പൂക്കോട്ടുംപാടം: കോട്ടപ്പുഴയില്‍ നിന്നും അനധികൃതമായി വെള്ളമെടുക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തീരുമാനമായി. നാട്ടുകാകാര്, കര്‍ഷകര്‍, പഞ്ചായത്ത് അധികൃതര്‍, രാഷ്ട്രീയ പ്രതിനിധികള്‍, പോലീസ് എന്നിവരുടെ സംയുക്തയോഗത്തിലാണ് തീരുമാനം. മലയോര കര്‍ഷകര്‍ കോട്ടപ്പുഴയുടെ ഉത്ഭവസ്ഥാനത്ത് നിന്ന് വലിയ പൈപ്പ് ഉപയോഗിച്ച് വെള്ളമെടുക്കുന്നത് ടി.കെ.കോളനിയിലടക്കം ജലക്ഷാമത്തിന് കാരണമായിരുന്നു. ടി.കെ.കോളനി, പൊട്ടിക്കല്ല് പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ കുടിവെള്ളത്തിനു മറ്റാവശ്യങ്ങള്‍ക്കും കോട്ടപ്പുഴയെയാണ് ആശ്രയിക്കുന്നത്. കോട്ടപ്പുഴയുടെ പൂത്തോട്ടംക്കടവിനു മുകള്‍ ഭാഗത്തുള്ള മലയോര കര്‍ഷകര്‍ വ്യാപകമായി പുഴ വെള്ളമെടുത്ത് കൃഷി നനക്കുന്നതിനാല്‍ താഴെ ഭാഗങ്ങളിലേക്ക് വെള്ളം ലഭിച്ചിരുന്നില്ല, ഇതില്‍ പ്രതിഷേധിച്ച നാട്ടുകാര്‍ പഞ്ചായത്തില്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് യോഗം ചേര്‍ന്നത്.
പുഴയില്‍ വ്യാപകമായ രീതിയില്‍ തുരിശ് കലക്കി മീന്‍ പിടിക്കുന്നതായും, പ്രകൃതി സൗന്ദര്യം ആസ്വദിക്കാനെത്തുന്നവരും അല്ലാത്തവരും പുഴ മാലിനമാക്കുന്നതായും നാട്ടുകാര്‍ പരാതിപ്പെട്ടു. ഞായര്‍ മുതല്‍ ബുധന്‍ വരെ ദിവസങ്ങളില്‍ നാട്ടുകാരും, വ്യാഴം മുതല്‍ ശനി വരെ കര്‍ഷകരും കോട്ടപ്പുഴയില്‍ നിന്നും വെള്ളമെടുക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. വ്യവസ്ഥ പാലിക്കാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. യോഗത്തില്‍ അമരമ്പലം, ചോക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സി.സുജാത, അന്നമ്മ മാത്യൂ, വൈസ്പ്രസിഡന്റ് നൊട്ടത്ത് മുഹമ്മദ്, പൂക്കോട്ടുംപാടം എസ്.ഐ അമൃത്രംഗന്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: