തേഞ്ഞിപ്പലം: പാരമെഡിക്കല്‍ കോഴ്സുകള്‍ നിര്‍ത്തലാക്കുന്നത് സംബന്ധിച്ച പ്രതിഷേധം അറിയിക്കാന്‍ ശ്രമിച്ച എബിവിപി പ്രവര്‍ത്തകരെ കാണാന്‍ വിസി വിസമ്മതിച്ചു. പകരം പോലീസിനെ വിളിച്ചുവരുത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യിച്ചു. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. എബിവിപി സംസ്ഥാന സമിതിയംഗം എന്‍.കെ.സച്ചിന്‍ദേവ്, കെ.ആഷിക് മോഹന്‍, പി.ദിബിന്, കെ.പി.പ്രിന്ഷിത്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ത്ഥി സംഘടനയോട് സംസാരിക്കാന്‍ പോലും തയ്യാറാകാത്ത വിസിയുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് നേതാക്കള്‍ പറഞ്ഞു.
പാരമെഡിക്കല്‍ കോഴ്സുകള്‍ നിര്‍ത്തലാക്കുന്ന നടപടിയുമായി സര്‍വകലാശാല മുന്നോട്ട് പോകുകയാണ്. വിദ്യാര്‍ത്ഥികളുടെ ഭാവിയെ കുറിച്ച് ചിന്തിക്കാതെയുള്ള എടുത്തുചാട്ടമാണ് അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.
ആരോഗ്യസര്‍വകലാശാല നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് വന്‍തുക ഈടാക്കി ഇതുവരെ കോഴ്സുകള്‍ നടത്തിയിരുന്നത്.
പെട്ടെന്ന് കോഴ്സ് നിര്‍ത്തുമ്പോള്‍ പഠനം പൂര്‍ത്തിയാക്കിയവരുടെ സര്‍ട്ടിഫിക്കറ്റിന്റെ മൂല്യം സംബന്ധിച്ചും ആശങ്ക നിലനില്‍ക്കുന്നുണ്ട്. ചിലരുടെ സ്വാര്‍ത്ഥ താല്പര്യത്തിന് വഴങ്ങി കോഴ്സുകള്‍ നിര്‍ത്താന്‍ അനുവദിക്കില്ലെന്നും ഇതിനെതിരെ എബിവിപി ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: