നിലമ്പൂര്‍: പത്രങ്ങളില്‍ പുനര്‍വിവാഹ പരസ്യം നല്കി യുവതികളുടെ സ്വര്‍ണ്ണാഭരണം കവരുന്ന പ്രതി പിടിയില്‍. പാലക്കാട് പട്ടാമ്പി വലപ്പുഴ പുതിയാപ്ല മജീദ് (കുട്ടി മജീദ്-42) നെയാണ് നിലമ്പൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. ഭാര്യ മരണപ്പെട്ട് പുനര്‍വിവാഹം കഴിക്കാനാണെന്ന പേരില്‍ പത്രങ്ങളില്‍ വിവാഹ പരസ്യം നല്‍കിയാണ് ഇരകളെ തട്ടിപ്പിനിരയാക്കിയത്. വ്യാജ സിം കാര്‍ഡുകള്‍ ഉപയോഗിച്ചാണ് തട്ടിപ്പ്. പരസ്യം കണ്ട് വിളിക്കുന്ന യുവതികളുടെ മുഴുവന്‍ വിവരങ്ങളും ചോദിച്ചു മനസിലാക്കി അവരുടെ ആഭരണങ്ങളെ കുറിച്ചുള്ള വിവരങ്ങളും മനസിലാക്കിയ ശേഷം ഭാര്യ മരണപ്പെട്ടുവെന്നും ഒരു കുട്ടിയുണ്ടെന്നും ഗള്‍ഫില്‍ വലിയ ബിസിനസാണെന്നും ധരിപ്പിച്ചാണ് തട്ടിപ്പിന് വഴിയൊരുക്കുന്നത്. പുറത്ത് വെച്ച് കാണാന്‍ അവസരമൊരുക്കിയ ശേഷം വാടകക്കെടുത്ത പുതിയ കാറിലെത്തി യുവതികളെ കാറില്‍ കയറ്റി കൊണ്ടുപോയി വിജനമായ സ്ഥലത്ത് വണ്ടി നിര്‍ത്തി സംസാരിക്കുകയും ആഭരണങ്ങള്‍ സമ്മാനമായി നല്‍കുകയും ചെയ്യും. അത് ശരീരത്തില്‍ അണിയാന്‍ പറയുകയും ഭംഗി കാണാന്‍ സ്വന്തം ആഭരണങ്ങള്‍ ബാഗില്‍ അഴിച്ചുവെക്കാന്‍ പറയുകയും ചെയ്യും. അല്പ നേരം സംസാരിച്ച ശേഷം തിരിച്ച് കൊണ്ടു വിടുന്ന സമയത്ത് കടകള്‍ക്ക് മുമ്പില്‍ നിര്‍ത്തി കുപ്പിവെള്ളം വാങ്ങാന്‍ നൂറു രൂപയും നല്കി യുവതിയെ പറഞ്ഞുവിടും. പിന്നീട് വീട്ടിലെത്തി ബാഗ് പരിശോധിക്കുമ്പോഴാണ് സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി ഇവരറിയുന്നത്. സമ്മാനമായി നല്കിയ ആഭരണം പരിശോധിക്കുമ്പോള്‍ വ്യാജമാണെന്ന് തെളിയും. മൊബൈല്‍ നമ്പറിലേക്ക് വിളിക്കുമ്പോള്‍ സ്വിച്ച് ഓഫ് ആണെന്ന മറുപടിയാണ് ലഭിക്കുക. വെള്ളം വാങ്ങാന്‍ പറഞ്ഞുവിടുന്ന സമയത്താണ് ബാഗില്‍ നിന്നും ആഭരണങ്ങള്‍ തട്ടിയെടുക്കുന്നത്.
കഴിഞ്ഞ 23ന് ചുങ്കത്തറ സ്വദേശിനിയെ സമാന രീതിയില്‍ നിലമ്പൂര്‍ ടൗണിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇത്തരത്തില്‍ മൂന്ന് പവന്റെ പാദസരം മോഷ്ടിച്ചതായി കാണിച്ച് യുവതി നല്കിയ പരാതിയിലാണ് ഇയാള്‍ പിടിയിലായത്. പെരിന്തല്‍മണ്ണ ഡിവൈഎസ്പി എംപി മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ നമ്പര്‍ പരിശോധിച്ച് വരുന്നതിനിടെയാണ് പ്രതി പിടിയിലായത്. നിലമ്പൂര്‍ സിഐ കെ.എം.ദേവസ്യ, എടക്കര സിഐ പി.കെ.സന്തോഷ്, നിലമ്പൂര്‍ എഎസ്ഐ രാധാകൃഷ്ണന്, സ്പെഷ്യല്‍ സ്ക്വാഡ് എഎസ്ഐ എം.അസൈനാന്‍, സിപിഒമാരായ എന്‍.പി.സലീല്‍ബാബു, ഇ.ജി.പ്രദീപ്, ശരത് കോട്ടക്കല്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: