കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ തായത്തെരു റെയില്‍വേ ഗേറ്റിന് സമീപം ഇന്നലെ വൈകുന്നേരം നാലു മണിയോടെ പുലിയിറങ്ങുകയും പുലിയുടെ ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതതോടെ ജനം മണിക്കൂറുകളോളം ആശങ്കയുടെ മുള്‍മുനയിലായി. തായത്തെരു, കസാനക്കോട്ട മേഖലയിലെ വീടുകളില്‍ നിന്നെല്ലാം ജനം കൂട്ടത്തോടെ സ്ഥലം വിട്ടു. സുരക്ഷ കുറഞ്ഞ വീടുകളില്‍ നിന്നും മറ്റും കുട്ടികളേയും പ്രായമായവരേയും മാറ്റി പ്പാര്‍പ്പിച്ചു. പുലിയെ കാണാന്‍ ജനം ഒഴുകിയെത്തിത്തുടങ്ങിയതോടെ ജില്ലാ കലക്ടര്‍ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു. മണിക്കൂറുകളോളം പുലി പതുങ്ങിയിരുന്ന സ്ഥലത്തെ ഉയര്‍ന്ന കെട്ടിടങ്ങളിലെല്ലാം ജനം തടിച്ചുകൂടി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുളള ഫോറസ്റ്റ് ഉദ്യോഗസ്ഥരെ ഡിഎഫ്ഒ കണ്ണൂരിലേക്ക് വിളിപ്പിച്ചു. കൂടാതെ കൂടുതല്‍ പോലീസിനേയും സ്ഥലത്തെത്തിച്ചിരുന്നു. സന്ധ്യ മയങ്ങിയതോടെ പുലിയെ കീഴ്‌പ്പെടുത്തുക ശ്രമകരമായി. വെളിച്ചമില്ലാത്തതു കാരണം ഏറെനേരം ബുദ്ധിമുട്ടി. തുടര്‍ന്ന് ജില്ലാ കലക്ടറുടെ നിര്‍ദ്ദേശപ്രകാരം വെളിച്ചം സ്ഥാപിക്കാനുളള പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയ ശേഷം വലയിട്ട് പിടികൂടാനുളള ശ്രമം ആരംഭിക്കുകയായിരുന്നു.
പുലിയുടെ അക്രമത്തില്‍ ഒരു ഇതരസ്ഥാന തൊഴിലാളി അടക്കം അഞ്ചുപേര്‍ക്ക് പേര്‍ക്ക് പരുക്കേറ്റു. കസാനക്കോട്ടയിലെ കുഞ്ഞന്‍ എന്ന ജഗദീഷ്(38), അന്‍സീര്‍(20), ഒറീസ സ്വദേശി മനാഫ്(35), തായത്തെരുവിലെ മെഹറുവ വീട്ടില്‍ ലവീദ്(42), വനം വകുപ്പിലെ താല്‍ക്കാലിക ജീവനക്കാരന്‍ മുഫീദ്(32) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം. തായത്തെരു റെയില്‍വേ പാളത്തിനു സമീപത്തെ കുറ്റിക്കാട്ടിലാണ് പുലിയെ ആദ്യം കണ്ടത്. ജോലിക്കിടെയാണ് ജഗദീഷിനെ പുലി ആക്രമിച്ചത്. ഇയാളെ ആക്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സമീപവാസികള്‍ ബഹളം വെച്ചതോടെ പുലി ഇവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. വീട്ടുപരിസരത്തു വെച്ചാണ് അന്‍സീറിനെ ആക്രമിച്ചത്. വീടിന് മുന്നില്‍ നിന്ന് കാറ് കഴുകുന്നതിനിടെ സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് ഓടിയെത്തിയ പുലി വ്യാപാരിയായ ലവീദിനെ അക്രമിക്കുകയായിരുന്നു. പിന്നിട് വൈകിട്ട് അഞ്ചരയോടെ വനപാലകര്‍ പുലിയുടെ സാന്നിധ്യം ഉറപ്പാക്കാന്‍ കുറ്റിക്കാട്ടിന് സമീപമെത്തിയപ്പോഴാണ് താല്‍ക്കാലിക ജീവനക്കാരന്‍ പറശ്ശിനിക്കടവ് സ്വദേശി മുഫീദിന് പരുക്കേറ്റത്. സംഭവം അറിഞ്ഞതോടെ വിവിധ സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ പ്രദേശത്ത് തടിച്ചു കൂടി. തുടര്‍ന്ന് ജില്ലാ കലക്ടറും ജില്ലാ പോലീസ് മേധാവിയുമടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് വൈകിട്ട് ആറു മണിയോടെ ജില്ലാ കലക്ടര്‍ തായത്തെരു, കസാനക്കോട്ട മേഖലകളില്‍ നിരോധനാജ്ഞയും പ്രഖ്യാപിക്കുകയായിരുന്നു. ഏഴു മണിക്കൂര്‍ നേരത്തെ ആശങ്കകള്‍ക്കൊടുവില്‍ രാത്രി 10.45 ഓടെ മയക്കുവെടിവെച്ച് പുലിയെ കീഴ്‌പ്പെടുത്തിയതിന് ശേഷം മാത്രമാണ് പ്രദേശവാസികളുടെ ഭയം വിട്ടകന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക