കൊല്ലങ്കോട് : മുതലമട, കൊല്ലങ്കോട്, വടവന്നൂര്‍, എലവഞ്ചേരി എന്നീ പഞ്ചായത്തുകളിലേക്ക് മുഖ്യ കുടിവെള്ള വിതരണ കേന്ദ്രമായ മീങ്കര ഡാമിലേക്ക് പറമ്പിക്കുളം വെള്ളം ഇന്നലെ മുതല്‍ എത്തിത്തുടങ്ങി.
കുടിവെള്ള പദ്ധതി പ്രദേശമായ മീങ്കര ഡാമിലെ ജലദൗര്‍ലഭ്യം പരിഹാരമായി പറമ്പിക്കുളം വെള്ളം മീങ്കര ഡാമിലേക്ക് എത്തിക്കണമെന്ന് ജന പ്രതിനിധികള്‍ ആവശ്യപ്പെട്ടിരുന്നു. ഇന്നലെ മുതല്‍ കമ്പാലത്തറ ഏരിയില്‍ നിന്നും കന്നിമാരി നന്നിയോട് കനാല്‍ വഴി മീങ്കര ഡാമിലേക്ക് വെള്ളം ഒഴുക്കി തുടങ്ങി.
ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ രണ്ടു ദിവസമായി മഴ ലഭിച്ചെങ്കിലും മീങ്കര ഡാം പദ്ധതി പ്രദേശത്തോ സമീപത്തോ മഴ ലഭിച്ചില്ല. പറമ്പിക്കുളം ആളിയാര്‍ വെള്ളം മൂലത്തറ റഗുലേറ്ററിലെത്തിയ ശേഷം ചിറ്റൂര്‍ പുഴയിലേക്കോ ചിറ്റൂര്‍ മേഖലയിലേക്കോ അധികമായി ഒഴുക്കിവിടാതെ മീങ്കര ഡാമിലേക്ക് വെള്ളം എത്തിക്കാനുള്ള നടപടി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
കടുത്ത കുടിവെള്ളക്ഷാമം നേരിടുന്ന കൊല്ലങ്കോട്, വടവന്നൂര്‍, എലവഞ്ചേരി, മുതലമട. പല്ലശ്ശന പഞ്ചായത്തുകളിലെ കിണറുകള്‍, കുഴല്‍ക്കിണറുകള്‍, കുളങ്ങള്‍, തോടുകള്‍ എന്നിവയും ഗായത്രി പുഴയും, ഇക്കുറി വറ്റിവരണ്ടതോടെ കടുത്ത ജലക്ഷാമമാണ് ഇവിടെ അനുഭവപ്പെടുന്നത്. അതിനാല്‍ മീങ്കര ഡാം നിറഞ്ഞാല്‍ മാത്രമേ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാവു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: