ്പൂര്‍ മേഖലയ്ക്ക് ആകെ ലഭിച്ചത് സൗത്ത് ഡിവിഷനില്‍ ഒന്നര കിലോമീറ്റര്‍ സോളാര്‍ വേലി മാത്രമാണ്.
വന്യമൃഗശല്യം രൂക്ഷമായ മേഖലകളില്‍ വനംവകുപ്പിന്റെ താത്കാലിക ഔട്ട് പോസ്റ്റുകള്‍ സ്ഥാപിക്കുകയും പ്രദേശവാസികളായ വാച്ചര്‍മാരെ ഉള്‍പ്പെടുത്തി വന്യമൃഗങ്ങളെ കാട്ടിലേക്കുതന്നെ തിരിച്ചയക്കുന്നതിനുള്ള നടപടികളാണ് അടിയന്തരമായി ഉണ്ടാകേണ്ടത്.
റേഞ്ച് ഓഫീസര്‍ കണ്‍വീനറും പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനുമായ ജനജാഗ്രതാ സമിതികളാണ് രൂപീകരിക്കുക. ജനപ്രതിനിധികളെ കൂടുതലായി ഉള്‍പ്പെടുത്തുന്ന സമിതിയില്‍ കര്‍ഷകരുടെ എണ്ണം നാമമാത്രമാണ്. വന്യമൃഗശല്യം ദിവസേന എന്ന പോലെ കൃഷിയിടത്തില്‍ ഉണ്ടാകുമ്പോള്‍ ഒരു വര്‍ഷത്തില്‍ നാലുപ്രാവശ്യം മാത്രമാണ് കര്‍ഷകനു നഷ്ടപരിഹാരത്തിനു അപേക്ഷ നല്കാന് കഴിയുക. കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ വന്യമൃഗങ്ങള്‍ നാശംവിതക്കുമ്പോള്‍ അതതു പ്രദേശത്തെ വനപാലകര്‍ നേരിട്ടെത്തി 24 മണിക്കൂറിനുള്ളില്‍ നഷ്ടം തിട്ടപ്പെടുത്താനും ഒരു മാസത്തിനുള്ളില്‍ നഷ്ടപരിഹാരത്തുക നല്‍കാനുമാണ് നടപടി ഉണ്ടാകേണ്ടത്. കാര്‍ഷിക വിളകള്‍ക്ക് കുറഞ്ഞ നിരക്കിലാണ് വനംവകുപ്പ് നഷ്ടപരിഹാരത്തുക നിര്‍ണയിക്കുന്നത്.
മലയോര മേഖലയിലെ വന്യമൃഗശല്യം തടയാന്‍ ഫലപ്രദമായ നടപടികളാണ് സ്വീകരിക്കേണ്ടത്. വൈദ്യുതി വേലികളും ട്രഞ്ചുകളും മതിലുകളുമില്ലാത്ത ഭാഗങ്ങളില്‍ അടിയന്തരമായി ഇവ നിര്‍മിക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാകണം. ജനജാഗ്രതാ സമിതിയിലെ ഭൂരിഭാഗം അംഗങ്ങളും കര്‍ഷകരല്ലാത്തതിനാല്‍ രാത്രികാലങ്ങളില്‍ കൃഷിയിടങ്ങളിലിറങ്ങുന്ന വന്യമൃഗങ്ങള്‍ വരുത്തുന്ന നാശനഷ്ടം അടുത്ത ദിവസം കാണാന്‍ മാത്രമേ കഴിയൂ. വന്യമൃഗശല്യം രൂക്ഷമായ പഞ്ചായത്തുകള്‍ക്ക് ഓരോ വര്‍ഷവും ഇതിനുമാത്രമായി പ്രത്യേക ഫണ്ടുകള്‍ നല്‍കണം.
കാട്ടിനുള്ളില്‍തന്നെ വന്യമൃഗങ്ങളെ നിലനിര്‍ത്തുന്നതിനായി കഴിഞ്ഞ കാലങ്ങളില്‍ ലക്ഷങ്ങള്‍ മുടക്കി വനത്തിനുള്ളില്‍ നിര്‍മിച്ച കുളങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ സംബന്ധിച്ച് പോലീസ് വിജിലന്‍സ് അന്വേഷണവും അനിവാര്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: