ചേര്‍ത്തല: കണ്ടമംഗലം ക്ഷേത്രസമിതി സുമനസുകളുടെ സഹകരണത്തോടെ നന്മയുടെ സ്നേഹചരടില്‍ വിളക്കിച്ചേര്‍ത്തത് അഞ്ചുപുതുജീവിതങ്ങള്. കാരുണ്യത്തിന്റെ ചരടില്‍ കൊരുത്ത താലികള്‍ അഞ്ച് നിര്‍ദ്ധന യുവതികളുടെ കഴുത്തില്‍ മിന്നായി തിളങ്ങിയപ്പോള്‍, വരന്റേതുള്പ്പടെയുള്ള 10 നിര്‍ദ്ധന കുടുംബങ്ങളുടെയും ഒരു നാടിന്റെയാകെയും മനമാണ് നിറഞ്ഞത്.
കണ്ടമംഗലം ശ്രീരാജരാജേശ്വരി മഹാദേവി ക്ഷേത്രത്തിലെ ശ്രീകോവില്‍ ശിവക്ഷേത്ര പ്രതിഷ്ഠാചടങ്ങുകളുടെ ഭാഗമായാണ് ക്ഷേത്രിസമിതി മുന്‍കൈയെടുത്ത് അഞ്ചു യുവതികള്‍ക്ക് മംഗല്യഭാഗ്യം ഒരുക്കിയത്. ഓരോ ദമ്പതികള്‍ക്കുമായി നാലര പവന് സ്വര്‍ണ്ണവും പുതുവസ്ത്രങ്ങളുമുള്പ്പെടെയുള്ളവ ക്ഷേത്രസമിതി സമ്മാനിച്ചു.
ചലച്ചിത്രതാരം ഹരിശ്രീ അശോകനാണ് ദമ്പതികള്‍ക്ക് വരണമാല്യം കൈമാറിയത്. ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസ്വിയും ക്ഷേത്രം തന്ത്രി ജിതിന് ഗോപാലും മുഖ്യകാര്‍മികത്വം വഹിച്ചു. പതിനായിരങ്ങള്‍ തിങ്ങിനിറഞ്ഞ സദസ്സില്‍ ജനപ്രതിനിധികളും, സമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകരും ദമ്പതികളെ അനുമോദിക്കുകയും ഉപഹാരങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തു.
ക്ഷേത്രസമിതി പ്രസിഡന്റ് പി.ഡി. ഗഗാറിന് സെക്രട്ടറി പി. രാമചന്ദ്രന് കൈപ്പാരിശ്ശേരില്‍, ബി. പ്രസാദ്, പി.ജി. സദാനന്ദന്, സുഗുണന് ചൂഴാറ്റ് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി. പ്രതിഷ്ഠാ മഹോത്സവത്തിന്റെ ഭാഗമായി മെഗാ തിരുവാതിരയും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: