മംഗലംഡാം: കടപ്പാറ മൂര്‍ത്തിക്കുന്നില്‍ ആദിവാസികള്‍ക്ക് വനഭൂമി പതിച്ചുനല്‍കുമെന്ന വാഗ്ദാനത്തില്‍ നിന്നും ഇടതുസര്‍ക്കാര്‍ പിന്‍വലിയുന്നു.ഇവര്‍ ശക്തമായ പ്രക്ഷോഭം നടത്തുന്നതിനിടെയാണ് മന്ത്രി ബാലന് ഇടപെട്ട് ഭൂമി നല്‍കാമെന്ന് വാഗ്ദാനം ചെയ്തത്.
എന്നാല്‍ വനംവകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്ത് ഭൂമി നല്കാന് തയ്യാറല്ലെന്ന നിലപാടാണ് സിപിഐയുടെ കീഴിലുള്ള വനംവകുപ്പ് മന്ത്രി കൈക്കൊണ്ടത്. ഇതിനെതുടര്‍ന്ന് ഇരുപാര്‍ട്ടികളും മന്ത്രിമാരും കൊമ്പുകോര്ക്കുകയുമുണ്ടായി.എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പ് മന്ത്രി നല്കിയ ഉറപ്പില്‍ നിന്നും പിന്‍വലിയുന്നതോടെ ശക്തമായ സമരവുമായി മുന്നോട്ടുപോവാനാണ് ആദിവാസികളുടെ തീരുമാനം. ഇതിന്റെ ഭാഗമായി 11ന് വിശദീകരണയോഗം നടത്തും.
2016 ജനുവരി മുതലാണ് സമരം തുടങ്ങിയത്. മൂര്‍ത്തിക്കുന്നില്‍ പുറമ്പോക്ക് ഭൂമിയില്‍പ്പെട്ട 40 സെന്റ് കല്ലിടുക്കില്‍ ദുരിതജീവിതം സഹിച്ചുമടുത്താണ് ആദിവാസികള്‍ ഭൂമിക്കായി സമരംതുടങ്ങിയത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തിലായിരുന്നു സമരം.
മംഗലംഡാം നിര്‍മ്മാണത്തിനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് കുടിയൊഴിക്കപ്പെട്ടവരാണ് കടപ്പാറ മൂര്‍ത്തിക്കുന്നിലെ ആദിവാസികള്‍. ദശാബ്ദങ്ങള്‍ക്ക് മുമ്പ് അട്ടവടി എന്ന വനത്തില്‍ കൃഷിചെയ്ത് ജീവിച്ചവരായിരുന്നു ഇവരുടെ പഴയതലമുറ. എന്നാല്‍ ഡാം നിര്‍മ്മാണവേളയില്‍ കുടിയൊഴിക്കപ്പെട്ട ഇവരെ മാറ്റിപ്പാര്‍പ്പിച്ചത് പാറക്കെട്ടുകള്‍ നിറഞ്ഞ സ്ഥലത്തായിരുന്നു.എന്നാലിവിടെ ഉരുള്‍പൊട്ടല്‍ തുടര്‍കഥയായതോടെ ഇവരുടെ ജീവിതം ദുസ്സഹമായി. ഇതേതുടര്‍ന്നാണ് ഇവരെ മൂര്‍ത്തിക്കുന്നിലെ കടപ്പാറ എന്ന സ്ഥലത്തേക്ക് മാറ്റിയത്.
എന്നാല്‍ സ്ഥലത്തിന്റെ ഉടമസ്ഥാവകാശമൊന്നും ഇവര്‍ക്കില്ല. ഇരുപതോളം കുടുംബങ്ങള്‍ താമസിക്കുന്നിവിടെ യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല. മരിച്ചാല്‍ മറവുചെയ്യാന്‍പോലും സ്ഥലമില്ല.
ഇതേ തുടര്‍ന്നാണ് മൂര്‍ത്തിക്കുന്ന് മേഖലയിലെ രണ്ടേക്കറോളം വനഭൂമിയില്പന്തല് കെട്ടി താമസിച്ചുള്ള സമരം ആരംഭിച്ചത് ഇതിനിടെ കളക്ടറുടെ നേതൃത്വത്തില്‍ വനംറവന്യൂപട്ടികവര്ഗ വകുപ്പുകള്‍ ചേര്‍ന്ന്നടത്തിയ യോഗത്തില്‍ മൂര്‍ത്തിക്കുന്നില്‍ 14.67 ഏക്കര്‍ വനഭൂമി കോളനിയിലെ 22 കുടുംബങ്ങള്‍ക്കായി ഭാഗിച്ചുനല്‍കാന്‍ തീരുമാനമെടുത്തിരുന്നു. ഭൂമിയുടെ കൈവശാവകാശരേഖ നല്‍കാനുള്ള ഘട്ടമെത്തിയപ്പോള്‍ വനംവകുപ്പ് നിലപാട് മാറ്റിയതോടെ ഭൂമി പതിച്ചുനല്‍കല്‍ മുടങ്ങി.
ഇതേ തുടര്‍ന്ന് മേലാര്‍കോട് പഞ്ചായത്തില്‍ 16 ഏക്കര്‍ സ്ഥലം ഇതിനായി കണ്ടെത്തി.എന്നാല്‍, ഈ നിര്‍ദേശം സ്വീകരിക്കാന്‍ ആദിവാസികള്‍ തയ്യാറായില്ല. മേലാര്‍കോട്ടുള്ള 16 ഏക്കര്‍ സ്ഥലം താമസയോഗ്യമല്ലെന്ന് റവന്യൂ അധികൃതര്‍തന്നെ സമ്മതിക്കുന്നുണ്ട്.ഈ സാഹചര്യത്തിലാണ് ആദിവാസികള്‍ സമരം ശക്തമാക്കാനുള്ള തീരുമാനമെടുത്തിട്ടുള്ളത്.
തങ്ങള്‍ക്ക് നല്‍കാമെന്ന് ആദ്യം സമ്മതിച്ച മൂര്‍ത്തിക്കുന്നിലെ 14.67 ഏക്കര്‍ ഭൂമി മുഴുവനായും വെട്ടിത്തെളിച്ച് കുടിലുകള്‍ കെട്ടി താമസിക്കാനാണ് ആദിവാസികളുടെ നീക്കമെന്നാണ് സൂചന.വനം കൈയേറിയാല്‍ നടപടിയെടുക്കുമെന്ന് വനംവകുപ്പ് പറയുന്നുമുണ്ട്.11ന് നടക്കുന്ന യോഗത്തില്‍ പിയുസിഎല്‍ സംസ്ഥാനസെക്രട്ടറി പി.എ.പൗരന് പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: