ഇരിട്ടി : ആര്‍ഷ സംസ്‌കാരത്തിന്റെ വിജ്ഞാന ശാഖകള്‍ തീര്‍ത്ത ഗുരു പരമ്പരകളിലൂടെയാണ് ഭാരതം ഭാരതമായതെന്നു പ്രഭാഷകനും തപസ്യ കലാ സാഹിത്യവേദി ജില്ലാ അദ്ധ്യക്ഷനുമായ ഡോ.കൂമുള്ളി ശിവരാമന്‍ പറഞ്ഞു. ഇരിട്ടി കീഴൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലെ മഹോത്സവത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നമ്മുടെ പൈതൃകത്തില്‍ വിരിഞ്ഞു നില്‍ക്കുന്ന വിജ്ഞാനത്തിന്റെ അക്ഷയ ഖനികളെ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കണം. പ്രകൃതിയെ അറിയാതെ, മണ്ണും ആകാശവും കാണാതെ വളരുന്ന കുട്ടികള്‍, നമ്മുടെ സംസ്‌കൃതിയെ, മാതൃ ഭാഷയെ അധമമെന്ന് കരുതി വളരുന്ന കുട്ടികള്‍ യഥാര്‍ഥത്തില്‍ പോകുന്നത് സര്‍വതിനെയും സ്‌നേഹിക്കാന്‍ പഠിക്കുന്ന, ബഹുമാനിക്കാന്‍ പഠിക്കുന്ന, ഹൃദയത്തില്‍ അലിവിന്റെയും അറിവിന്റെയും മധു ചുരത്തുന്ന മാനവികതയിലേക്കല്ല മറിച്ചു അന്ധകാര പൂരിതമായ ദുര്‍ഗന്ധം വമിക്കുന്ന അധമത്വത്തിലേക്കാണ്. അദ്ദേഹം പറഞ്ഞു. കെ. ജയപ്രകാശ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഇരിട്ടി മുന്‍സിപ്പല്‍ കൗണ്‍സിലര്‍ പി.രഘു അദ്ധ്യക്ഷത വഹിച്ചു. തുടര്‍ന്ന് പ്രാദേശിക കലാ പരിപാടികളും അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക