ചെര്‍പ്പുളശ്ശേരി: സ്വന്തമായ കാഴ്ചപ്പാടിലും, ഇച്ഛാശക്തിയിലും ഉറച്ചുനിന്ന് സേവനത്തിന്റെ സാദ്ധ്യതകളെ ജനനന്മയ്ക്കായി തുറന്നിടുന്ന ചെര്‍പ്പുളശ്ശേരി നഗരസഭയിലെ ഇരുപത്തിയാറാം വാര്‍ഡ് കൗണ്‍സിലര്‍ പ്രകാശ് കുറുമാപ്പള്ളി മാതൃകാപരമായ പ്രവൃത്തികളിലൂടെ ശ്രദ്ധ നേടുന്നു.
നഗരസരഭയില് ഏറ്റവും കൂടുതലായി കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന പന്നിയംകുറുശ്ശി ഭാഗത്തെ അച്ചങ്ങാട്, വാള്ക്കപ്പാറ പ്രദേശത്തിന് ശാശ്വത പരിഹാരമെന്ന നിലയ്ക്കാണ് ജനകീയ കൂട്ടായ്മയില്‍ കിണര്‍ കുഴിയ്ക്കുന്നത്.
ഓണറേറിയത്തിന്റെ ഏതാണ്ട് മുഴുവന്‍ഭാഗവും സേവനപ്രവര്ത്തനങ്ങള്ക്കായാണ് വിനിയോഗിക്കുന്നത്. വൃക്കരോഗിയായ നൗഷാദിന്റെ മാതാവ് ആയിഷയ്ക്ക് 2015 നവംമ്പര്‍ മാസത്തില്‍ തുടക്കം കുറിച്ച ധനസഹായം ഇന്നും മുടക്കംകൂടാതെ പ്രതിമാസം എത്തിക്കുന്നു.
കഴിഞ്ഞ വേനലില്‍ സ്വന്തംചിലവില്‍ ടാങ്കറില്‍ കുടിവെള്ളമെത്തിച്ചും ഇദ്ദേഹം ശ്രദ്ധനേടി. മരണപ്പെട്ടെന്ന് തെറ്റായി വിധിയെഴുതി,കഴിഞ്ഞ ഓണക്കാലത്ത്,പെന്ഷന് നിഷേധിയ്ക്കപ്പെട്ട പന്നിയംകുറുശ്ശി കുന്നുംപുറത്ത് ലക്ഷ്മിക്കുട്ടിയമ്മയ്ക്ക് പെന്ഷന് വിതരണം പുനഃസ്ഥാപിക്കപ്പെടുംവരെ സമാന തുക എത്തിച്ചുകൊടുത്തിരുന്നു.
കുടിവെള്ളത്തിനായി പൊതു പദ്ധതി നഗരസഭയില്‍ ഇല്ലാത്തതിനാലാണ് സ്ഥിരം സംവിധാനം എന്ന നിലയ്ക്ക് കാവുവട്ടംപന്നിയംകുറുശ്ശി പാടത്ത് കിണര്‍ കുഴിയ്ക്കുവാന് ഒരു കൂട്ടായ്മ രൂപീകരിച്ചത്.
ഒരു കാലത്ത് ഈയൊരു പ്രദേശത്തിനു മുഴുവന്‍ സ്രോതസ്സായി കിടന്നിരുന്ന കുറുമാപ്പള്ളി പാടത്തുണ്ടായിരുന്ന ചെറിയ കിണര്‍ രണ്ടുപതിറ്റാണ്ടു മുമ്പ് ഇടിഞ്ഞുതൂര്‍ന്ന് കാടുമൂടിക്കിടക്കുകയായിരുന്നു. ആ കിണറാണിപ്പോള്‍ കൂട്ടായ്മയാല്‍ കുടിവെള്ള സംഭരണിയാക്കി പുനരുജ്ജീവിപ്പിയ്ക്കുവാന് കര്‍മ്മ പദ്ധതിയുമായി കൗണ്‍സിലര്‍ സംഘവും ഇറങ്ങിത്തിരിച്ചിരിയ്ക്കുന്നത്.
കിണര്‍ കുഴിച്ച്, പടുത്തുകെട്ടുംവരെയുള്ള ആദ്യഘട്ട ജോലി ആരംഭിച്ചു. മൂന്നു മണിക്കൂറിനകത്തുതന്നെ ജലസാന്നിദ്ധ്യവും ഉറവകളും കാണാന്‍ കഴിഞ്ഞത് കൂട്ടായ്മയ്ക്ക് കരുത്തും ഊര്‍ജ്ജവും പകരുവാന്‍ സഹായിച്ചിട്ടുണ്ട്. വെള്ളംകണ്ടയുടന് ഇളനീര്വെട്ടിയാടുക എന്ന ചടങ്ങ് കൗണ്‍സിലര്‍ നിര്‍വ്വഹിച്ചു.
മുനിസിപ്പാലിറ്റി എല്ലാം തരട്ടെ ‘ എന്ന കാത്തിരിപ്പു സമ്പ്രദായത്തില്‍നിന്നും ഒഴിഞ്ഞുനിന്ന് തങ്ങള്‍ക്കാവുന്ന സംഭാവനകള്‍ ലാഭേഛ കൂടാതെ സേവനമായി ചെയ്യുന്ന ഒരു കൂട്ടായ്മ എന്നതാണിതിന്റെ പ്രത്യേകത. ഇവര്‍ക്കൊപ്പംനിന്ന് ഈ ലക്ഷ്യത്തിലൂടെ മുന്നേറാന്കഴിയുക എന്നതാണ് കൗണ്‍സിലര്‍ എന്ന നിലയില്‍ തന്റെ സുകൃതം ‘ പ്രകാശ് കുറുമാപ്പള്ളി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: