തിരുവനന്തപുരം: റിസോര്‍ട്ട് മാഫിയകളില്‍നിന്ന് കേരളത്തെ മോചിപ്പിക്കാന്‍ ഭരണപരമായി എന്തെല്ലാം ചെയ്യാനാവുമെന്ന് പരിശോധിക്കുമെന്ന് ഭരണപരിഷ്കരണ കമ്മിഷന് ചെയര്മാന് വി.എസ് അച്യുതാനന്ദന്. റിസോര്‍ട്ട് മാഫിയയുമായി ബന്ധപ്പെട്ട പല വിധിന്യായങ്ങളും ഉയര്‍ന്ന കോടതികളില്‍ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ടെന്നും വി.എസ് പറഞ്ഞു.
ഭരണപരിഷ്കാര കമ്മിഷന്റെ ആദ്യ യോഗത്തിന്ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വി.എസ്. മൂന്നാറിലെ റിസോര്‍ട്ടുകളെ സംബന്ധിച്ച വാദത്തിനിടെ, സുപ്രീംകോടതിയുടെ പരാമര്‍ശം സ്വാഗതാര്‍ഹമാണ്. കഴിഞ്ഞ നവംബര്‍ 14ന് കേരള ഹൈക്കോടതി സമാനമായ ഒരു ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നിയമലംഘനം നടത്തി നിര്‍മ്മിച്ച DLF ഫ് ളാറ്റിന് ഒരു കോടി രൂപ പിഴ ഈടാക്കി സാധൂകരണം നല്കാന് ഹൈക്കോടതി ഉത്തരവിട്ടത് അടുത്തിടെയാണ്. വിധികളുടെ വിധി തീരുമാനിക്കേണ്ടത് ഭരണസംവിധാനങ്ങളാണ്. അവിടെ ദൗര്ബ്ബല്യമുണ്ടായിക്കൂട. എന്തെങ്കിലും ദൗര്ബ്ബല്യങ്ങളുണ്ടെങ്കില് അത് പരിഹരിക്കപ്പെടണമെന്നും വി.എസ് പറഞ്ഞു.
ഭരണ പരിഷ്കരണ ശുപാര്‍ശകള്‍ ഏകപക്ഷീയമായി രൂപപ്പെടുത്തുകയില്ലെന്നും ചെയര്മാന് വ്യക്തമാക്കി. വിവിധ മേഖലകളില്‍ പ്രവര്‍ത്തന പാരമ്പര്യമുള്ള സംസ്ഥാനത്തെ ആയിരക്കണക്കിന് വിദഗ്ദ്ധരുടെ സേവനവും സഹകരണവും കമ്മിഷന് പ്രയോജനപ്പെടുത്തുമെന്നും വി.എസ് പറഞ്ഞു. ഞായറാഴ്ച തിരുവനന്തപുരത്ത് തൈക്കാട് ഗസ്റ്റ്ഹൗസില്‍ ചേരുന്ന ചര്ച്ചയോഗവും തുടര്‍ന്ന് സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന സെമിനാറുകളിലെയും റിപ്പോര്‍ട്ടുകള്‍ ഘട്ടംഘട്ടമായി സര്‍ക്കാരിന് സമര്‍പ്പിക്കും. ഇതില്‍ ആദ്യ ഘട്ട റിപ്പോര്‍ട്ട് ഒരു വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കും.
ജനങ്ങളുടെ ദൈനംദിന ജീവിതാവശ്യങ്ങളുമായി ബന്ധപ്പെട്ട വെള്ളം, വൈദ്യുതി, റവന്യൂ, രജിസ്ട്രേഷന്, പൊതുവിതരണം തുടങ്ങിയ മേഖലകളെല്ലാം ആദ്യ റിപ്പോര്‍ട്ടിന്റെ ഭാഗമായി വരണം എന്നാണ് ആഗ്രഹിക്കുന്നതെന്നും വി.എസ് പറഞ്ഞു. ഭൂമിയുടെയും പ്രകൃതിയുടെയും സംരക്ഷണത്തില്‍ ഊന്നിക്കൊണ്ടുള്ള ചില അന്വേഷണങ്ങള്‍ക്ക് തുടക്കം കുറിക്കാനും യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: