കുന്നംകുളം : വേലൂരില്‍ ബസ് യാത്രക്കാരിയുടെ മാല കവര്‍ന്ന തമിഴ്നാട് സ്വദേശിനികളായ യുവതികളെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. തലശ്ശേരി നെല്ലിക്കല്‍ വസിഷ്ഠന്റെ ഭാര്യ സരോജിനിയുടെ മൂന്ന് പവന് തൂക്കം വരുന്ന സ്വര്‍ണ്ണമാലയാണ് മോഷ്ടാക്കള്‍ പൊട്ടിച്ചത്. വേലൂരിലുള്ള മകളുടെ വീട്ടിലേക്ക് ബസ്സില്‍ വരുകയായിരുന്ന സരോജിനി പോസ്റ്റ് ഓഫീസ് സെന്ററില്‍ ഇറങ്ങാന്‍ ശ്രമിക്കുമ്പോഴാണ് മാല കവര്‍ന്നത് .സാരി കൊണ്ട് തലമൂടിയ സ്ത്രീകള്‍ അനാവശ്യ തിരക്കുണ്ടാക്കി ഇതിനിടയില്‍ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. ബസില്‍ നിന്നിറങ്ങിയപ്പോള്‍ മാല നഷ്ടപ്പെട്ടതായി മനസിലാക്കിയ സരോജനി ബഹളം വെക്കുകയും ഇതിനെ തുടര്‍ന്ന് നാട്ടുകാരും ബസ് ജീവനക്കാരും തിരച്ചില്‍ നടത്തിയപ്പോഴാണ് യുവതികള്‍ പിടിയിലായത്. മാല ഇവരില്‍ നിന്നും നാട്ടുകാര്‍ കണ്ടെടുത്തു. പോലീസ് കസ്റ്റഡിയിലെടുത്ത സ്ത്രീകളെ ചോദ്യം ചെയ്ത് വരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: