സ്വന്തം ലേഖകന്‍
കരുളായി: നെടുങ്കയം ആദിവാസി കോളനിയില്‍ കുടിവെള്ളം കിട്ടാക്കനിയാവുന്നു. ഏക ആശ്രയമായിരുന്ന കരിമ്പുഴയിലും ജലനിരപ്പ് കുറഞ്ഞിരിക്കുകയാണ്. പുഴയുടെ തീരങ്ങളില്‍ കുഴികുത്തിയാണ് ഇപ്പോള്‍ കോളനിക്കാര്‍ കുടിവെള്ളം ശേഖരിക്കുന്നത്.
100 ലധികം കുടുംബങ്ങള്‍ താമസിക്കുന്ന നെടുങ്കയത്ത് എട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഐടിഡിപി.നിര്‍മ്മിച്ചു നല്കിയ കിണറാണ് ആകെയുള്ള ജലസ്രോതസ്സ്. എന്നാല്‍ കിണറിനടിയില്‍ പാറയായിതിനാല് കിണറും വറ്റിത്തുടങ്ങി. മാത്രമല്ല കോളനിയിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും കിണര്‍വെള്ളം തികയുന്നുമില്ല. വേനല്‍ കടുത്തതോടെ കുടിക്കാനും കുളിക്കാനും കരിമ്പുഴയില്‍ കുഴികള്‍ കുഴിച്ചാണ് കോളനിക്കാര്‍ വെള്ളമെടുക്കുന്നത്.
വിനോദ സഞ്ചാരത്തിനെത്തുന്നവര്‍ പുഴ മലിനപ്പെടുത്തുന്നതും വിനയാവുന്നുണ്ട്. മഴകാലത്തെ സ്ഥിതിയും ഇതുതന്നെയാണ് പുഴയില്‍ നിന്നും മറ്റും കലങ്ങി വരുന്ന വെള്ളമെടുത്ത് തെളിയിച്ചാണ് ഉപയോഗിക്കാറുള്ളതെന്നു കോളനിക്കാര്‍ പറയുന്നു.
ക്യാഷ്ലെസ് കോളനിയായി പ്രഖ്യാപിച്ചെങ്കിലും കുടിവെള്ളത്തിനു അധികൃതരുടെ മുന്നില്‍ കൈനീട്ടേണ്ട അവസ്ഥ തുടരുകയാണ്. ഹാഡ പദ്ധതി പ്രകാരം 25 ലക്ഷം രൂപ നെടുങ്കയം കുടിവെള്ളം പദ്ധതിക്ക് ആര്യാടന് മുഹമ്മദ് മന്ത്രിയായിരുന്നപ്പോള്‍ അനുവദിച്ചെങ്കിലും പദ്ധതി കടലാസിലൊതുങ്ങി.
നെടുങ്കയം കോളനിയിലെത്തിയ പി.വി.അബ്ദുല്‍ വഹാബ് എംപി ജില്ലാപഞ്ചായത്ത് വക 27 ലക്ഷം രൂപ കുടിവെള്ള പദ്ധതിക്ക് നീക്കിവെച്ചിട്ടുള്ളതായി അറിയിച്ചെങ്കിലും നടപടികളൊന്നുമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: