പൂക്കോട്ടുംപാടം: അമരമ്പലം പഞ്ചായത്തിലെ താഴെ കുറ്റമ്പാറയില്‍ വെട്ടേറ്റുമരിച്ച മുണ്ടമ്പ്ര മുഹമ്മദാലിക്കും പ്രതി സലീമിനും ക്രിമിനല്‍ പശ്ചാത്തലമെന്ന് നാട്ടുകാര്‍.
നിലമ്പൂര്‍ മിനര്വ്വപടിയില് താമസിച്ചിരുന്ന കാലം മുതല്‍ കോണ്‍ഗ്രസ് ഗുണ്ടയായിരുന്നു മുഹമ്മദാലി. അത്യാവശ്യം ആരോഗ്യമുള്ള ഇയള് ആര്യാടന്റെ തണലിലാണ് വളര്‍ന്നത്. സാമ്പത്തിക തര്‍ക്ക കേസുകളില്‍ ഇടപെട്ട് കമ്മീഷന് വ്യവസ്ഥയില്‍ പണം വാങ്ങി നല്‍കുകയായിരുന്നു മുഹമ്മദാലിയുടെ ജോലി. നിരവധി അടിപിടി കേസുകളും ഇയാള്‍ക്കെതിരെയുണ്ടായിരുന്നു.
പിന്നീട് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്നാണ് കോണ്‍ഗ്രസുകാര്‍ പറയുന്നത്. എന്നാല്‍ നിലമ്പൂരിലെ ഐഎന്‍ടിയുസിയെ ഇതുവരെ നിയന്ത്രിച്ചിരുന്നത് മുഹമ്മദാലിയാണ്.
മുഹമ്മദിനെ വധിച്ച പ്രതി ചന്തക്കുന്ന് മൈലാടി സ്വദേശി സലീം, പാവം സലീം എന്നാണ് അറിയപ്പെട്ടിരുന്നത്. പക്ഷേ പേരുപോലെ അത്ര പാവമല്ല ഇയാളെന്ന് നാട്ടുകാര്‍ പറയുന്നു. സ്ഥിരം മദ്യപിക്കുന്ന സലീം പ്രദേശത്തെ അറിയപ്പെടുന്ന കേഡിയാണ്.
മുഹമ്മദാലിയും സലീമും ഒരുമിച്ച് മദ്യപിച്ച് ഇതിന് മുമ്പും പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ട്. സലീം വീട് പണയപ്പെടുത്തി മുഹമ്മദിന് നാലുലക്ഷം രൂപ നല്‍കിയിരുന്നു. ഇത് തിരിച്ചുനല്‍കാത്തതിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും ഇരുവരുടെയും അടുത്ത സുഹൃത്തുക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: