പരപ്പനങ്ങാടി: പ്രവാസികളുടെ പുനരധിവാസത്തെ കുറിച്ച് വേവലാതിപ്പെടുന്നവര്‍ കണ്‍തുറന്ന് ഉള്ളണം കുണ്ടന്കടവിലെ ഈ കര്‍ഷക കൂട്ടായ്മ കാണണം. സൗദി അറേബ്യയിലെ വര്‍ഷങ്ങള്‍ നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ കല്ലാക്കല്‍ സെയ്തലവിയും മാളിയേക്കല്‍ അയമ്മതു ഹാജിയും എടശേരി അബൂബക്കറും ആദ്യം നേരമ്പോക്കിനായിരുന്നു കുണ്ടന്കടവിലെ പാടശേഖരങ്ങളില്‍ കൃഷിയിറക്കിയത്. മണ്ണിന്റെ മനമറിഞ്ഞ ഇവര്‍ പിന്നിടങ്ങോട്ട് കൃഷിയോട് കൂടുകയായിരുന്നു. ഇന്ന് രണ്ടര ഏക്കറോളം പാടത്ത് പച്ചക്കറികള്‍ മാത്രം കൃഷി ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം വരെ നെല്‍കൃഷിയിറക്കിയ ഇവര്‍ക്ക് വെള്ളം കിട്ടാത്തതിനാല്‍ ഇത്തവണ അത് ഉപേക്ഷിക്കേണ്ടി വന്നു. എങ്കിലും കളത്തില്‍ നിന്നും മാറിനില്ക്കാതെ മൂന്നിയൂര്‍ പഞ്ചായത്തില്‍പ്പെടുന്ന പാടത്ത് നേന്ത്രവാഴയും പച്ചക്കറിയും കൃഷി ചെയ്ത് മണ്ണില്‍ പൊന്നുവിളയിക്കുകയാണ് മൂവര്‍ സംഘം.
നേന്ത്രവാഴ തോട്ടങ്ങള്‍ അടക്കം കച്ചവടക്കാരുടെ ഏജന്റുമാര്‍ മൊത്തത്തിലെടുത്ത് വിളവെടുക്കുകയായിരുന്നു കഴിഞ്ഞ വര്‍ഷം വരെ പതിവ്. കര്‍ഷകര്‍ക്കും കച്ചവടക്കാര്ക്കുമിടയിലെ ചൂഷണമില്ലാതാക്കാനും ഇവിടെ വേറിട്ടൊരു വിപണന തന്ത്രമൊരുക്കിയിട്ടുണ്ട്. കൃഷിയിടത്തിനോട് ചേര്‍ന്ന പരപ്പനങ്ങാടി-ആലിന്‍ചുവട്-ചെമ്മാട് മെയിന്‍ റോഡില്‍ വെയിലാറിയാല്‍ വൈകിട്ട് നാലിനും ആറിനുമിടയില്‍ വിളവെടുത്ത പച്ചക്കറികള്‍ നേരിട്ട് ആവശ്യക്കാര്‍ക്ക് വില്‍പ്പന നടത്തുകയാണ് ഇവര്‍ ചെയ്യുന്നത്. ഒറ്റ മണിക്കൂറില്‍ ഏഴായിരം രൂപയുടെ കച്ചവടം നടക്കുന്നതായി കല്ലാക്കല്‍ സൈതലവി പറഞ്ഞു. വെണ്ട, വെള്ളരി, ഇളവന്‍, മത്തന്‍, ചിരങ്ങ, പടവലം, കക്കരി തുടങ്ങി എല്ലാം ഫാം ഫ്രഷായി കിട്ടുമെന്നതിനാല്‍ പച്ചക്കറിക്ക് ആവശ്യക്കാരേറെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: