ആലപ്പുഴ: ലളിതകലാ അക്കാദമിയെ തഴഞ്ഞ് കൊച്ചി മുസരീസ് ബിനാലെയ്ക്ക് കൊച്ചി മെട്രോ തൂണുകളില്‍ ചിത്രം വരയ്ക്കാനുള്ള കരാര്‍ നല്‍കിയത് വിവാദമാകുന്നു. സംസ്ഥാനത്തെ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം വൈദേശിക കലാകാരന്മാരുടെ ആധിപത്യമുള്ള കൊച്ചി മുസരീസ് ബിനാലെയ്ക്ക് സര്‍ക്കാര്‍ അമിത പ്രാധാന്യം നല്‍കുകയാണെന്ന് ആക്ഷേപം ഉയരുന്നു.
ലളിതകലാ അക്കാദമിയെ പോലും തഴഞ്ഞാണ് ബിനാലെയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ ഫണ്ടു നല്‍കുന്നതെന്ന് ചിത്രകാരന്മാരുടെ കൂട്ടായ്മയായ ഹാര്‍മണി ആര്‍ട്ട് ഗ്രൂപ്പ് കുറ്റപ്പെടുത്തി. ഇത്തവണ മാത്രം എട്ടു കോടി രൂപയാണ് സര്‍ക്കാര്‍ ബിനാലെയ്ക്ക് നല്‍കിയത്. കലാകാരാന്മാരെ രണ്ടു തട്ടിലാക്കുകയാണ് ബിനാലെയ്ക്ക് അമിതപ്രാധാന്യം നല്‍കുന്നതിലൂടെ സര്‍ക്കാര്‍ ചെയ്യുന്നത്.
മലയാളികളായ കലാകാരന്മാര് ഉപജീവനത്തിന് പോലും ബുദ്ധിമുട്ടുമ്പോഴാണ് കേവലം പന്ത്രണ്ടു മലയാളികള്‍ മാത്രം അംഗങ്ങളായ ബിനാലെ നടത്തിപ്പുകാര്‍ക്ക് ഇടതു സര്‍ക്കാര്‍ അക്കാദമിയെ പോലും തഴഞ്ഞ് കോടികള്‍ സഹായം നല്‍കുന്നത്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മെട്രോ തൂണുകളില്‍ ചിത്രം വരയ്ക്കാന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡും കൊച്ചി മുസരീസ് ബിനാലെയും തമ്മിലുണ്ടാക്കിയ കരാര്‍.
നേരത്തെ ലളിതകലാ അക്കാദമിയുമായി സഹകരിച്ച് പദ്ധതി നടപ്പാക്കാനായിരുന്നു ആലോചന. എന്നാല്‍ ബിനാലെ നടത്തിപ്പുകാര്‍ തന്ത്രപൂര്‍വം കരാര്‍ കയ്യടക്കുകയായിരുന്നുവെന്നും ഇത് റദ്ദ് ചെയ്യണമെന്നും ഹാര്‍മണി ചെയര്മാന് സിറിള്‍ ഡൊമനിക്ക് പറഞ്ഞു. അക്കാദമികളാണ് കലാകാരന്മാരെ പരിപോഷിപ്പിക്കേണ്ടത്, എന്നാല്‍ ഇവിടെ സ്വകാര്യ സംരഭകര്‍ കലാമേഖലയില്‍ ആധിപത്യം ചെലുത്തുകയാണ്. ഈസ്റ്റിന്ത്യാ കമ്പനി എങ്ങിനെയാണോ ഇവിടെ പിടിമുറുക്കിയത് അതേ മാതൃകയിലാണ് ബിനാലെയുടെ പ്രവര്‍ത്തനവുമെന്ന് അദ്ദേഹം പറഞ്ഞു.
സിപിഎം നേതാവ് എം.എ. ബേബിയുടെ പിന്തുണയോടെയാണ് ബിനാലെ നടത്തിപ്പിന് തുടക്കം കുറിച്ചത്. ബിനാലെയ്ക്കെതിരെ തുടക്കം മുതല്‍ തന്നെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അതിന് ബലം നല്‍കുന്നതാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: