പരപ്പനങ്ങാടി: റെയില്‍വേ അടിപ്പാത പാര്‍ട്ടി സമ്മേളനമാക്കി മാറ്റാനുള്ള മുസ്ലീം ലീഗിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് ബിജെപി സമാന്തര ഉദ്ഘാടനം നടത്തും.
ഇ.ടി.മുഹമ്മദ് ബഷീര്‍ എംപി വൈകിട്ട് ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പ് ഉച്ചക്ക് തന്നെ ഉദ്ഘാടനം നടത്താനാണ് ബിജെപി തീരുമാനം. അടിപ്പാത സംബന്ധിച്ച ലീഗിന്റെ അവകാശവാദങ്ങള്‍ നേരത്തെ അവരെ പൊതുജനമധ്യത്തില്‍ പരിഹാസ്യരാക്കിയിരുന്നു.
പാത ലഭ്യമാക്കിയത് എംപിയും, എംഎല്‍എയും നിരന്തരമായി ഇടപെടലുകള്‍ കൊണ്ടാണെന്നുള്ള പ്രചാരണങ്ങളൊക്കെ പൊളിഞ്ഞു.
അടിപ്പാത നിര്‍മ്മാണത്തിന്റെ ചിലവ് സംബന്ധിച്ച് ഉള്ളണം പാലത്തിങ്ങല്‍ സ്വദേശി വിവരാവകാശം വഴി ലഭിച്ച മറുപടിയില്‍ അടിപ്പാതക്കായി എംപിയുടെയോ, എംഎല്‍എയുടെയോ ഫണ്ട് ഉപയോഗിച്ചിട്ടില്ലെന്ന് വ്യക്തമായിരുന്നു. നിര്‍മ്മാണ ചിലവിന്റെ അന്‍പത് ശതമാനം വീതം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തുല്യമായി പങ്കിടണമെന്നായിരുന്നു റെയില്‍വേയുടെ നിര്‍ദ്ദേശം.
ലീഗ് നേതാക്കളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ടാണ് ഇന്ന് ഉദ്ഘാടനം നടത്തുന്നത്. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെയും സംഘടനകളെയും ഉള്‍പ്പെടുത്തി ജനകീയമായി ഉദ്ഘാടനം ചെയ്യേണ്ടതിന് പകരം ലീഗ് ഏകപക്ഷീയമായാണ് ഉദ്ഘാടനം തീരുമാനിച്ചത്. ഇതില്‍ പ്രതിഷേധിച്ചാണ് ഇന്ന് സമാന്തര ജനകീയ ഉദ്ഘാടനം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: