പേട്ട: പുലയനാര്‍ക്കോട്ട വൃദ്ധസദനത്തിലെ അന്തേവാസികള്‍ അധികൃതരുടെ പീഡനങ്ങള്‍ക്ക് വിധേയമാവുന്നു. സൂപ്രണ്ടിന്റെ വഴിവിട്ട പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്യുന്ന അന്തേവാസികളെയാണ് ശാരിരികമായും മാനസികമായും പീഡിപ്പിക്കുന്നത്.
സൂപ്രണ്ട് എന്ത് കാര്യം ചെയ്താലും പ്രതികരിക്കാന്‍ പാടില്ല. പ്രതികരിച്ചാല്‍ ശിക്ഷ ഉറപ്പാണ്. ഇത്തരത്തില്‍ സൂപ്രണ്ടിന്റെ ശിക്ഷയ്ക്ക് വിധേയരായത് മൂന്ന് അന്തേവാസികളാണ്. കൃത്രിമമായ കാരണങ്ങള്‍ സൃഷ്ടിച്ച് ഇവരെ ഇവിടെ നിന്നു നീക്കം ചെയ്യുകയായിരുന്നു. രണ്ടാഴ്ച മുമ്പ് പി.കെ. നാരായണന് നമ്പൂതിരിയെ ആലപ്പുഴയിലേക്കും കഴിഞ്ഞ വെളളിയാഴ്ച മുരളീധരനേയും ഭാര്യ സരോജനി അമ്മയേയും ശാസ്താംകോട്ട വൃദ്ധ സദനത്തിലേക്കുമാണ് സ്ഥലംമാറ്റിയത്. മുരളീധരനും സരോജനിയമ്മയും ഇവിടം വിട്ട് പോകാന്‍ കഴിയില്ലെന്ന് പറഞ്ഞങ്കിലും പോലീസിന്റെ സഹായത്തോടെ ഇവരെ വലിച്ചിഴച്ച് വാഹനത്തില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. വൃദ്ധസദനത്തില്‍ പോലീസ് പ്രവേശിക്കാന്‍ പാടില്ലെന്നും അന്തേവാസികളുടെ ഇഷ്ടപ്രകാരമല്ലാതെ മറ്റൊരിടത്തേക്ക് സ്ഥലം മാറ്റാന്‍ പാടില്ലെന്നുളള വ്യവസ്ഥകള്‍ നിലനില്‍ക്കെയാണ് സൂപ്രണ്ട് ഷൈനി മോളുടെ നടപടി.
2013 ജൂണിലാണ് വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട് ചാക്കയില്‍ പ്രവര്‍ത്തിച്ചിരുന്ന വൃദ്ധസദനത്തെ പുലയനാര്‍കോട്ടയിലേക്ക് മാറ്റിയത്. ജൂലൈലാണ് വര്‍ക്കിംഗ് അറേജ്മെന്റിന്റെ പേരില്‍ ഇല്ലാത്ത തസ്തിക സൃഷ്ടിച്ച് ഷൈനിമോള് വൃദ്ധസദനത്തിലെത്തുന്നത്. അന്ന് മുസ്ലീംലീഗിന്റെ സജീവ പ്രവര്‍ത്തകയായിരുന്നു ഇവര്‍. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നുകൊണ്ട് നിലവിലുണ്ടായിരുന്ന സൂപ്രണ്ട് ശ്രീകുമാറിനെ സ്ഥലംമാറ്റി ഇവര്‍ സൂപ്രണ്ട് സ്ഥാനത്തേക്ക് എത്തുകയായിരുന്നു. മന്ത്രി കടകംപളളിയും മെഡിക്കല്‍കോളേജ് കൗണ്‍സിലറുമാണ് ഇവരുടെ ഉദ്യോഗക്കയറ്റത്തില്‍ മുഖ്യപങ്ക് വഹിച്ചതായി പറയപ്പെടുന്നത്. ഇതോടെ അന്തേവാസികളുടെ കഷ്ടകാലം തുടങ്ങുകയായിരുന്നു.
സൂപ്രണ്ടിന് ഇഷ്ടമില്ലാത്ത അവശരായ അന്തേവാസികളുടെ കിടപ്പ് വൃദ്ധസദനത്തിലെ ഭൂമിക്കടിയിലെ മുറിയിലേക്ക് മാറ്റിക്കൊണ്ടാണ് ശിക്ഷാനടപടികള്‍ക്ക് തുടക്കമിട്ടത്. പ്രാഥമിക കാര്യങ്ങള്‍ക്കും ഭക്ഷണം കഴിക്കണമെങ്കിലും ഇവര്‍ മുകളിലേക്ക് വരണം. സമനിരപ്പില്‍ പോലും സുഗമമായി നടക്കാന്‍ കഴിയാത്ത ഇവര്‍ ഇരുപത് പടികള്‍ കയറി മുകളിലേക്ക് വരുമ്പോള്‍ അനുഭവിക്കുന്ന വേദന പുറംലോകം അറിയുന്നില്ല. സര്‍ക്കാര്‍ അന്തേവാസികള്‍ക്ക് നല്കുന്ന ഭക്ഷണം ശരിയായവിധം വേവിക്കാറില്ല. ചോദ്യം ചെയ്താല്‍ വേണമെങ്കില്‍ കഴിച്ചാല്‍ മതിയെന്ന നിലപാടിലാണ് സൂപ്രണ്ട്. വാര്‍ദ്ധക്യകാല രോഗം മുതല്‍ മറ്റ് വിവിധ രോഗങ്ങളുളളവരാണ് ഇവിടെ കഴിയുന്നത്. എന്നാല്‍ രോഗബാധിതരായ അന്തേവാസികള്‍ക്ക് കൃത്യമായി മരുന്ന് പോലും നല്‍കുന്നില്ല. സര്‍ക്കാര്‍ ആശുപത്രികളിലെ ചില നഴ്സുമാരുടെ പെരുമാറ്റത്തെക്കാളും ഗതികേടാണ് ഇവിടത്തെ നഴ്സുമാരുടെ പ്രവര്‍ത്തനം. കഴിഞ്ഞ ഡിസംബര്‍ 6ന് വൃദ്ധയായ ദേവകിയമ്മ കട്ടിലില്‍ നിന്ന് താഴെവീണ് രക്തംവാര്‍ന്ന് മരിക്കാനിടയായ സംഭവം കൃതൃമായ പരിചരണം ലഭിക്കാത്തതുകൊണ്ടെന്നാണ് ആരോപണം. കൂടാതെ സ്വമനസ്സാലെ വൃദ്ധസദനത്തില്‍ നിന്നു പിരിഞ്ഞു പോകുന്നുവെന്ന അപേക്ഷയില്‍ നിര്‍ബന്ധപൂര്‍വ്വം അന്തേവാസികളെക്കൊണ്ട് ഒപ്പിട്ടു വാങ്ങുന്നതായും വെളളക്കടലാസില്‍ വിരലടയാളം സൂപ്രണ്ട് ശേഖരിക്കുന്നതായും പറയപ്പെടുന്നു. ഇത്തരത്തില്‍ ക്രമക്കേടുകളുടെ പരമ്പര സാമൂഹിക നീതി വകുപ്പിന്റെ കീഴിലുളള വൃദ്ധസദനത്തില്‍ പ്രാവര്‍ത്തികമാക്കുകയാണ്.
ആവശ്യത്തിലധികം സ്ഥിരം ജീവനക്കാരും താത്കാലിക ജീവനക്കാരും ഉണ്ടെങ്കിലും അവശരായ വൃദ്ധരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ ആരുമില്ലാത്ത അവസ്ഥയാണ്്. വാച്ച്മാന്, ഡ്രൈവര്‍, മേട്രണ്‍ എന്നിവരുടെ ഒത്താശയോടെയാണ് അരാജകത്വം നടപ്പിലാക്കുന്നത്. ഇത് സംബന്ധിച്ച് സാമൂഹിക നീതി ഡയറക്ടര്‍ക്കും സെക്രട്ടറിക്കും ജില്ലാ കളക്ടര്‍ക്കും അന്തേവാസികള്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. അന്വേഷണത്തിനെത്തുന്ന ഉദ്യോഗസ്ഥര്‍ പരാതിക്കാരുടെ അഭിപ്രായം തേടാതെ സൂപ്രണ്ടിനെ കണ്ട ശേഷം മടങ്ങിപ്പോവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: