പരപ്പനങ്ങാടി: രാഷ്ട്രീയക്കാരുടെ വൃത്തികെട്ട പിടിവാശിയില്‍ തട്ടി മത്സ്യതൊഴിലാളികളുടെ ചിരകാല സ്വപ്നമായ പരപ്പനങ്ങാടി ഹാര്‍ബര്‍ ഇന്നും വെറും സ്വപ്നം മാത്രമായി നിലനില്ക്കുന്നു. കൊട്ടിയാഘോഷിച്ച് സ്ഥാപിച്ച ശിലപോലും ഇന്നിവിടെ ബാക്കിയില്ല. കെട്ടുങ്ങല്‍ മുതല്‍ മുദിയം-ആനങ്ങാടി വരെ നീണ്ടുകിടക്കുന്ന തീരദേശവാസികളുടെ കാലങ്ങള്‍ പഴക്കമുള്ള ആവശ്യമാണ് ഈ ഹാര്‍ബര്‍. കിലോമീറ്ററുകള്‍ അകലെ ചാലിയത്തും പൊന്നാനിയിലുമാണ് ഇവിടുത്തെ മത്സ്യതൊഴിലാളികള്‍ മീന്‍പിടുത്തം കഴിഞ്ഞ് ബോട്ട് അടിപ്പിക്കുന്നത്.
1999ല്‍ വാജ്പേയി സര്‍ക്കാരാണ് പരപ്പനങ്ങാടി ഹാര്‍ബറിന് പ്രാഥമിക അനുമതി നല്‍കിയത്. തുടര്‍ന്ന് പൂനയിലെ തുറമുഖ പഠന ഏജന്‍സി ആലുങ്ങല്‍ കടപ്പുറം തുറമുഖത്തിന് അനുയോജ്യമാണെന്ന് കണ്ടെത്തി. എന്നാല്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ മുന്‍ തീരുമാനത്തിന് ഘടകവിരുദ്ധമായി ആലുങ്ങലില്‍ നിന്ന് മാറ്റി ചാപ്പപ്പടി കടപ്പുറത്ത് ശിലാസ്ഥാപനം നടത്തി.
ഹാര്‍ബര്‍ ആലുങ്ങലില്‍ നിന്ന് മാറ്റിയതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. പക്ഷേ ഇതെല്ലാം അവഗണിച്ചുകൊണ്ട് സ്ഥലം എംഎല്‍എയും അന്നത്തെ വിദ്യാഭ്യാസ മന്ത്രിയുമായ പി.കെ.അബ്ദുറബ്ബിന്റെയും മുസ്ലീം ലീഗിന്റെയും സ്വാര്‍ത്ഥ താല്പര്യങ്ങള്ക്ക് സര്‍ക്കാര്‍ വഴങ്ങുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിച്ചത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നടത്തിയ രാഷ്ട്രീയ നാടകം ലീഗിന് ഗുണം ചെയ്തില്ല. മത്സ്യതൊഴിലാളികള്‍ക്കിടയില്‍ ഭിന്നതയുണ്ടാത് ഗുണം ചെയ്തത് സിപിഎം നേതൃത്വത്തില്‍ രൂപീകൃതമായ വികസന മുന്നണിക്കാണ്.
വിഭാഗീയത ആളിക്കത്തിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാമെന്ന ചിന്തയിലാണ് ഇപ്പോള്‍ വികസന മുന്നണി. സര്‍ക്കാര്‍ മാറിയിട്ടും ഹാര്‍ബറിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാതെ ജനവികാരം ലീഗിനെതിരാക്കുകയാണ് ഇവര്‍. പരപ്പനങ്ങാടിയുടെ വികസനസ്വപ്നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തുകയാണ് ഇടതും വലതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: