രോഗം വരാന്‍ വഴികള്‍ പലതാണ്. രോഗിയുമായുള്ള സമ്പര്‍ക്കം, ശുചിത്വമില്ലാത്ത പരിസരം, അന്തരീക്ഷ മലിനീകരണം, കൊതുക് തുടങ്ങിയ രോഗവാഹികള്‍-അങ്ങനെയങ്ങനെ പല കാരണങ്ങള്‍. പക്ഷെ രോഗം വരാന്‍ ഇനിയുമുണ്ട് വഴികള്‍. കാറ്റിലൂടെയും സ്പര്ശനത്തിലൂടെയും ജലത്തിലൂടെയും മാത്രമല്ല രോഗവുമായി കീടാണുക്കള്‍ എത്തുക. സ്വന്തം ഹാന്‍ഡ് ബാഗിലൂടെയും മൊബൈല്‍ ഫോണിലൂടെയും ചികിത്സിക്കുന്ന ഡോക്ടറുടെ കോട്ടിലൂടെയുമൊക്കെ അവ നിങ്ങളെ തേടിയെത്തും.
സ്ത്രീകളുടെ തോളില്‍ മാറാക്കൂട്ടുകാരനായി സ്ഥാനം പിടിച്ച ഹാന്‍ഡ് ബാഗു തന്നെ കഥയിലെ ആദ്യ വില്ലന്‍. നൂറുകണക്കിന് രോഗങ്ങളോടെ ആയിരക്കണക്കിന് കീടാണുക്കള്‍ കോളനി കെട്ടിക്കിടക്കുന്നത് മനോഹരമായ ഈ സഞ്ചികളുടെ പ്രതലത്തിലാണെന്ന് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു. ഹാന്‍ഡ് ബാഗുമായി നാമെവിടെയൊക്കെ പോകുന്നുണ്ടെന്ന് ആലോചിച്ചുനോക്കുക. തീവണ്ടി, ബസ്, മീന്‍ചന്ത, വെയിറ്റിങ് ഷെഡ്, ആശുപത്രി, പൊതുകക്കൂസുകള്‍ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ ബാഗ് നിങ്ങള്‍ക്കൊപ്പമുണ്ടാവും. ഈ സ്ഥലങ്ങളാവട്ടെ കീടാണുക്കളുടെ കുടാരവും. ബാഗ് വയ്ക്കുകയും എടുക്കുകയും ചെയ്യുമ്പോള്‍ അവ അതില്‍ പറ്റിപ്പിടിക്കും, ബാഗിലെ ഈര്‍പ്പവും ചൂടും വളര്‍ന്നു വലുതാവാനുള്ള വിളനിലമായി മാറുകയും ചെയ്തു.
വല്ലപ്പോഴുമെങ്കിലും ബാഗ് കഴുകാനോ ചൂടുവെയിലില്‍ ഉണക്കിയെടുക്കാനോ നാമാരും മിനക്കെടാറില്ല. ഫലം നൂറ് കണക്കിന് രോഗങ്ങളും വയറിളക്കവും ഛര്‍ദ്ദിയും മുതല്‍ ചെങ്കണ്ണും ചിക്കന്‍പോക്സും ചിരങ്ങും വരെ. ചെരിപ്പ് എത്ര പുതിയതായാലും യാത്ര കഴിഞ്ഞെത്തുമ്പോള്‍ വരാന്തയില്‍ ഉപേക്ഷിക്കുന്ന നാം അതിലും വൃത്തികെട്ട വസ്തു ബാത്ത് റൂമിലും ബെഡ്റൂമിലും തുണി അലമാരയിലുമൊക്കെ ഭദ്രമായി സൂക്ഷിക്കുന്നു.
മൊബൈല്‍ ഫോണ്‍ പൗച്ചുകളും നിസ്സാരന്മാരല്ല. അവ സമസ്ത സ്ഥലത്തും നമുക്കൊപ്പം പ്രവേശിക്കും. ടോയ്ലറ്റും ആശുപത്രിയും മുതല്‍ ഊണുമേശയുടെ പുറത്തുവരെ പൗച്ചിനുള്ളില്‍ കുടിയിരിക്കുന്ന ‘ന്യൂജന്‍’ ടച്ച് ഫോണുകളും മോശക്കാരല്ല. ഒരു ടച്ച് ഫോണില്‍ ശരാശരി കാല്‍ലക്ഷം ബാക്ടീരിയകളെങ്കിലും ഇരയെ കാത്തിരിക്കുന്നു. ടോയ്ലറ്റിലെ ബാക്ടീരിയകള്‍ കൈവിരലിലൂടെ മൊബൈലിലും തുടര്‍ന്ന് പിഞ്ഞാണത്തിലുമെത്താന്‍ സാധ്യത ഏറെയെന്നു സാരം. സംസാരിക്കുമ്പോള്‍ ചെവിയിലും കണ്ണിലും ചുണ്ടുകളിലുമൊക്കെ അവ കടന്നുകയറിയേക്കാം. മൊബൈല്‍ ഫോണ്‍ കീടാണുവിമുക്തമാക്കാനും മാത്രം നമ്മുടെ ശാസ്ത്രാവബോധം വളര്‍ന്നിട്ടുമില്ല.
മൊബൈല്‍ ഫോണുകളില്‍ 94.5 ശതമാനവും രോഗാണുബാധിതമാണെന്നാണ് അടുത്തയിടെ നടന്ന ഒരു ഗവേഷണ ഫലം വ്യക്തമാക്കുന്നത്. അവയില്‍ കണ്ട വലിയൊരു പങ്ക് ബാക്ടീരിയകളും ആന്റിബയോട്ടിക് പ്രതിരോധശേഷി കൈവരിച്ചവയാണത്രെ. ജപ്പാനില്‍ വെള്ളം വീണാല്‍ കേടുവരാത്ത മൊബൈലുകളാണത്രെ യുവതലമുറയുടെ ഹരം. ടോയ്ലറ്റിലിരിക്കുമ്പോഴാണത്രെ അവര്‍ ചാറ്റിങ് നടത്തുന്നതും മെസേജ് അയയ്ക്കുന്നതും. അണുക്കളെ വിളിച്ചു കയറ്റാന്‍ ഇതിലും നല്ല മാര്‍ഗം വേണ്ട. അതുകൊണ്ടാവണം ഒരു മൊബൈല്‍ ഭീമന് ഈയിടെ പുതിയൊരു ടോയ്ലറ്റ് പേപ്പര്‍ തന്നെ പുറത്തിറക്കിയത്. കക്കൂസില്‍ നിന്നിറങ്ങുമ്പോള്‍ മൊബൈല്‍ തുടച്ച് കീടാണു വിമുക്തമാക്കുന്നതിനുള്ള പ്രത്യേക പേപ്പര്‍.
ഇനി മറ്റൊരു വില്ലനെക്കൂടി കൊണ്ടുവരാം ഡോക്ടര്‍മാര്‍ ധരിക്കുന്ന വെളുത്ത ആശുപത്രി കോട്ട്! കീടാണുക്കളെ ‘പരാഗണം’ നടത്തുന്നതില്‍ വെള്ളക്കോട്ടുകള്‍ക്ക് വലിയ പങ്കാണുള്ളതെന്ന് സര്‍വേകള്‍ തെളിയിക്കുന്നു. കൈനീളമുള്ള വെള്ളക്കോട്ടില്‍ ആശുപത്രിയുടെ നാനാഭാഗത്തുനിന്നുമുള്ള കീടാണുക്കള്‍ കയറിപ്പറ്റും. ഡോക്ടര്‍മാര്‍ വാര്‍ഡുകളില്‍ റൗണ്ട്സ് നടത്തുന്നതിനൊപ്പം അണുക്കളും യാത്ര നടത്തും. ഡോക്ടര്‍മാര്‍ അണിയുന്ന കഴുത്തിലെ ടൈകളും രോഗാണുവാഹകരാണത്രെ. അമേരിക്കയിലെ സൊസൈറ്റ് ഫോര്‍ ഹെല്‍ത്ത് കെയര്‍ എപ്പിഡിമിയോളജി ജേര്‍ണല്‍ മുതല്‍ ചെന്നൈയിലെ ചില ആശുപത്രികളില്‍ നടത്തിയ സര്‍വേകള്‍ വരെ ഇക്കാര്യം അക്കമിട്ടു പറയുന്നു.
സര്‍വേയില്‍ പരിശോധനാ വിധേയമാക്കിയ മൂന്നിലൊന്ന് ഡോക്ടര്‍മാരില്‍ ടൈകളിലും സ്റ്റെഫിലോ കോക്കസ് ഓറിയസ് ബാക്ടീരിയയെ കണ്ടെത്തിയതായും സര്‍വേ സൂചിപ്പിക്കുന്നു. ഇവയെ മറ്റ് രോഗികളിലേക്ക് കൈമാറ്റം ചെയ്യപ്പെടാന്‍ ബുദ്ധിമുട്ടില്ലെന്നാണ് ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണല്‍ നിരീക്ഷണം. ഇങ്ങനെ വരുന്ന രോഗങ്ങളെ ‘ഹോസ്പിറ്റല്‍ അക്വയേര്‍ഡ് ഇന്ഫെക്ഷന് (ആശുപത്രിയില്‍ നിന്നുണ്ടാകുന്ന പകര്‍ച്ച വ്യാധികള്‍) എന്നാണത്രെ വിളിക്കുക. കോട്ടുകളും മറ്റും കൃത്യമായ ഇടവേളകളില്‍ നനച്ച് വൃത്തിയാക്കാതിരിക്കുന്നത് പ്രശ്ന ഗൗരവം വര്‍ധിപ്പിക്കും. ഡോക്ടര്‍മാര്‍ കഴുത്തിലെ ടൈ വേണ്ടെന്നുവയ്ക്കണമെന്നും കോട്ടിന്റെ കൈനീളം കുറയ്ക്കണമെന്നുമൊക്കെ ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദ്ദേശിക്കുന്നത് ഇതുകൊണ്ടാണ്.
ഇവിടെയും വില്ലന്റെ റോളില്‍ മൊബൈല്‍ ഫോണ്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. തങ്ങളുടെ പ്രിയപ്പെട്ട മൊബൈല്‍ ഫോണുകളുമായാണ് ഡോക്ടര്‍മാര്‍ സകല സ്ഥലത്തും സഞ്ചരിക്കുന്നതെന്ന് വിവിധനാടുകളില്‍ നടത്തിയ സര്‍വേകള്‍ ചൂണ്ടിക്കാണിക്കുന്നു. അതിന് ഓപ്പറേഷന് തിയറ്റര്‍ എന്നോ ഐസിയു എന്നോ ഭേദമില്ലപോലും. മൊബൈലുകളെ അണുനാശം വരുത്തുന്ന കാര്യവും ഉടമസ്ഥര്‍ ശ്രദ്ധിക്കാറില്ലത്രെ. ആസ്ട്രേലിയയിലും തുര്‍ക്കിയിലും ഇന്ത്യയിലുമൊക്കെ നടന്ന സര്‍വേകള്‍ പറയുന്ന ഫലം ഇതുതന്നെ. ഫലം രോഗാണുക്കളുടെ ആദാനവും പ്രദാനവും. അതുകൊണ്ടാണത്രെ ആശുപത്രിയിലെ പ്രധാന മുറികളില്‍ മൊബൈല്‍ പൂര്‍ണമായും നിരോധിക്കണമെന്ന് ഒരു വിഭാഗം ആരോഗ്യപ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. വെള്ളക്കോട്ട് തന്നെ വേണ്ടെന്ന് വയ്ക്കണമെന്നാണ് മറ്റു ചിലരുടെ ആവശ്യം.
ഡോക്ടറുടെ കാര്യം അവിടെ നില്ക്കട്ടെ. അതവര് വേണ്ടതുപോലെ ചെയ്യുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഹാന്‍ഡ് ബാഗുകളും മൊബൈല്‍ ഫോണുകളും ശുചിയായി സൂക്ഷിക്കാനെങ്കിലും നാം ശ്രദ്ധിക്കുക. യാത്ര കഴിഞ്ഞെത്തുമ്പോള്‍ ഹാന്‍ഡ് ബാഗുകള്‍ വസ്ത്രങ്ങള്‍ക്കൊപ്പം വലിച്ചെറിയാതെയും ബാഗും മൊബൈലും ആഹാരത്തിനൊപ്പം ഊണുമേശയില്‍ നിരത്താതെയുമെങ്കിലും സൂക്ഷിക്കുക. നാമുപയോഗിക്കുന്ന ഇത്തരം വസ്തുക്കള്‍ ഇടക്കിടക്കെങ്കിലും അണുവിമുക്തമാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: