മൂര്‍ക്കനാട്: എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതിക്കെതിരെ ലക്ഷങ്ങളുടെ അഴിമതി ആരോപണം. വിവരാവകാശത്തിലൂടെ ലഭിച്ച രേഖകള്‍ അമ്പരിപ്പിക്കുന്നതാണ്. പഞ്ചായത്ത് എല്‍ഡിഎഫ് ഭരിക്കാന്‍ തുടങ്ങിയിട്ട് ഒരുവര്‍ഷം പിന്നിട്ടു. അതിനിടയില്‍ 24,72,425 രൂപയുടെ അഴിമതി നടന്നതായി രേഖകള്‍ വ്യക്തമാക്കുന്നു.
കുടിവെള്ള വിതരണത്തില്‍ മാത്രം 7,65,385 രൂപയുടെ ക്രമക്കേടുണ്ട്. കഴിഞ്ഞ വേനലില്‍ കൊളത്തൂര്‍, മൂര്‍ക്കനാട് മേഖലയില്‍ രണ്ട് സ്വകാര്യ വ്യക്തികള്‍ വിതരണം ചെയ്ത കുടിവെള്ളം പഞ്ചായത്താണ് വിതരണം ചെയ്തതെന്നാണ് രേഖകളിലുള്ളത്. സ്വകാര്യ വ്യക്തികള്‍ നടത്തിയ സേവന പ്രവര്‍ത്തനത്തിന് വരെ പഞ്ചായത്ത് ബില്ലിട്ട് പണം തട്ടിയെടുത്തിരിക്കുകയാണ്.
വാട്ടര്‍ ടാങ്ക് വിതരണത്തിലാണ് രണ്ടാമത്തെ തട്ടിപ്പ്. പട്ടികജാതി കുടുംബങ്ങള്‍ക്കും കുടിവെള്ളം സംഭരിച്ച് വെക്കാനായി ഫൈബര്‍ ടാങ്ക് വിതരണം ചെയ്യാന്‍ പദ്ധതി ആവിഷ്ക്കരിച്ചിരുന്നു. ഗുണഭോക്തൃവിഹിതം ഇല്ലാത്ത ഈ പദ്ധതിയിലും എല്‍ഡിഎഫ് ഭരണസമിതി അഴിമതി നടത്തി. ഓരോ പട്ടികജാതി ഗുണഭോക്താക്കളില്‍ നിന്ന് 460 രൂപവീതം ഗുണഭോക്തൃ വിഹിതം മെമ്പര്‍മാര്‍ വാങ്ങി. 230 കുടുംബങ്ങളില്‍ നിന്നും സൗജന്യമായി വിതരണം ചെയ്യേണ്ട ഫൈബര്‍ ടാങ്ക് വിതരണം വഴി 1,05,800 രൂപയാണ് പഞ്ചായത്ത് പിരിച്ചെടുത്തത്.
കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി വടക്കുമ്പുറം കാരാംകടവില് താല്‍ക്കാലിക തടയണ നിര്‍മ്മിച്ചിരുന്നു. മണല്‍ ചാക്കുകള്‍ കൊണ്ടാണ് തടയണ നിര്‍മ്മിച്ചിരിക്കുന്നത്. 2848 മണല്‍ചാക്കുകള്‍ നിറച്ചതിന് പഞ്ചായത്ത്ചെലാവാക്കിയ തുക 15 ലക്ഷം.
തെരുവ് വിളക്ക് സ്ഥാപിക്കുന്നതിനായി കരാറ് കൊടുക്കാന്‍ പഞ്ചായത്ത് ഭരണ സമിതി ടെണ്ടര്‍ വിളിച്ചിരുന്നു. എന്നാല്‍ തെരുവ് വിളക്ക് സ്ഥാപിക്കാന്‍ ചുമതലപ്പെടുത്തിയ കരാറുകാരന് നല്കിയതിനേക്കാള് കുറവുള്ള കൊട്ടേഷനുകള്‍ അംഗീകരിച്ചില്ല. കൂടിയ തുകക്കാണ് കരാര്‍ നല്‍കിയത്.
പഞ്ചായത്തില്‍ ക്ഷേമ പെന്ഷന് ലഭിച്ചിരുന്ന ഇരുന്നൂറിലധികം ആളുകള്‍ ഇന്ന് പെന്ഷന് പട്ടികക്ക് പുറത്താണ്. നിത്യരോഗികളും, ശാരീരിക അവശതകളുള്ള വയോജനങ്ങളും അടക്കമുള്ളവര്‍ക്കാണ് പെന്ഷന് നിഷേധിച്ചിരിക്കുന്നത്. ആധാര്‍ കാര്‍ഡില്ലാത്തതാണ് കാരണമെന്ന് അധികൃതര്‍ പറയുന്നു. കൂടാതെ സ്വജനപക്ഷപാതവും സെക്രട്ടറിയില്ലാത്തതും പഞ്ചായത്തില്‍ ഭരണസ്തംഭനത്തിന് കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: