കക്കൂസ് മാലിന്യം കുതിരപ്പുഴയില്‍ തള്ളിയ സംഭവം; അഞ്ചുപേര്‍ അറസ്റ്റില്നിലമ്പൂര്: ജില്ലാ ആശുപത്രിയിലെ കക്കൂസ് മാലിന്യം പുഴയില്‍ തള്ളിയ കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. വാഹന ഡ്രൈവര്‍ ആലപ്പുഴ ചേര്‍ത്തല സ്വദേശി മൂര്‍ഖന്‍ പറമ്പ് വെളി പ്രശാന്ത്(27), കോട്ടയം ജില്ലയിലെ വൈക്കം കൊടവച്ചൂര്‍ സ്വദേശി ഗിരിലാല്‍ ഭവനില്‍ ഗിരിലാല്‍(30), ളായിക്കാട് പെരുന്ന ചങ്ങനാശ്ശേരി സ്വദേശി പൂപ്പുറത്ത് ആന്റണി ബാബു എന്നിവരെ അറസ്റ്റ് ചെയ്തത്. മാലിന്യം നീക്കാന്‍ കരാറെടുത്ത ചേര്‍ത്തല മാടായിത്തറ കൊച്ചുവേളി അരുണ്‍, തണ്ണീര്‍മുക്കം കളത്തില്‍ പ്രജിഷ് എന്നിവരെ തിങ്കളാഴ്ച കോടതില്‍ ഹാജരാക്കി റിമാന്റ് ചെയ്തിരുന്നു.
ഞായറാഴ്ച്ച വടപുറം പാലത്തിനു സമീപം കുതിരപ്പുഴയില്‍ ജില്ലാ ആശുപത്രിയില്‍ നിന്നുള്ള മാലിന്യം തട്ടുന്നതിനിടയിലാണ് ഇവര്‍ ഉപയോഗിച്ചിരുന്ന ടാങ്കര്‍ ലോറി അപടകത്തില്‍പ്പെട്ടത്. മാലിന്യം തള്ളുന്നതിനിടെ നാട്ടുകാര്‍ സംഭവമറിഞ്ഞെത്തിയതോടെ ലോറി പെട്ടെന്ന് തിരിച്ചു വിടാന്‍ നടത്തിയ ശ്രമത്തിനിടയില്‍ നിയന്ത്രണം വിട്ട് 30 അടിയോളം താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. ജില്ലാ ആശുപത്രിയിലെ പുതിയ കെട്ടിടം നിര്‍മാണത്തിനായി സെപ്റ്റിക് ടാങ്കുകള്‍ പൊളിച്ചു നീക്കേണ്ടതുണ്ട് ഇതിന്റെ ഭാഗമായാണ് നിര്‍മാണം ഏറ്റെടുത്തിട്ടുള്ള ബിഎസ്എന്‍എല്‍ കക്കൂസ് മാലിന്യം നീക്കം ചെയ്യാനായി കരാറുകാരെ ഏല്‍പ്പിച്ചത്. മാലിന്യങ്ങള്‍ സുരക്ഷിതമായി സംസ്കരിക്കണമെന്ന് കരാറിലുണ്ടെങ്കിലും ജോലി എളുപ്പമാക്കാനാണ് ഇവര്‍ മാലിന്യം പുഴയില്‍ നിക്ഷേപിച്ചത്. രണ്ടാമത്തെ ലോഡ് തട്ടുന്നതിനിടയിലാണ് നാട്ടുകാര്‍ വിവരമറിഞ്ഞെത്തിയത്.
അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രശാന്ത്, ഗിരിലാല്‍, ആന്റണി ബാബു എന്നിവരെ തിങ്കളാഴ്ച ഡിസ്ചാര്‍ജ്ജ് ചെയതപ്പോഴാണ് അറസ്റ്റ് നടന്നത്. പ്രതികളെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: