രാജാക്കാട്: കുത്തുങ്കല്‍ ചങ്ങാടക്കടവില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ നിന്നും വന്‍ ഈട്ടിമരം വെട്ടിക്കടത്താന്‍ ശ്രമിച്ച കേസില്‍ ആറ് പ്രതികളെ പൊന്മുടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തില്‍ പിടികൂടി. പത്തു ദിവസമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ രാജാക്കാട് മേഖലയില്‍ നിന്നുമാണ് പിടികൂടിയത്.
മമ്മട്ടിക്കാനം സ്വദേശികളായ കല്ലോലിയ്ക്കല്‍ ചാക്കോ (55), പറമ്പില്‍ ബെന്നി (38), പഴമ്പള്ളില്‍ വിജയന്(48), ചൂഴികുന്നേല്‍ സനീഷ് (25) ശ്രീനാരായണപുരം സ്വദേശിയായ മങ്കുഴിയില്‍ ബിജു എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 17ന് രാജാക്കാട് ഗ്രാമപഞ്ചായത്തിലെ ഉള്‍ഗ്രാമപ്രദേശമായ കുത്തുങ്കല്‍ ചങ്ങാടക്കടവ് ആള്ത്താമസമം ഇല്ലാത്ത മലമുകളില്‍ നിന്നുമാണ് കല്ലോലിയ്ക്കല്‍ ചാക്കോയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്നും തൊണ്ണൂറിഞ്ച് വണ്ണമുള്ള ഈട്ടിമരം വെട്ടിക്കടത്തുവാന് ശ്രമിച്ചത്.
വാഹനമെത്തുന്ന റോഡില്‍ നിന്നും ഒരു കിലോമീറ്ററോലം മുകളിലില്‍ നിന്നും മരം മുറിച്ചിട്ടതിന് ശേഷം താഴേയ്ക്ക് കയറില്‍കെട്ടി വലിയ്ച്ച് റോഡിന് സമീപത്ത് എത്തിക്കുകയായിരുന്നു. മരം വെട്ടിക്കടത്തുന്നുന്നെ രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊന്മുടി സെക്ഷന്‍ ഫോറസ്റ്റോഫീസര്‍ എ ഗിരിചന്ദ്രന്റെ നേതൃത്വത്തില്‍ തടികള്‍ പിടിച്ചെടുക്കുകയും തുടര്‍ന്ന് പ്രതികള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും ഇവര്‍ ഒളിവില്‍ പോകുകയായിരുന്നു. ഇതിന് ശേഷം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് വിവരംലഭിച്ചതിന്റെ അടിസഥാനത്തില്‍ രാജാക്കാട് ഭാഗത്തുനിന്നും ഇവരെ പിടികൂടുകയുമായിരുന്നു.
ഒരുലക്ഷത്തോളം രൂപ വിലവരുന്ന വന്മരമാണ് വെട്ടിക്കടത്തുവാന് ശ്രമിച്ചിരിക്കുന്നത്. പൊന്മുടി സെക്ഷന്‍ ഫോറസ്റ്റര്‍ എ ഗിരിചന്ദ്രന്‍, ബീറ്റ് ഫോറസ്റ്റര്‍മാരായ പി എ ജോണ്സണ്, ആര് റെന്നി, എ അരുണ്‍രാജ്, ബി ദീപു, എഫ് അന്‍പുമണി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. അടിമാലി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: