നിലമ്പൂര്‍: പത്രങ്ങളില്‍ പുനര്‍ വിവാഹ പരസ്യം നല്കി യുവതികളെ വിളിച്ചുവരുത്തി സ്വര്‍ണാഭരണം കവരുന്ന നിരവധി കേസുകളിലെ പ്രതിയെ നിലമ്പൂര്‍ പൊലിസ് അറസ്റ്റ് ചെയ്തു പട്ടാമ്പി വല്ലപ്പുഴ പുതിയാപ്ല മജീദ് (കുട്ടി മജീദ്-42) നെയാണ് നിലമ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഭാര്യ മരണപ്പെട്ട് പുനര്‍വിവാഹം കഴിക്കാനാണെന്ന പേരില്‍ പത്രങ്ങളില്‍ വിവാഹ പരസ്യം നല്‍കിയാണ് തട്ടിപ്പ്. വ്യാജ സിംകാര്‍ഡുകള്‍ ഉപയോഗിച്ചാണ് നമ്പറുകള്‍ നല്‍കിയിരുന്നത്. പരസ്യം കണ്ട് വിളിക്കുന്ന യുവതികളുടെ മുഴുവന്‍ വിവരങ്ങളും മനസിലാക്കിയ ശേഷം ഭാര്യ മരണപ്പെട്ടുവെന്നും ഒരു കുട്ടിയുണ്ടെന്നും ഗള്‍ഫില്‍ വലിയ ബിസിനസാണെന്നും ബോധ്യപ്പെടുത്തും്. വാടകക്കെടുത്ത കാറിലെത്തി യുവതികളെ കാറില്‍ കയറ്റി കൊണ്ടുപോയി വിജനമായ സ്ഥലത്ത് വെച്ച് വണ്ടി നിര്‍ത്തി സംസാരിക്കുകയും ആഭരണങ്ങള്‍ സമ്മാനമായി നല്‍കുകയും ചെയ്യും. അത് അണിയാന്‍ പറഞ്ഞ് അവരുടെ ആഭരണങ്ങള്‍ ബാഗില്‍ അഴിച്ചുവെക്കാന്‍ പറയുകയും ചെയ്യും. അല്പ നേരം സംസാരിച്ച ശേഷം തിരിച്ച് കൊണ്ടു വിടുന്ന സമയത്ത് കടകള്‍ക്ക് മുമ്പില്‍ നിര്‍ത്തി കുപ്പിവെള്ളം വാങ്ങാന്‍ നൂറു രൂപയും നല്കി യുവതിയെ പറഞ്ഞുവിടും. പിന്നീട് വീട്ടിലെത്തി ബാഗ് പരിശോധിക്കുമ്പോഴാണ് സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി ഇവരറിയുന്നത്. സമ്മാനമായി നല്കിയ ആഭരണം പരിശോധിക്കുമ്പോള്‍ വ്യാജമാണെന്ന് തെളിയും. ഇതോടെ തട്ടിപ്പിനിരയാകുന്ന യുവതികള്‍ ഇയാള്‍ നല്കിയ മൊബൈല്‍ നമ്പറിലേക്ക് വിളിക്കുമ്പോള്‍ ആഭരണം കാറില്‍ വീണു കിടക്കുകയാണെന്നും അടുത്ത ദിവസം വരുമ്പോള്‍ നല്‍കാമെന്നും അറിയിക്കും. ആഴ്ചകള്‍ കഴിഞ്ഞിട്ടും കാണാതെ വരുമ്പോള്‍ ഇതേ മൊബൈല്‍ നമ്പറിലേക്ക് വിളിക്കുമ്പോള്‍ സ്വിച്ച് ഓഫ് ആണെന്ന മറുപടിയാണ് ലഭിക്കുക. വെള്ളം വാങ്ങാന്‍ പറഞ്ഞുവിടുന്ന സമയത്താണ് ബാഗില്‍ നിന്നും ആഭരണങ്ങള്‍ തട്ടിയെടുക്കുന്നത്.
കഴിഞ്ഞ 23ന് ചുങ്കത്തറ സ്വദേശിനിയെ സമാന രീതിയില്‍ നിലമ്പൂര്‍ ടൗണിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇത്തരത്തില്‍ 3 പവന്റെ പാദസരം മോഷ്ടിച്ചതായി കാണിച്ച് യുവതി നല്കിയ പരാതിയിലാണ് എയാള്‍ പിടിയിലായത്. പെരിന്തല്‍മണ്ണ ഡിവൈഎസ്പി എംപി മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ നമ്പര്‍ പരിശോധിച്ച് വരുന്നതിനിടെയാണ് പ്രതി പിടിയിലായത്.
തിങ്കളാഴ്ച ഊട്ടിയിലേക്കുള്ള വിനോദയാത്രക്കിടെ രാത്രി ആള്‍ട്ടോ കാറില്‍ വാഹന പരിശോധനക്കിടെയാണ് ഇയാള്‍ പിടിയിലായത്. വിലകൂടിയതുള്‍പ്പെടെ 4 മൊബൈല്‍ ഫോണുകള്‍, ഇരട്ട സിം സെറ്റുകള്‍, എടിഎം കാര്‍ഡുകള്‍ കേരള, തമിഴ്നാട് ഡ്രൈവിംഗ് ലൈസന്‍സുകള്‍, വിവിധ വിലാസത്തിലുള്ള പാസ്പോര്ട്ടുകള്, ആധാര്‍ പകര്‍പ്പുകള്‍, വാച്ചുകള്‍, ഉത്തേജക മരുന്നുകള്‍, സുഗന്ധ ദ്രവ്യങ്ങള്‍, വ്യാജ ഐഡികാര്‍ഡുകള്‍ എന്നിവ പിടിച്ചെടുത്തു. ഒരു സിംകാര്‍ഡില്‍ ഒരു യുവതിയെ മാത്രമായിരിക്കും വിളിക്കുക. പിന്നീട് സിംകാര്‍ഡ് പൊട്ടിച്ച് കളയും്. സിംകാര്‍ഡ് നല്കിയ കടയുടമകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. വാടകക്കെടുത്ത ആഡംബര കാറുകളിലാണ് യാത്ര. ഇതിനു മുമ്പ് 20 തവണ ഇയാള്‍ പിടിയിലായിട്ടുണ്ടെങ്കിലും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ജാമ്യത്തിലിറങ്ങും. ഇരകളെ ഭീഷണിപ്പെടുത്തി കേസ് പിന്‍വലിപ്പിക്കും. കൂടൂതല്‍ ഇരകളും വിവാഹ മോചനം നേടിയവരും വിവാഹപ്രായം കഴിഞ്ഞു നില്ക്കുന്നവരുമാണ്. നല്ല കുടുംബത്തില്‍പ്പെട്ടവരും മാനഹാനി മൂലം പരാതി നല്കാന് തയ്യാറാവാതിരുന്നതാണ് പ്രതി വീണ്ടും വീണ്ടും തട്ടിപ്പു നടത്താനിടയാക്കിയത്. പത്തുവര്‍ഷത്തോളം സമാന തട്ടിപ്പു നടത്തിവരുന്ന പ്രതി ജാമ്യത്തിലിറങ്ങി ഇതേ തട്ടിപ്പ് നടത്തി ആഡംബര ജീവിതം നയിച്ചുവരികയാണ്.
മഞ്ചേരി പൊലിസ് പിടികൂടിയ ഇയാള്‍ ഒരു വര്‍ഷം മുമ്പ് ജാമ്യത്തിലിറങ്ങി വടക്കാഞ്ചേരിയിലെ ഒരു യുവതിയെ മൂന്ന് തവണ ലോഡ്ജില്‍വച്ച് പീഡിപ്പിച്ച ശേഷം പത്തുപവന്‍ സ്വര്‍ണാഭരണവുമായി മുങ്ങി. മങ്കട സ്വദേശിനിയുടെ സ്വര്‍ണമാല പെരിന്തല്‍മണ്ണ ബൈപാസില്‍ നിന്നും മോഷ്ടിച്ചു. എറണാകളും ചേരാനെല്ലൂരിലെ യുവതിയെ കുറ്റിപ്പുറം റെയില്‍വെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി അങ്ങാടിപുറത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയും സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കുകയും ചെയ്തതായി മൊഴി നല്കി. മോഷ്ടിച്ചെടുക്കുന്ന ആഭരണങ്ങള്‍ സുഹൃത്ത് മുഖേനയാണ് വില്പന നടത്തുന്നത്. വിറ്റുകിട്ടുന്ന പണം വിവിധ ബാങ്കുളിലായി നിക്ഷേപിച്ചിരിക്കുകയാണ്. മഞ്ചേരി, വടക്കാഞ്ചേരി, മേലാറ്റൂര്‍, വാഴക്കാട്, കോട്ടക്കല്‍, വളാഞ്ചേരി, പൊന്നാനി, കളമശ്ശേരി, നാട്ടുകല്‍, നല്ലളം, തളിപറമ്പ്, കടുതുരുത്തി, എറണാകുളം, ചിറയിന്‍കീഴ്, കാളികാവ്, ചെറുതുരുത്തി, കസബ, മലപ്പുറം, പാലക്കാട്, കണ്ണൂര്‍ വളപട്ടണം, പെരിന്തല്‍മണ്ണ എന്നീ സ്റ്റേഷനുകളിലും സമാന തട്ടിപ്പ് നടത്തിയതിന് കേസുകള്‍ നിലവിലുണ്ട്. വ്യാജ സിംകാര്‍ഡ് ആയതിനാല്‍ അന്വേഷണം വഴിമുട്ടുകയാണ് പതിവ്. പലയിടത്തും സിസിടിവികളില്‍ പ്രതിയുടെ മുഖം തെളിഞ്ഞിരുന്നുവെങ്കിലും തിരിച്ചറിയാനായിരുന്നില്ല. പ്രതിയെ നിലമ്പൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.
നിലമ്പൂര്‍ സിഐ കെഎം ദേവസ്യ, എടക്കര സിഐ പികെ സന്തോഷ്, നിലമ്പൂര്‍ അഡീ. എസ്ഐ രാധാകൃഷ്ണന്, സ്പെഷ്യല്‍ സ്ക്വാഡ് എഎസ്ഐ എം. അസൈനാന്‍, സിപിഒമാരായ എന്‍പി സലീല്‍ബാബു, ഇജി പ്രദീപ്, ശരത് കോട്ടക്കല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: