നിലമ്പൂര്‍: വേനല്‍ കടുത്തതോടെ മലയോരമേഖലയില്‍ വന്യമൃഗശല്യം രൂക്ഷമാവുന്നു. ലക്ഷങ്ങള്‍ ചിലവഴിച്ച് നിലമ്പൂര്‍ കാടുകളിലടക്കം മൃഗങ്ങള്‍ക്കായി ജലസംഭരണികള്‍ നിര്‍മ്മിച്ചിരുന്നു. എന്നാല്‍ അതുകൊണ്ടൊന്നും ഫലമുണ്ടായില്ല. കാട് വറ്റിവരണ്ടു.
പച്ചപ്പ് പൂര്‍ണ്ണമായും നഷ്ടപ്പെട്ടിരിക്കുകയാണ്. ദാഹജലം തേടി നാട്ടിലിറങ്ങുന്ന മൃഗങ്ങള്‍ തിരിച്ചുപോകാന്‍ കൂട്ടാക്കുന്നില്ല. കഴിഞ്ഞ ദിവസം ചുങ്കത്തറ ടൗണില്‍ വരെ കാട്ടാനയെത്തിയിരുന്നു. കാടുകളിലൂടെ ഒഴുകുന്ന പുഴകളില്‍ വെള്ളമില്ലാത്തതിന് കാരണം ജനങ്ങളാണ്. തടയണകളും ബണ്ടുകളും പണിത് വെള്ളം തടഞ്ഞ് നിര്‍ത്തിയിരിക്കുന്നതിനാല്‍ ഒഴുക്ക് നിലച്ചിരിക്കുന്നു.
ഇലകള്‍ മുഴുവന്‍ കൊഴിഞ്ഞ മരങ്ങളും തീയില്‍ കരിഞ്ഞ് ചാരംമൂടിക്കിടക്കുന്ന മണ്ണില്‍ അലയുന്ന വന്യജീവികളുമാണ് ഇപ്പോഴത്തെ കാടിന്റെ കാഴ്ചകള്‍. വന്യമൃഗങ്ങള്‍ കുടിവെള്ളത്തിനും നീരാട്ടിനുമായി ആശ്രയിക്കുന്ന വനാതിര്‍ത്തികളിലും വനത്തിലുമുള്ള ചെറുതും വലുതുമായ പ്രകൃതിദത്ത തോടുകളും നീരുറവകളും ഇതിനകം വറ്റിവരണ്ടു. ലക്ഷങ്ങള്‍ ചെലവഴിച്ച് വനംവകുപ്പുകള്‍ നിര്‍മിച്ച കുളങ്ങളുടെയും ചെക്ക്ഡാമുകളുടെയും അവസ്ഥയും ഇതുപോലെ തന്നെയാണ്. മരുഭൂമി പോലെ വരണ്ട കാട്ടില്‍ നിന്നും മരുപ്പച്ച തേടിയാണ് കാട്ടാനയും കാട്ടുപോത്തും മാന്‍കൂട്ടവും ഉള്‍പ്പെടെയുള്ള മൃഗങ്ങള്‍ നാടുകളിലേക്ക് കാടിറക്കം നടത്തുന്നത്.
നാട്ടിലെത്തുന്ന വന്യമൃഗങ്ങള്‍ കര്‍ഷകരുടെ തെങ്ങ്, കവുങ്ങ്, പ്ലാവ്, കാപ്പി, പച്ചക്കറി, നെല്ല് തുടങ്ങിയ വിളകള്‍ നശിപ്പിക്കുന്നത് പതിവാകുന്നതും കാട്ടാനകള്‍ക്കും കാട്ടുപോത്തുകള്‍ക്കും കടുവകള്‍ക്കും പുലികള്‍ക്കും മുന്നില്‍ അകപ്പെടുന്ന മനുഷ്യര്‍ക്ക് ജീവഹാനിയും മാരകപരിക്കുകളും സംഭവിക്കുന്നതും വനാതിര്‍ത്തികളില്‍ നാട്ടുകാരും വനംവകുപ്പ് ജീവനക്കാരും തമ്മിലുള്ള സംഘര്‍ഷത്തിനും കാരണമാകുന്നു.
വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ക്കിരയാകുന്നവര്‍ക്കും കൃഷിനാശത്തിനും സര്‍ക്കാര്‍ നല്കുന്ന നഷ്ടപരിഹാരം തീരെ അപര്യാപ്തമാണ്. സംരക്ഷണഭിത്തികളും ഫെന്‍സിങുകളും സ്ഥാപിച്ച് കാടും നാടും വേര്‍തിരിച്ച് വനാതിര്‍ത്തികളില്‍ ശക്തമായ കാവലും വനത്തിനുള്ളില്‍ വന്യജീവികള്‍ക്കുള്ള സ്ഥിരമായ തീറ്റയും വെള്ളവും ഒരുക്കിക്കൊണ്ട് മാത്രമാണ് വന്യമൃഗങ്ങളുടെ കാടിറക്കത്തിന് ശാശ്വതപരിഹാരം കാണാനാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: