മലപ്പുറം: ജില്ലയിലെ ഭൂരിഭാഗം ജലസ്രോതസ്സുകളും വറ്റിവരണ്ടു. മഴ പെയ്തില്ലെങ്കില്‍ ദിവസങ്ങള്‍ക്കുള്ള ജലലഭ്യത പൂര്‍ണ്ണമായും നിലക്കുമെന്ന് വിലയിരുത്തല്‍. കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് അടിയന്തര- ഹ്രസ്വ- ദീര്‍ഘകാല പദ്ധതികളടങ്ങിയ സമഗ്ര മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതായി ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു.
ക്വാറികളിലെ ജലം ഉപയോഗപ്പെടുത്തുന്നത് ഉള്‍പ്പെടെ ബദല്‍ ജലസ്രോതസ്സുകള്‍ കണ്ടെത്തുന്നതിന് മുന്‍ഗണന നല്‍കും. പി.വി.അബ്ദുല്‍ വഹാബ് എംപിയുടെ സാന്നിധ്യത്തില്‍ കോഴിക്കോട്ടെ സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡവലപ്പ്മെന്റ് ആന്‍ഡ് മാനേജ്മെന്റിലെ ശാസ്ത്രജ്ഞരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു കലക്ടര്‍.
ജില്ലയിലെ ക്വാറികളില്‍ കെട്ടിനില്‍ക്കുന്ന വെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കുന്നതിന് സമഗ്ര പദ്ധതി ആവിഷ്ക്കരിക്കും. ഇതിന്റെ ഭാഗമായി പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ മൈലാടി, ഊരകം പഞ്ചായത്തിലെ കിളിനക്കോട്, മലപ്പുറം നഗരസഭയിലെ മേല്‍മുറി എന്നീ മൂന്നു ക്വാറികളിലെ ജലം സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡവലപ്മെന്റ് ആന്‍ഡ് മാനെജ്മെന്റിലെ ശാസ്ത്രജ്ഞര്‍ പ്രാഥമിക പരിശോധന നടത്തി. ആദ്യഘട്ടമായി പൂക്കോട്ടൂരിലെ മൈലാടി ക്വാറിയിലെ ജലം പ്രഷര്‍ ഫില്‍ട്ടര്‍ ഉപയോഗിച്ച് ശുദ്ധീകരിച്ച് വിതരണം ചെയ്യും. ഇതിനുള്ള തുക രാജ്യസഭാംഗമായ പി.വി. അബ്ദുല്‍ വഹാബിന്റെ എം.പി. ഫണ്ടില്‍ നിന്ന് നല്‍കും.
ഭൂഗര്‍ഭജല റീചാര്‍ജിങും മഴവെള്ള സംഭരണവും ശാസ്ത്രീയവും ഫലപ്രദവുമായി നടത്തി ജില്ലയിലെ വരള്‍ച്ചാ പ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിന് ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്ക്കരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അടുത്ത വര്‍ഷം മുതല്‍ വരള്‍ച്ചാ ബാധിതപ്രദേശമായി ജില്ലയെ പ്രഖ്യാപിക്കുന്ന സാഹചര്യം ഉണ്ടാവരുതെന്നാണ് ലക്ഷ്യമിടുന്നത്. യോഗത്തില്‍ പി.വി.അബ്ദുല്‍ വഹാബ് എംപി., സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡവലപ്പ്മെന്റ് ആന്‍ഡ് മാനേജ്മെന്റിലെ (സിഡബ്ല്യൂആര്‍ഡിഎം) ശാസ്ത്രജ്ഞരായ ഡോ.വി.പി.ദിനേശന്, ഡോ.പി.എസ്.ഹരികുമാര്‍, സി.എം.സുശാന്ത്, ഡെപ്യൂട്ടി കലക്ടര്‍മാരായ സി.അബ്ദുറഷീദ്, ഡോ.ജെ.ഒ.അരുണ്‍, ജയശങ്കര്‍ പ്രസാദ്, ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: