കൊന്നുവോ നിങ്ങളെന്നച്ഛനെ കണ്ണുകള്‍
എന്നും കണികണ്ടൊരെന്റെ ദൈവത്തിനെ
കൊന്നുവോ നിങ്ങളെന്‍ സ്നേഹ ഗന്ധത്തിനെ
കൊന്നുവോ നിങ്ങളെന്‍ ജീവിതത്തൂണിനേ
മോഹങ്ങള്‍ നെഞ്ചേറ്റിനിന്ന മാനത്തിനെ
ആത്മാവിനുള്ളിലെയാത്മസൗധത്തിനെ
നാളേക്കു നീളേണ്ടൊരെന്‍ വഴിക്കണ്ണിനെ!
ജനുവരി 18-19 അര്‍ധരാത്രിയോടെ മുഖ്യമന്ത്രി പിണറായി വിജയന് പ്രതിനിധാനം ചെയ്യുന്ന ധര്‍മ്മടം നിയോജകമണ്ഡലത്തിലെ മുതിര്‍ന്ന സ്വയംസേവകനും തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുമായിരുന്ന എഴുത്താന്‍ സന്തോഷ്കുമാറിനെ, മാര്‍ക്സിസ്റ്റ് പിശാചുക്കളാല്‍ ഉറക്കപ്പായില് വെട്ടിക്കൊലപ്പെടുത്തപ്പെട്ട സന്തോഷ്കുമാറിനെ ഓര്‍ത്ത് അദ്ദേഹത്തിന്റെ മകള്‍ വിസ്മയയുടെ ആത്മരോദനം മനസ്സില്‍ വെച്ച് മനോജ് മനയില്‍ രചിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞുനില്ക്കുന്ന കവിതാശകലമാണ് മേല്‍ ഉദ്ധരിച്ചത്.
ആ പെണ്‍കുരുന്നിന്റെ ആത്മാവിഷ്കാരം ഇത്ര ഹൃദയഭേദകമായി വെളിപ്പെടുത്താന്‍ സംവേദനക്ഷമമായ ഹൃദയത്തിനേ കഴിയൂ. 1959 ല്‍ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ മുഖ്യമന്ത്രി ഭരണത്തിനെതിരെയായി നടന്ന വിമോചന സമരകാലത്ത് തിരുവനന്തപുരത്ത് ചെറിയതുറ കടപ്പുറത്ത് നടന്ന പോലീസ് വെടിവെപ്പില്‍ കിണറ്റില്‍നിന്ന് വെള്ളം കോരിക്കൊണ്ടുനിന്ന ഫ്ളോറിയെന്ന ഗര്‍ഭിണി മരിച്ചതിനെപ്പറ്റി മഹാകവി ജി. ശങ്കരക്കുറുപ്പ് എഴുതിയ ‘അന്ത്യമാല്യം’ എന്ന കവിതയെ ഓര്‍മിപ്പിക്കുന്നതാണ് മനോജിന്റെ വരികള്‍. ഭര്‍ത്താവ് കടലില്‍ പോയ സമയത്തായിരുന്നു സംഭവം. കത്തോലിക്കര്‍ തിങ്ങിപ്പാര്‍ത്ത ആ സ്ഥലം വിമോചന സമരത്തില്‍ പങ്കെടുത്തവരുടെ കേന്ദ്രമായതിനാല്‍ പോലീസ് പാറാവിലായിരുന്നു.
കുട്ടികള്‍ കൂക്കിവിളിച്ചതില്‍ പ്രകോപിതരായ പോലീസുകാര്‍ ഊടുപാട് വെടിവെക്കുകയായിരുന്നു. മൂന്നുപേര്‍ മരിച്ച വിവരം പോലീസ് പിന്വാങ്ങിയശേഷമാണറിവായത്. അവരില്‍ ഫ്ളോറിയും പെട്ടു. ആ വെടിവെപ്പായിരുന്നു ലോകത്തില്‍ ആദ്യമായി തെരഞെടുപ്പിലൂടെ അധികാരത്തിലേറിയ കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ പതനത്തിലേക്കു നയിച്ച സംഭവം.
സന്തോഷിന്റെ കൊല അതുമായി താരതമ്യമുള്ളതല്ല. പാര്ട്ടിഗ്രാമമെന്നവര് കരുതുന്ന അണ്ടലൂരില്‍ സംഘശാഖ നടത്താനും, ബിജെപി ഘടകം രൂപീകരിച്ച് നേതൃത്വം നല്‍കാനും, പ്രാദേശിക തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാനും നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയായ പിണറായി വിജയനെതിരെ വോട്ടുപിടിക്കാനും ചങ്കുറപ്പുകാട്ടിയ സന്തോഷ് ജീവിച്ചിരുന്നുകൂടാ എന്നുതന്നെ പാര്ട്ടിത്തമ്പുരാക്കന്മാര് വിധിച്ചു.
ഭാര്യയും മകളും വീട്ടിലില്ലാതിരുന്ന അവസരം കണ്ട് അര്‍ധരാത്രിയില്‍ വാതില്‍ ചവിട്ടിത്തുറന്നകത്തുകയറി തലങ്ങും വിലങ്ങും വെട്ടിനുറുക്കുകയായിരുന്നു. ഇത്തരം കൃത്യങ്ങളില്‍ മാര്‍ക്സിസ്റ്റ് കൊലയാളികള്‍ക്കു മാത്രം കഴിയുന്ന വിധത്തിലാണ്-മൊകേരിയില്‍ ജയകൃഷ്ണന് മാസ്റ്ററെയും, ഓര്‍ക്കാട്ടേരിയില്‍ ടി.പി. ചന്ദ്രശേഖരനെയുമെന്നപോലെ, സന്തോഷിനെയും ഇല്ലായ്മ ചെയ്തത്. പരിയാരം മെഡിക്കല്‍ കോളേജിലെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം അന്ത്യസംസ്കാരത്തിനായി ധര്‍മടത്തേക്കു കൊണ്ടുപോകും വഴിക്ക്, സ്കൂള്‍ കലോത്സവം നടക്കുന്നുവെന്ന കാരണംപറഞ്ഞ് കണ്ണൂര്‍ നഗരവീഥികളില്‍ മൃതദേഹത്തെ അപമാനിക്കാന്‍കൂടി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും അവരുടെ പോലീസും ഉദ്യമിച്ചത് നാം കണ്ടു. കലോത്സവം തടസപ്പെടുത്താതെയാണ് സംഘപരിവാര്‍ ആഹ്വാനംചെയ്ത ഹര്‍ത്താല്‍ നടത്തിയത്.
വലിയതുറയലെ വെടിവെപ്പും ഫ്ളോറിയടക്കമുള്ള മൂന്നു നിരപരാധികളുടെ മരണവുമാണ് ഇഎംഎസ് വാഴ്ചയുടെ അന്ത്യം കുറിക്കാന്‍ പ്രേരകമായ ഘടകങ്ങളില്‍ ഏറ്റവും പ്രധാനമായി കരുതപ്പെട്ടത്. അവിടെ ഘാതകര്‍ പോലീസായിരുന്നു, അണ്ടലൂര്‍ കൊലയില്‍ പാര്‍ട്ടി സഖാക്കള്‍തന്നെയാണ് ഘാതകര്‍, അത് പിണറായി ഭരണത്തിന്റെ പതനത്തിലേക്കുള്ള സുപ്രധാന പടിയായിരിക്കുമെന്നതിന് സംശയമില്ല.
ധര്‍മടം മണ്ഡലത്തിലാണ് അണ്ടലൂര്‍. ധര്‍മടം അംശത്തിലെ നാല് ദേശങ്ങളില്‍ ഒന്നു ധര്‍മടം, പാലയാട്ട്, മേലുര് അണ്ടലൂര്‍. ധര്‍മടം പുഴയും അഞ്ചരക്കണ്ടിപുഴയും ചേര്‍ന്ന് ധര്‍മടത്തെ ഒരുമിച്ചാക്കി മാറ്റി പടിഞ്ഞാറ് കടലും.ധര്‍മടം ഇന്ന് ബ്രണ്ണന്‍ കോളേജ് കാമ്പസ് സ്ഥിതിചെയ്യുന്ന സ്ഥലമാണ്. അതാകട്ടെ ചേരമാന്കുന്ന് എന്ന് വിളിക്കപ്പെട്ടിരുന്ന ചരിത്രപ്രധാനമായ സ്ഥലവും. അവസാനത്തെ ചേരമാന്‍ പെരുമാള്‍ ബുദ്ധമതം സ്വീകരിച്ച് ധര്‍മപട്ടണത്തെ തന്റെ രണ്ടാം തലസ്ഥാനമാക്കിയെന്നും, കുന്നിന്മുകളില് കോട്ടയും കോവിലകവും നിര്‍മിച്ചുവെന്നും ഐതിഹ്യം. അവിടെനിന്ന് ബുദ്ധമതപ്രചരണാര്‍ത്ഥം ഭിക്ഷുസംഘവുമായി ശാന്തസമുദ്ര ദ്വീപായ ജാവയി (യവദ്വീപം)ലേക്കു പോയി എന്ന് കൃഷ്ണാനന്ദസ്വാമി (തിരുവങ്ങാട്ട് സി. കൃഷ്ണക്കുറുപ്പ്) എഴുതിയ ‘കേരള ചരിത്രം പരശുരാമനിലൂടെ’ എന്ന ഗവേഷണ ഗ്രന്ഥത്തില്‍ പറഞ്ഞിട്ടുണ്ട്.
മുഹമ്മദ് മതം സ്വീകരിച്ച് മക്കത്തു പോയി എന്ന കഥയ്ക്ക് പ്രാധാന്യവും ഇല്ലാതാകുമെന്നതിനാല്‍ മതേതര, ഇടതുപക്ഷ, ബുദ്ധിജീവി ചരിത്രകാരന്മാര് ആ കഥയെ അപ്പാടെ തള്ളി. എന്നാല്‍ ധര്മപട്ടണമാണ് ധര്മടമായതെന്ന കാര്യം അവരും സമ്മതിക്കാതിരിക്കുന്നില്ല. ബുദ്ധഭിക്ഷുക്കള്‍ മുണ്ഡിതശിരസ്കരായതിനാല്, മൊട്ടത്തലയന്മാരായ മുസ്ലിങ്ങളുമായി ആദ്യകാലത്ത് തെറ്റിദ്ധരിച്ചിട്ടുണ്ടാവാം, മുസ്ലിങ്ങളെ ബൗദ്ധന്‍ എന്ന് വിളിക്കുന്ന പാരമ്പര്യം അടുത്തകാലംവരെയുണ്ടായിരുന്നുവെന്നും ഓര്‍ക്കുക. പള്ളി എന്നു ആരാധനാലയങ്ങളെ മുസ്ലിങ്ങള്‍ പറയുന്നത് ബുദ്ധമതത്തില്‍നിന്ന് സ്വീകരിച്ചതാണുതാനും.
ധര്‍മടം തീവണ്ടിയാപ്പീസിന് കിഴക്കുഭാഗത്ത് ഒരു ഒഴിഞ്ഞ പറമ്പിലായിരുന്നു ധര്‍മടത്തെ സംഘശാഖ നടന്നുവന്നത്. (1955-64ല്‍). അവിടെ കൂടിക്കിടന്ന കല്കഷണങ്ങളുടെ കൂട്ടത്തില്‍ തലയില്ലാത്ത ബുദ്ധവിഗ്രഹം ഉണ്ടായിരുന്നു. അവിടം ബുദ്ധവിഹാരമായിരുന്നെന്ന് പഴയ സ്വയംസേവകര്‍ അഭിപ്രായപ്പെട്ടു. പില്ക്കാലത്ത് അവിടം മുസ്ലിങളുടെ കൈവശത്തില്‍ വരികയും പള്ളി ഉയരുകയും ചെയ്തു.
ധര്‍മടത്ത് ഏഴു പതിറ്റാണ്ടു മുമ്പുതന്നെ ശാഖാപ്രവര്ത്തനമുണ്ടായിരുന്നു. 1957 ല്‍ രാമചന്ദ്രന് കര്‍ത്ത തലശ്ശേരിയില്‍ പ്രചാരകനായിരുന്നപ്പോള്‍ ശാഖയുള്ളതായി അദ്ദേഹം പറയുമായിരുന്നു. 1958 ല്‍ ബ്രണ്ണന്‍ കോളേജ് അവിടെ പ്രവര്ത്തനമാരംരിച്ച ദിവസമാണ് ഞാന്‍ പ്രചാരകനായി എത്തിയത്. അക്കാലത്തുതന്നെ അണ്ടലൂരില്‍ പോകാന്‍ അവസരമുണ്ടായി. അണ്ടലൂര്‍ കാവിലെ ഉത്സവം ധര്മടക്കാരുടെ ദേശീയോത്സവമാണ്. ‘അന്തര്വില്ലൂര് ക്ഷേത്രമാഹാത്മ്യം’ എന്ന ഒരു കിളിപ്പാട്ട് കാവ്യത്തില്‍ കാവിന്റെ കഥ പറയുന്നു.
സീതാസ്വയംവരത്തിനു മിഥിലയിലെത്തിയ രാമന് മുറിച്ച ശൈവചാപത്തിന്റെ ഒരു കഷണം ചെന്നു വീണ സ്ഥലമാണത്രേ അന്തര്വില്ലൂര്. അതുപിന്നെ അണ്ടലൂരായി. (ഖണ്ഡവില്ലൂര് ലോപിച്ച്). രാമന്, ലക്ഷ്മണന്, ഹനുമാന്, ശിവന്, സീത എന്നീ പ്രതിഷ്ഠകള്‍ അവിടെയുണ്ട്. ഉത്സവ (കുംഭം 1-7 വരെ) കാലത്ത് ആ നാട്ടില്‍ ചെല്ലുന്നവര്‍ക്ക് വിശിഷ്ടാതിഥികള്ക്കനുയോജ്യമായ വിരുന്നാണ് ലഭിക്കുക. ഇളനീര്, അവില്, വത്തക്ക (തണ്ണിമത്തന്) എന്നിവയാവും വിഭവങ്ങള്‍. അക്കാലം പൂര്‍ണമായും സസ്യാഹാരികളാണ് നാട്ടുകാര്‍. പല സ്വയംസേവകരുടേയും വീടുകളില്‍ അക്കാലത്തു കഴിയാന്‍ ഇടവന്നു.
സംഘവും കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും സോഷ്യലിസ്റ്റുകാരും സംഘര്‍ഷം കൂടാതെ താന്താങ്ങളുടെ ആശയപ്രചാരണം നടത്താന്‍ വിഷമം കാണിക്കാത്ത കാലത്താണ് എനിക്കവിടെ പ്രചാരകനായി കഴിയാന്‍ സാധിച്ചത്. ചിറക്കുനി എന്ന സ്ഥലത്ത് ഗണേശ് ബീഡി തെറുക്കുന്ന ഹാളില്‍ അവരൊക്കെ ഒരുമിച്ചിരുന്ന് ജോലി ചെയ്തും, ദേശാഭിമാനിയും കേസരിയും ഉറക്കെ വായിച്ചും കഴിഞ്ഞുകൂടി. എന്നാല്‍ 1967 ലെ സപ്തകക്ഷി മുന്നണി ഭരണത്തില്‍ വരികയും മാര്‍ക്സിസ്റ്റ്-ലീഗ് കൂട്ടുകെട്ടുണ്ടാകുകയും ചെയ്തപ്പോള്‍ കണ്ണൂര്‍ ജില്ലയിലെല്ലായിടത്തും അതുമായി പൊരുത്തപ്പെടാതെ നിരവധി ചെറുപ്പക്കാര്‍ സംഘത്തോടടുത്തു.
അടിയന്തരാവസ്ഥക്കാലത്തെ മാര്‍ക്സിസ്റ്റ് നേതാക്കളുടെ നപുംസകനയം മൂലം ആ പ്രക്രിയ കൂടുതല്‍ ശക്തമായി. സംഘപ്രസ്ഥാനങ്ങളിലേക്കുള്ള ഒഴുക്കു തടയാനായി സ്വീകരിച്ചതാണ് ഉന്മൂലനനയം. ജനതാപാര്‍ട്ടി വിട്ട് ബിജെപി രൂപീകൃതമായതോടെ സിപിഎം അക്രമരാഷ്ട്രീയം ശക്തിയാര്‍ജിച്ചു. 1980-81 കാലത്ത് ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പോലീസുകൂടി രാഷ്ട്രീയം കളിച്ചു. ഉത്തരകേരളമാകെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അക്രമത്തിനിരയായി. ഭായിമഹാവീറിന്റെ നേതൃത്വത്തില്‍ ഒരു നേതൃസംഘം അക്രമത്തിനിരയായവരെ സന്ദര്‍ശിച്ച് തെളിവെടുത്തു. മേലൂരിലെ തകര്‍ക്കപ്പെട്ട വീടുകളും അക്രമത്തിനിരയായ ആളുകളെയും അവര്‍ സന്ദര്‍ശിച്ചിരുന്നു.
അന്പതുകളില്തന്നെ പാര്‍ട്ടി ഗ്രാമങ്ങളായിത്തീര്ന്നുകഴിഞ്ഞ കണ്ണൂര്‍ ജില്ലയിലെ അനേകം സ്ഥലങ്ങളില്‍ സംഘപ്രവര്ത്തനമെത്തിച്ചത് ധര്‍മടത്തെ ആദ്യസ്വയംസേവകന് നുരുമ്പില്‍ സി. ചിന്നനായിരുന്നുവെന്നതില് അന്നാട്ടുകാര്‍ക്ക് അഭിമാനിക്കാം. അഞ്ചരക്കണ്ടി, മമ്പറം, കീഴൂര്‍, ചാവിശ്ശേരി. മുഴക്കുന്ന്, പാച്ചപ്പൊയ്ക തുടങ്ങിയ സ്ഥലങ്ങളില്‍ പോയപ്പോള്‍ അവര്‍ ആദരവോടെ ഓര്‍ക്കുന്ന പേര് ചിന്നേട്ടന്റേതായിരുന്നു. അവിടങ്ങളില്‍ മാര്‍ക്സിസ്റ്റ് എതിര്‍പ്പുകളെ അതിജീവിച്ചുതന്നെയാണ് സംഘപരിവാര്‍ ഇന്നും പ്രവര്‍ത്തിക്കുന്നത്. സന്തോഷിന്റെ ബലിദാനം ഒരിക്കലും പാഴാകില്ല. ധര്‍മടം, ധര്മപട്ടണമായി, ഹിന്ദുധര്മപട്ടണമായിത്തന്നെ തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: