കണ്ണൂര്‍: ജീവിതത്തിന്റെ എല്ലാ മേഖലകളിലും പടര്‍ന്നുപിടിച്ചിരിക്കുന്ന അഴിമതിക്കെതിരേ പ്രതികരിക്കാന്‍ ജനങ്ങളെ ആഹ്വാനം ചെയ്യുന്ന വിസില്‍ നൗ എന്ന ചെറുനാടകം റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങിനെത്തിയവരെ പിടിച്ചുനിര്‍ത്തി. സമൂഹത്തിലെ ഒരു ചെറുവിഭാഗം മാത്രമാണ് അഴിമതിക്കാരെന്നും എന്നാല്‍ അവര്‍ക്കെതിരായ പൊതുസമൂഹത്തിന്റെ മൗനം കുറ്റകരമാണെന്നും നാടകം ഉദ്ഘോഷിക്കുന്നു. പാട്ടുകളും സംഭാഷണവും അഭിനയവും നൃത്തവുമൊക്കെയായി സദസ്സിനെ കൈയിലെടുത്ത ചാവശ്ശേരി ഹയര്‍ സെക്കന്ററി സ്കൂളിലെ വിദ്യാര്‍ഥികള്‍, അഴിമതിക്കെതിരായ ആയുധമായി വിജിലന്‍സിന്റെ വിസില്‍ നൗ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കാമെന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് നാടകം അവസാനിപ്പിക്കുന്നത്.
സിനിമാ-നാടക സംവിധായകനും ചാവശ്ശേരി സ്കൂള്‍ അധ്യാപകനുമായ തോമസ് ദേവസ്യയാണ് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ കണ്ണൂര്‍ യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ അവതരിപ്പിച്ച നാടകം സംവിധാനം ചെയ്തിരിക്കുന്നത്. നാടകത്തിന്റെ ആശയം യൂനിറ്റിലെ തന്നെ എയ്ഞ്ചല്‍ സോണിയയുടേതാണ്. സ്കൂള്‍ വിദ്യാര്‍ഥികളായ ടി.വി.ആതിര, വിസ്മയ എം, സംഗീത.എം, അശ്വതി, കാവ്യ, ശ്രുതി, അതുശ്രീ.കെ, അഖില്‍, വിഷ്ണു എന്നിവരുടെ അഭിനയം കാണികളുടെ പ്രശംസ പിടിച്ചുപറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: