കോഴഞ്ചേരി: എം.ജി യൂണിവേഴ്സിറ്റി കലോത്സവ വേദികളുണര്‍ന്നു, ഒപ്പം താളപ്പിഴകളും. സംഘാടനത്തിലെ പിഴവുകള്‍ വെളിവാക്കുന്നതായിരുന്നു കലോത്സവത്തിന്റെ രണ്ടാം ദിവസവും. ആദ്യദിവസം ഉദ്ഘാടന സമ്മേളനത്തിന് ശേഷം മത്സരങ്ങള്‍ ആരംഭിക്കുവാന്‍ ഏറെ വൈകിയിരുന്നു. ഇതിന്റെ ആവര്‍ത്തനമാണ് ഇന്നലേയും കാണാന്‍ കഴിഞ്ഞത്. നിശ്ചിത സമയത്തിനും മൂന്നുമണിക്കൂറോളം വൈകിയാണ് പലവേദികളിലും മത്സരങ്ങള്‍ ആരംഭിച്ചത്. പ്രധാനവേദിയായ കോഴഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയത്തില്‍ പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ ഇല്ലാത്തത് മത്സരാര്‍ത്ഥികളേയും കൂടെയെത്തിയവരേയും വലച്ചു. പെണ്‍കുട്ടികളടക്കമുള്ളവര്‍ പ്രാഥമിക ആവശ്യങ്ങള്‍ക്കായി വേദിക്ക് സമീപമുള്ള പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ ഓഫീസിനെയാണ് ആശ്രയിച്ചത്.
പ്രധാനവേദിക്ക് പിന്നിലായാണ് നഗരത്തിലെ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്. ഇവിടെ നിന്നുമുള്ള ദുര്‍ഗന്ധവും മത്സരാര്‍ത്ഥികളേയും കാണികളേയും വലയ്ക്കുന്നു. പെണ്‍കുട്ടികളടക്കമുള്ളവര്‍ക്ക് ഒരുങ്ങുന്നതിനുള്ള സൗകര്യം തേടി ഒപ്പമുള്ള അദ്ധ്യാപകരും അലയുകയായിരുന്നു. അത്യാവശ്യ സേവനത്തിനായി മെഡിക്കല്‍ സംഘങ്ങളെ തയ്യാറാക്കുന്നതിനും സംഘാടകര്‍ക്ക് കഴിഞ്ഞില്ല.പല വേദികളിലും വിധികര്‍ത്താക്കള്‍ക്ക് ആഹാരം ലഭിച്ചില്ലെന്ന പരാതിയും ഉയര്‍ന്നു. വേദി രണ്ടില്‍ ഇതേച്ചൊല്ലി വിധികര്‍ത്താക്കള്‍ പരാതി ഉന്നയിച്ചതായും പറയുന്നു. നൃത്ത ഇനങ്ങളില്‍ മത്സരാര്‍ത്ഥികള്‍ക്ക് മേക്കപ്പ് ചെയ്യുന്നതിനുള്ള മുറികള്‍ ഒരുക്കുന്നതിന് കോളേജ് അധികൃതര്‍ ഏറെ ബുദ്ധിമുട്ടി. കഴിഞ്ഞ ദിവസം രാത്രിയാണ് കലോത്സവത്തിന്റെ സംഘാടകര്‍ 140 ഓളം മുറികള്‍ വേണമെന്ന് കോളേജ് അധികൃതരെ അറിയിച്ചത്. പെണ്‍കുട്ടികളടക്കമുള്ള മത്സരാര്‍ത്ഥികള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനും സംഘാടകസമിതി യാതൊരു മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നില്ല. മത്സര ഫലങ്ങള്‍ യഥാസമയം ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങളും കാര്യക്ഷമമായില്ല.
യൂണിവേഴ്സിറ്റി കലോത്സവത്തിന് നേതൃത്വം നല്കുന്ന എസ്എഫ്ഐയിലെ ചേരിപ്പോരും സംഘാടനപ്പിഴവിന് പ്രധാനകാരണമായി.
ഒരു വിഭാഗം കലോത്സവം പത്തനംതിട്ടയിലേക്ക് മാറ്റുന്നതിന് ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഇതിനെകടത്തിവെട്ടി മറുവിഭാഗം കോഴഞ്ചേരിയില്തന്നെ വേദിയൊരുക്കുകയായിരുന്നു.ഇതിനെതിരേയുള്ള നീക്കങ്ങളും കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനെ ദോഷമായി ബാധിച്ചിട്ടുണ്ട്. ഇതിന്റെ ദുരിതഫലങ്ങള്‍ മത്സരാര്‍ത്ഥികളാണ് അനുഭവിക്കേണ്ടിവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: