ന്യൂദല്‍ഹി: ഇന്ത്യയിലെ റഷ്യന്‍ അംബാസഡര്‍ അലക്സാണ്ടര്‍ കദാകിന് (67) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെ ദല്‍ഹിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ത്യ-റഷ്യ ബന്ധം ദൃഢമാക്കാന്‍ മുന്നിട്ടു നിന്ന് പ്രവര്‍ത്തിച്ച കദാകിന് ഹിന്ദി നന്നായി അറിയാമായിരുന്നു.
1999 മുതല്‍ 2004 വരെ അംബാസഡറായിരുന്ന ഇദ്ദേഹം, 2009ല്‍ രണ്ടാംവട്ടവും ഇതേ ചുമതലയുമായി എത്തി. ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. വേര്‍പാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ”കദാകിന്റെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നു. ആദരണീയനായ നയതന്ത്ര പ്രതിനിധിയും, ഇന്ത്യയുടെ അടുത്ത സുഹൃത്തുമായിരുന്നു.
ഹിന്ദി സംസാരിക്കുന്ന കദാകിന്, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് നിരവധി സംഭാവനകള്‍ നല്കി” മോദി ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ പ്രിയപ്പെട്ട സുഹൃത്തിനെയാണ് നഷ്ടമായതെന്ന് വിദേശകാര്യ മന്ത്രാലയവും അനുശോചിച്ചു. ഇന്ത്യ കദാകിന് രണ്ടാം വീടായിരുന്നുവെന്ന് റഷ്യന്‍ എംബസിയും അനുശോചനക്കുറിപ്പില്‍ വ്യക്തമാക്കി.
പഴയ യുഎസ്എസ്ആറിലെ ചിസിനാവുവില്‍ 1949 ജൂലായ് 22ന് ജനിച്ച കദാകിന്, മോസ്കോ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ റിലേഷനില്‍ നിന്ന് 1972ല്‍ ബിരുദം നേടി. അതേ വര്‍ഷം ഇന്ത്യയിലെ റഷ്യന്‍ എംബസിയില്‍ തേഡ് സെക്രട്ടറിയായി നിയമിതനായ ഇദ്ദേഹം, അന്നു മുതല്‍ പാതി ഇന്ത്യാക്കാരനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: