കണ്ണൂര്‍: തലശ്ശേരി നങ്ങാറത്ത് പീടികയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗവേദിക്കരികില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞുവെന്ന പാര്‍ട്ടി നേതൃത്വത്തിന്റെ നുണപ്രചാരണം സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരായി ഉയര്‍ന്നുവരുന്ന വ്യാപകമായ ജനരോഷം മറികടക്കാന്‍. സ്ഫോടനം നടന്ന കൊമ്മല്‍ വയല്‍ എന്ന പ്രദേശം കോടിയേരി പൊതുയോഗത്തില്‍ സംസാരിച്ച നങ്ങാറത്ത് പീടികയില്‍ നിന്ന് അഞ്ഞൂറ് മീറ്റര്‍ അകലെയാണ്. സിപിഎമ്മിന് ശക്തമായ സ്വാധീനമുള്ള പ്രദേശമാണ് നങ്ങാറത്ത് പീടിക. കോടിയേരി സംസാരിക്കുന്ന വേദിക്കരികില്‍ നിരവധി പോലീസുകാരും സിപിഎം തയ്യാറാക്കി നിര്‍ത്തിയ സെല്‍ഫ് ഡിഫന്‍സ് ഫോഴ്സില്പ്പെട്ടവരുമുണ്ടായിരുന്നു. കോടിയേരി സംസാരിച്ച വേദിക്കരികെ സ്ഫോടനം നടന്നിട്ടില്ലെന്നാണ് പോലീസ് നല്കുന്ന വിശദീകരണവും. വസ്തുത ഇതായിരിക്കെ കോടിയേരി സംസാരിക്കുന്ന വേദിയിലേക്ക് ബോംബെറിഞ്ഞുവെന്ന് സിപിഎം നേതൃത്വം വ്യാജപ്രചാരണം നടത്തിയത് തലശ്ശേരിയില്‍ ബിജെപി പ്രവര്ത്തകന് സന്തോഷിനെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയതിലുള്ള വ്യാപകമായ പ്രതിഷേധത്തില്‍ നിന്ന് രക്ഷനേടാനാണെന്ന് വ്യക്തമാണ്. കണ്ണൂരില്‍ സംസ്ഥാന യുവജനോത്സവം നടക്കുന്ന സമയത്ത് സിപിഎം നേതൃത്വത്തിന്റെ ഒത്താശയോടെ ബിജെപി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതില്‍ ശക്തമായ ജനരോഷമുയര്‍ന്നിരുന്നു. സന്തോഷിന്റെ കൊലപാതകത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്നും കുടുംബകലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്നും ജില്ലാ സെക്രട്ടറി പി.ജയരാജനും പ്രതികരിച്ചത്. എന്നാല്‍ കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഡിവൈഎഫ്ഐ നേതാവുള്‍പ്പടെയുള്ള പ്രതികള്‍ അറസ്റ്റിലായതോടെയാണ് സിപിഎം നാടകം പുറത്തു വന്നത്. സിപിഎമ്മുകാര്‍ അറസ്റ്റിലായപ്പോള്‍ ഇവര്‍ സിപിഎം അല്ലെന്ന വിശദീകരണവുമായി നേതൃത്വം രംഗത്തെത്തിയെങ്കിലും പോലീസ് അന്വേഷണം ചെന്നെത്തിയത് സിപിഎം പ്രദേശിക നേതൃത്വത്തിലേക്കാണ്. സിപിഎം അക്രമത്തിനെതിരെ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളെ വഴിതിരിച്ച് വിടാനും ജനരോഷത്തില്‍ നിന്ന് രക്ഷനേടാനുമാണ് ഇല്ലാത്ത ബോംബ് സ്ഫോടനത്തിന്റെ പേരില്‍ സിപിഎം നേതൃത്വം വ്യാജ പ്രചാരണവുമായി രംഗത്ത് വന്നിരിക്കുന്നത്. സന്തോഷിനെ വെട്ടിക്കൊലപ്പെടുത്തിയപ്പോള്‍ പ്രതികരിക്കാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നതും പാര്‍ട്ടിക്കെതിരായി ഉയര്‍ന്നുവന്ന പ്രതിഷേധങ്ങളെ വഴിതിരിച്ചുവിടാനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: