നിലമ്പൂര്‍: വടപുറം കുതിരപ്പുഴയില്‍ ഒഴുക്കാന്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ കക്കൂസ് മാലിന്യവുമായെത്തിയ ലോറി മറിഞ്ഞു. വടപുറം പാലത്തിന് സമീപം കെജിഎന്‍ റോഡില്‍ നിന്ന് 30 അടി താഴ്ച്ചയിലേക്കാണ് ലോറി മറിഞ്ഞത്. ഇന്നലെ പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. രണ്ട് ലോഡ് മാലിന്യം പുഴയിലേക്ക് പമ്പ് ചെയ്ത് കഴിഞ്ഞതിന് ശേഷം മൂന്നാമത്തെ ലോഡുമായി വരുമ്പോഴായിരുന്നു അപകടം. വാഹനം തടയാന്‍ പാലത്തില്‍ നാട്ടുകാര്‍ സംഘടിച്ച് നിന്നതിനാല്‍ അമിതവേഗത്തില്‍ മുന്നോട്ടെടുത്തപ്പോള്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഡ്രൈവര്‍ ആലപ്പുഴ സ്വദേശി മുക്കുവന്പറമ്പില് പ്രശാന്ത്(27) കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇയാള്‍ക്കെതിരെ നിലമ്പൂര്‍ പോലീസ് കേസെടുത്തു.
നഗരസഭയുടെ മൂന്ന് ശുദ്ധജല പദ്ധതികള്‍ സ്ഥിതി ചെയ്യുന്ന പുഴയാണിത്. മമ്പാട് പഞ്ചായത്ത് നിര്‍മ്മിച്ച തടയണകളും ഇതില്‍ തന്നെയാണ്. കെഎല്‍ 12 കെ 628 എന്ന ലോറിയുടെ നമ്പര്‍ വ്യാജമാണോയെന്നും സംശയമുണ്ട്. സംഭവം വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായി. നാട്ടുകാര്‍ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു. എന്നാല്‍ ആശുപത്രിയിലെ മാലിന്യം നീക്കംചെയ്യാന്‍ ആരെയും ഏല്‍പ്പിച്ചിട്ടില്ലെന്നും മാലിന്യം തങ്ങളുടേതല്ലെന്നുമാണ് അധികൃതരുടെ വാദം.
മമ്പാട് പഞ്ചായത്തും നിലമ്പൂര്‍ നഗരസഭയും രൂക്ഷമായ കുടിവെള്ള പ്രശ്നം നേരിടുകയാണ്. ഏക ആശ്രയമായ കുതിരപ്പുഴയില്‍ കക്കൂസ് മാലിന്യം കലര്‍ന്നതോടെ ആയിരക്കണക്കിന് ആളുകളുടെ കുടിവെള്ളമാണ് മുട്ടിയത്. പരിക്കേറ്റ ഡ്രൈവറെ ആദ്യം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. എന്നാല്‍ പ്രതിഷേധം ശക്തമായതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇതിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: