മട്ടന്നൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ന് പ്രസംഗിച്ച പൊതുയോഗ സ്ഥലത്ത് ബോംബേറ് നടത്തിയെന്ന വ്യാജ പ്രചരണം നടത്തി സിപിഎം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം അക്രമ തേര്‍വാഴ്ച നടത്തി. ഉളിക്കല്‍, നടുവനാട്, പള്ളൂര്‍, കോടിയേരി കല്ലിന് താഴെ തുടങ്ങിയ സ്ഥലങ്ങളിലെ സംഘപരിവാര്‍ സംഘടനകളുടെ ഓഫീസുകള്‍ അടിച്ച് തകര്‍ക്കുകയും ജില്ലയിയുടെ വിവധ ഭാഗങ്ങളില്‍ ഉണ്ടായിരുന്ന സംഘപരിവാര്‍ സംഘടനകളുടെ പ്രചരണ ബോര്‍ഡുകളും കൊടിതോരണങ്ങളും തകര്‍ക്കുകയും ചെയ്തു.
പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയ ശേഷമാണ് പലസ്ഥലത്തും അക്രമങ്ങള്‍ നടന്നത്. നടുവനാട് ടൗണില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാമസേവാസമിതി കാര്യാലയം വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയാണ് സിപിഎം സംഘം അക്രമിച്ച് തകര്‍ത്തത്. വട്ടക്കയം, കളറോഡ്, കട്ടിയൂര്ഞാല്, നെടിയാഞ്ഞിരം, ഇയ്യമ്പോട്, തലച്ചങ്ങാട്, കോളാരി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും സംഘടിച്ചെത്തിയ സിപിഎം ക്രിമിനല്‍ സംഘമാണ് അക്രമം നടത്തിയത്. നെടിയാഞ്ഞിരം ഭാഗത്ത് വിവിധ ഭാഗങ്ങളില്‍നിന്നെത്തിയവര്‍ സംഘടിച്ച് പ്രകടനമായെത്തി നടുവനാട് ടൗണില്‍ നടുവനാട് ശിവപുരം റോഡില്‍ സ്ഥിതിചെയ്യുന്ന ഇരുനില ഓടുമേഞ്ഞ കെട്ടിടം അടിച്ചുതകര്‍ത്തു. കെട്ടിടത്തിന്റെ മരപ്പലകകള്‍ ബോംബിട്ട് തകര്‍ത്ത സംഘം അകത്തുകടന്ന് ഫര്‍ണിച്ചറുകളും ലൈബ്രറികളും ട്രോഫികളുമടക്കം വാരിക്കൂട്ടി കെട്ടിടത്തിന് തീയിട്ടു.
സംഭവ സമയം മട്ടന്നൂര്‍ പോലീസ് സംഘം ഇവിടെ ഉണ്ടായിരുന്നെങ്കിലും പോലീസിനെ ഭീഷണിപ്പടുത്തി മാറ്റിനിര്‍ത്തുകയായിരുന്നു. തീപിടിച്ച് നശിക്കാത്ത ഭാഗങ്ങള്‍ അടിച്ചുതകര്‍ത്താണ് സംഘം സ്ഥലം വിട്ടത്. ഗ്രാമസേവാ സമിതി കാര്യാലയത്തിന് ബോംബെറ് നടന്നപ്പോള്‍ തന്നെ മട്ടന്നൂര്‍ പോലീസില്‍ വിവരമറിയിച്ചെങ്കിലും മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞാണ് പോലീസ് സംഘം സ്ഥലത്തെത്തിയത്. സിപിഎം സംഘം ടൗണില്‍ തേര്‍വാഴ്ച്ച നടത്തുമ്പോള്‍ പോലീസ് നോക്കുകുത്തിയായി മാറുകയായിരുന്നു.
നടുവനാട്, കുറുവന്തേരി ശ്രീ മഹാദേവക്ഷേത്ര ഭണ്ഡാരവും അക്രമികള്‍ അടിച്ചു തകര്‍ത്തു. നടുവനാട് ടൗണിലും പരിസര പ്രദേശങ്ങളിലും സിപിഎം സംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഈ മേഖലയിലുള്ള വിവിധ ക്ഷേത്രങ്ങളുടെയും കാവുകളുടെയും ബോര്‍ഡുകളും നശിപ്പിച്ചിട്ടുണ്ട്.
അക്രമി സംഘം ക്ഷേത്രത്തിലെ തിറയുല്‍സവം കണ്ട് മടങ്ങുകയായിരുന്ന ബിജെപി പ്രവര്‍ത്തകനെ അക്രമിച്ച് പരിക്കേല്‍പ്പിച്ചു. ബസ്ജീവനക്കാരനായ കാളാന്തോട്ടെ എന്‍. രാഗേഷ് (31)നെയാണ് മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ ചെവിക്ക് ഗുരുതരമായി പരിക്കേറ്റ രാഗേഷിനെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെടിയാഞ്ഞിരം മുത്തപ്പന് ക്ഷേത്രത്തിലെ തിറയാഘോഷം കണ്ട് തിരിച്ചുവരുന്ന വഴി നടുവനാട് ടൗണില്‍ വെച്ച് അക്രമി സംഘം ഓടിച്ചിട്ട് മര്‍ദ്ദിക്കുകയായിരുന്നു. ഇതുകൂടാതെ ഗോവ ഐഐടിയിലെ പ്രൊഫസറായ എന്‍.കെ.ചന്ദ്രന്റെ വീട്ടിലെത്തി ഭീഷണപ്പെടുത്തിയതായും പരാതിയുണ്ട്.
സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ ചാവശ്ശേരി വില്ലേജില്‍ ബിജെപി ഹര്‍ത്താല്‍ ആചരിച്ചു. സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ നടുവനാട് ടൗണില്‍ ഇന്നലെ രാവിലെ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടന്നു. ആര്‍എഎസ്എസ് ഇരിട്ടി ഘണ്ഡ് സഹകാര്യവാഹ് ബിനോയ് സംസാരിച്ചു. സംഭവ സ്ഥലം ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന് തില്ലങ്കേരി, ബിജെപി സംസ്ഥാന സെല്‍ കോര്‍ഡിനേറ്റര്‍ കെ.രഞ്ചിത്ത്, ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് കെ.പി.അരുണ്‍, പേരാവൂര്‍ നിയോജകമണ്ഡലം പ്രസിഡണ്ട്. പി.എം.രവീന്ദ്രന്, ജനറല്‍ സെക്രട്ടറി സത്യന് കൊമ്മേരി, ആര്‍എസ്എസ് ഇരിട്ടി താലൂക്ക് കാര്യവാഹ് രതീഷ് മാസ്റ്റര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ സി.വി.രവീന്ദ്രന് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
മാഹി പള്ളൂര്‍ ഇരട്ടപിലാക്കൂലില്‍ ബിജെപി മാഹി മണ്ഡലം കമ്മറ്റി ഓഫീസായി പ്രവര്‍ത്തിക്കുന്ന കെ.ജി.മാരാര്‍ സ്മൃതിമണ്ഡപത്തിന് നേരെ ബോംബേറ് നടന്നു. ശക്തമായ സ്ഫോടനത്തില്‍ ഓഫീസിന്റെ ചുമരും ഗ്രില്‍സും പൂര്‍ണ്ണമായും തകര്‍ന്നു. ഇന്നലെ പുലര്‍ച്ചെ രണ്ടോടെയായിരുന്നു സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: