ഈരാറ്റുപേട്ട: നഗരസഭാദ്ധ്യക്ഷന്‍ ടി. എം. റഷീദിനെ സ്ഥാനത്തുനിന്നും മാറ്റണമെന്നാവശ്യപ്പെട്ട് പി. സി. ജോര്‍ജ് എംഎല്‍എ സിപിഎം പൂഞ്ഞാര്‍ ഏരിയ സെക്രട്ടറിയ്‌ക്ക് കത്തു നല്‍കി.
നഗരസഭാ ഭരണം നിലനിര്‍ത്തണണെങ്കില്‍ ചെയര്‍മാനെ മാറ്റുകതന്നെ വേണമെന്ന് കത്തില്‍ വ്യക്തമാക്കിട്ടുണ്ട്. ഒരു വര്‍ഷത്തെ നഗരസഭാ ഭരണത്തില്‍ തങ്ങള്‍ അതൃപ്തരാണെന്നും, പോലീസ് കേസ് ഉള്‍പ്പെടെയുള്ള വിവാദങ്ങളില്‍പ്പെട്ട ചെയര്‍മാന്‍ നാടിന് അപമാനമാണെന്നും കത്തില്‍ സൂചിപ്പിച്ചിക്കുന്നു. ടി. എം. റെഷീദിനെ മാറ്റി മറ്റൊരാളെ പാര്‍ട്ടി കണ്ടെത്തണമെന്നാണ് കത്തില്‍ നിര്‍ദേശിച്ചിരിക്കുന്നത്. കത്തിന് അനുകൂലമായ പ്രതികരണം ഉണ്ടായില്ലെങ്കില്‍ പ്രതിപക്ഷം കൊണ്ടുവന്നേക്കാവുന്ന അവിശ്വാസ പ്രമേയത്തെ പി.സി.ജോര്‍ജ് വിഭാഗം അനുകൂലിക്കുമെന്നും സൂചനയുണ്ട്.
കത്ത് സിപിഎം ഏരിയ കമ്മറ്റി ചര്‍ച്ചക്കെടുത്ത് തീരുമാനത്തിനായി ജില്ലാ കമ്മറ്റിക്ക് കൈമാറിയിട്ടുണ്ട്. ഭരണം നിലനിര്‍ത്തുകയാണ് വേണ്ടെതെന്നാണ് ഏരിയ കമ്മറ്റിയുടെ അഭിപ്രായമെന്നും സിപിഎം കേന്ദ്രങ്ങള്‍ വ്യക്തമാക്കി.
28 അംഗ നഗരസഭയില്‍ എല്‍.ഡി.എഫ്. 9, പി. സി. ജോര്‍ജ് വിഭാഗം 4, യൂഡിഎഫ്. 11 എന്നിങ്ങനെയാണ് കക്ഷിനില. നാല് അംഗങ്ങളുള്ള എസ്ഡിപിഐ വോട്ടെടുപ്പില്‍ വിട്ടുനിന്നതാണ് എല്‍ഡിഎഫിന് ഭരണം ലഭിക്കാന്‍ കാരണം. പി.സി.ജോര്‍ജ് വിഭാഗം മുന്നണി ബന്ധം ഉപേക്ഷിച്ചാല്‍ നഗരസഭാ ഭരണം എല്‍ഡിഎഫിന് നഷ്ടമാകും.
















