തൊടുപുഴ: വനവാസികളുടെ പ്രശ്നങ്ങള്‍ അറിയാനും പരിഹാരം കണ്ടെത്താനുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് ഊരു മൂപ്പന്മാരുമായി കൂടിക്കാഴ്ച നടത്തി. വെള്ളിയാമറ്റം മേത്തൊട്ടിയിലാണ് വനവാസികള്‍ കുമ്മനത്തെ കാണാന്‍ ഒത്തുകൂടിയത്. തങ്ങളെ മനുഷ്യരായെങ്കിലും കാണണമെന്ന അപേക്ഷയുമായാണ് ഇവരെത്തിയത്. യോഗത്തില്‍ ആറ് മൂപ്പന്മാരും നാട്ടുകാരും പങ്കെടുത്തു.
റോഡും അടച്ചുറപ്പുള്ള വീടും ഒരുക്കണമെന്ന ആവശ്യമാണ് മൂപ്പന്മാര് ഉന്നയിച്ചത്. പുതിയ റോഡ് വെട്ടാനോ ഉള്ളവ ടാര്‍ ചെയ്യാനോ പുതുക്കി നിര്‍മ്മിക്കാനോ നിയമം അനുവദിക്കുന്നില്ല. ഇതുമൂലം രോഗികളെ ആശുപത്രിയിലെത്തിക്കാനാകുന്നില്ല. ഇടുക്കിക്കുള്ള ആദ്യ റോഡിന് ആറ് കിലോമീറ്റര്‍ ദൂരം കൂടി മാത്രമെ ഇനി വഴി അനുവദിക്കാനുള്ളു. ഇതിനും സമീപത്തായി നിര്‍മ്മിക്കുന്ന ചേമ്പനാര് പാലത്തിനും വനംവകുപ്പ് തടസം നില്‍ക്കുന്നുവെന്നും പരാതിയില്‍ പറയുന്നു. റോഡും അടച്ചുറപ്പുള്ള കൂരയും മനുഷ്യന്റെ ജന്മവകാശമാണെന്നും ഇത് ഉറപ്പാക്കാന്‍ ശ്രമിക്കുമെന്നും കുമ്മനം ചര്‍ച്ചയ്ക്ക് ശേഷം മറുപടിയായി പറഞ്ഞു. പരാതികള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിക്കും. സംസ്ഥാന ഗവര്‍ണര്‍, മുഖ്യമന്ത്രി, വകുപ്പ് മന്ത്രിമാര്‍ എന്നിവര്‍ക്ക് ഇതുമായി ബന്ധപ്പെട്ട് നിവേദനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കള്ളപ്പണക്കാര്‍ക്കെതിരെ രാജ്യം കണ്ട ധീരമായ നടപടിയാണ് പ്രധാനമന്ത്രിയുടെ നോട്ട് പിന്‍വലിക്കലെന്ന അഭിപ്രായവും യോഗത്തില്‍ ഉയര്‍ന്നു. ഇതിനെ പ്രകീര്‍ത്തിക്കാന്‍ വാക്കുകളില്ലെന്നും കൂവക്കണ്ടം ഊര് മൂപ്പന് മേട്ടൂര്‍ ശശി പറഞ്ഞു. മേത്തൊട്ടി ഊര് മൂപ്പന് തടത്തില്‍ റ്റി.ഐ. നാരായണന്, പൂമാല മേഖല മൂപ്പന് പൊട്ടംപ്ലാക്കല്‍ പത്മനാഭന്, വെള്ളിയാമറ്റം 10-ാം വാര്‍ഡ് മൂപ്പന് ഈട്ടിയ്ക്കല്‍ ചെല്ലപ്പന്, തുമ്പച്ചിമല മൂപ്പന് രാജപ്പന്, പൂച്ചപ്ര മൂപ്പന് പായിപ്പാട്ട് സി.ആര്. നാണു എന്നിവരാണ് വിവിധ ഊരുകളിലെ പ്രതിനിധീകരിച്ച് എത്തിയത്.
ബിജെപി ജില്ലാ പ്രസിഡന്റ് ബിനു ജെ. കൈമള്‍, ജന. സെക്രട്ടറി കെ.എസ്. അജി, തൊടുപുഴ മണ്ഡലം പ്രസിഡന്റ് റ്റി.എസ്. രാജന്, വൈസ് പ്രസിഡന്റ് സുരേഷ് കണ്ണന്, ജന. സെക്രട്ടറിമാരായ കെ.എം. സിജു, എസ്. പത്മഭൂഷണ്‍, മുനിസിപ്പല്‍ പ്രസിഡന്റ് സിനിമോന്‍, വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റ് ഗിരീഷ് പൂമാല, വാര്‍ഡ് മെമ്പര്‍മാരായ രാജു കുട്ടപ്പന്, പ്രമോദ് തുടങ്ങിയവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: