ന്യൂദല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്ക്കറുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് അന്വേഷിക്കാന്‍ നിയോഗിച്ച വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ടിലും പുതിയ വിവരങ്ങളില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ സുനന്ദയുടെ ഫോണിലെ സന്ദേശങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനായിരിക്കും അന്വേഷണ സംഘത്തിന്റെ പുതിയ ശ്രമം.
സുനന്ദ പുഷ്കറിന്റെ മരണം സംബന്ധിച്ച് കഴിഞ്ഞ ജൂണിലാണ് എയിംസിന്റെയും എഫ്ബിഐയുടെയും റിപ്പോര്‍ട്ടുകള്‍ പരിശോധിക്കാന്‍ വിദഗ്ധ സംഘത്തെ നിയോഗിച്ചത്. എന്നാല്‍ രണ്ടാഴ്ച മുമ്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കൂടുതല്‍ വിവരങ്ങളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2014 ജനുവരി 17നാണ് ദല്‍ഹിയിലെ ഹോട്ടലില്‍ സുനന്ദയെ മരിച്ച നിലയില്‍ കണ്ടത്. 2015 ജനുവരി ഒന്നിന് കൊലപാതകത്തിനുള്ള വകുപ്പു ചുമത്തി കേസ് റജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് തരൂര്‍ ഉള്‍പ്പെടെ പലരെയും പോലീസ് ചോദ്യം ചെയ്തു.
വിഷാദരോഗത്തിനുള്ള അല്‍പ്രാസ് മരുന്ന് കൂടുതലായി ഉള്ളില്‍ ചെന്നതാകാം മരണകാരണമെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ എയിംസിലെ പരിശോധനയില്‍ അല്‍പ്രാസ് മരുന്നിന്റെ അംശങ്ങളൊന്നും കണ്ടെത്താനായില്ല. തുടര്‍ന്നാണ് പോളൊണിയം പോലെയുള്ള മാരക വിഷമായിരിക്കാം മരണകാരണമെന്ന് എഫ്ബിഐ സൂചിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: