അറിവിന് തീരം നമ്മുടെ മുന്നില്‍ തുറന്നു വെയ്ക്കും നവലോകം
അറിയാതയ്യോ ആഴം കാണാ അഗാധ ഗര്‍ത്തങ്ങള്‍ തീര്‍ക്കും
മുറിവേറ്റാലും പഠിക്കയില്ലീ മൂഢതയേറും യുവലോകം
കറിവേപ്പില പോല്‍ തന്നെത്തന്നെ ചവച്ചു തുപ്പാനിടവെയ്ക്കും
‘ഇന്റര്‍നെറ്റും’, ‘ഇന്‍ട്രാനെറ്റും’, ‘ലാനും’, ‘വാനും’ ചേര്ത്തുലകം
തന്റേതാക്കിത്തീര്ത്തിവരെല്ലാം തമ്മില്‍ത്തമ്മില്‍ കാണാതെ
എന്റേതെന്നും, നിന്റേതെന്നും ഭേദം കല്പ്പിച്ചീടാതെ
തന്റെ മുന്‍പേ ഗമിച്ചീടുന്നൊരു ‘ഗോ’വിന് പിന്‍പേ പോകുന്നു
ഓര്‍ക്കുന്നുണ്ടോ ‘ഓര്ക്കൂട്ടെ’ന്നൊരു കൂട്ടിലെ പല പല പെണ്കിളികള്
പേര്‍ത്തും വക്രതയേറിയൊരാസുരതാണ്ഡവമൊന്നില് ബലിയായി
തീര്‍ത്തു മറന്നാ വാര്ത്തയിലൂറിയ തീരാവേദന തന് കഥകള്‍
ആര്‍ക്കും വേണ്ടാ അപ്രിയ സത്യം കേട്ടുമറക്കാനെളുതല്ലോ
‘ഫേസു ബുക്കും, ‘വാട്ട്സ്സാപ്പും’, ട്വിറ്ററും, ഗൂഗിള്‍ പ്ലസും
‘ഈസി’യായി കയ്യിലെത്താന്‍ ‘സ്മാര്‍ട്ട്ഫോണി’ല്‍ വഴിയേറെ
ഫീസടയ്ക്കാം, ബില്ലുമടയ്ക്കാം, കാശില്ലെങ്കില്‍ ലോണ്‍ വാങ്ങാം
ഓസിനു കിട്ടും വീഡിയോകള്‍ ‘പാസ്സ്ടൈം’ പാഴാക്കാനായ്
‘സെല്‍ഫി’യെടുത്ത് സ്വന്തം ചിത്രം ‘സെല്‍ഫാ’യ് കണ്ടാനന്ദിച്ചീടാം
‘സെല്ഫിഷെ’ന്നാല് ‘സ്വാര്‍ത്ഥത’യെന്നാണര്ത്ഥമതെന്നതുമറിയാതെ
‘സെല്‍ഫോണ്‍’ ‘സ്മാര്‍ട്ടാ’യപ്പോള്‍ ‘ഓവര്സ്മാര്ട്ടാ’യ് തീര്‍ന്നൊരു വിരുതന്മാര്
‘സെല്ലി’നകത്തായ് വിക്രിയ മറ്റൊരു ‘സെല്ലി’ല്‍ റെക്കോര്ഡായപ്പോള്
‘ചാറ്റിങ്ങ്’ ചെയ്തു തുടങ്ങും പല പല ചായക്കൂട്ടില്‍ ബന്ധങ്ങള്‍
‘ഡേറ്റിങ്ങി’ല്‍ ചെന്നെത്തുമ്പോളും ‘കാഷ്വല’തെന്നുര ചെയ്യുന്നു
‘ഡേറ്റുകള്‍’ തെറ്റിത്തെറ്റി നടക്കും നീറ്റമതുള്ളില് നിറയുമ്പോള്‍
‘ചീറ്റിങ്ങാ’ണേ ‘ചാറ്റിങ്ങെ’ന്നന്നേറ്റു പറഞ്ഞു വിലപിക്കും
‘നെറ്റ’തിലല്ലേ പലരുടെ ലോകം നേരം തെറ്റിയ നേരത്തും
തെറ്റുകള്‍ പോലും കണ്ടറിയാനായ് ‘സെര്‍ച്ചുകള്‍’ ചെയ്തേ മതിയാകൂ
ഉറ്റവരോടും, ഉടയവരോടും ഉരിയാടാനായ് ‘ടൈമി’ല്ല
പറ്റിയ നേരം കിട്ടാനില്ല ‘എസ്എംഎസ്സൊ’ന്നയക്കുമോ?
അതിരില്ലാത്തൊരു സ്വാതന്ത്ര്യത്തിന് മദിരാചഷകം നുകരുമ്പോള്‍ പതിരില്ലാത്തൊരു ചൊല്ലിനെയോര്ത്താല് പദമല്പം പതിയെപ്പോകും
അതിഭോജനമമൃതാണെന്നാലും ആയതു വിഷമായ്ത്തീര്ന്നീടും
മതിയും കൊതിയും തീരാക്കഥകള്‍ മാനവ ജീവചരിത്രത്തില്‍
ചുരുങ്ങിടുന്നു നമ്മുടെ ലോകം ‘ടെക്നോളജി’യാല്‍ ദിനം ദിനം
കുരുങ്ങിടുന്നു ‘നെറ്റി’ലെ മായാവലയില്‍ നമ്മള് നിരന്തരം
വരുന്ന കാലം എങ്ങിനെയാണെന്നറിഞ്ഞിടാനൊരു വഴിയെന്തോ?
കുരുന്നുകള്ക്കറിയാമോ തെറ്റും ശരിയും തമ്മിലെ വ്യത്യാസം!
പ്രതികരിക്കാൻ ഇവിടെ എഴുതുക: