ഏറ്റുമാനൂര്‍: ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്ത് സമരമുഖത്തിറങ്ങി ബിജെപി മുഖ്യപ്രതിപക്ഷമായി മാറണമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി. സുരേഷ് പറഞ്ഞു. പ്രതിപക്ഷമെന്ന പദവി ഇന്ന് ബിജെപിക്ക് അവകാശപ്പെട്ടതാണ്. അത് നിലനിര്‍ത്താനായിരിക്കണം പ്രവര്‍ത്തകരുടെ നീക്കം. ഏറ്റുമാനൂര്‍ മണ്ഡലം സമ്പൂര്‍ണ്ണ കമ്മറ്റി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് കെ.ജി. ജയചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. കുമരകം, തിരുവാര്‍പ്പ് പഞ്ചായത്തുകളിലെ സിപിഎം അക്രമം ജനങ്ങളിലെത്തിക്കാന്‍ ബൂത്ത് തലസമ്പര്‍ക്കം നടത്താന്‍ തീരുമാനിച്ചു. വരള്‍ച്ചയെ നേരിടാന്‍ ജലസ്വരാജ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജലസ്രോതസ്സുകള്‍ പഞ്ചായത്തുതലത്തില്‍ സംരക്ഷിക്കാനും പ്രമേയം പാസാക്കി. ജില്ലാ സെക്രട്ടറി സി.എന്‍. സുഭാഷ്, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ആന്റണി അറയില്‍, അനീഷ് വി. നാഥ്, സെക്രട്ടറിമാരായ വി.എന്‍. ജയകുമാര്‍, അഡ്വ. ജോഷി ചൂപ്പുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
















