കൊട്ടാരക്കര: ഏനാത്ത്പാലം ബലപ്പെടുത്തലിന് 4.75 കോടി രൂപയുടെ എസ്റ്റിമേറ്റ് ക്യാബിനറ്റ് അംഗീകരിച്ചു. ബുധനാഴ്ച ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് തീരുമാനമായത്. നിര്‍മാണം ഒരാഴ്ചക്കുള്ളില്‍ ആരംഭിക്കും. കെഎസ്ടിപി മദ്രാസ് ഐഐടിയിലെ റിട്ട.പ്രൊഫസര്‍ ഡോ.അരവിന്ദ് നല്കിയ പ്ലാനിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ടിപി എസ്റ്റിമേറ്റ് തയ്യാറാക്കിയത്. ബലക്ഷയമുള്ള രണ്ട് തൂണുകള്‍ മാറ്റിസ്ഥാപിക്കുന്നതിനൊപ്പം തന്നെ മറ്റ് തൂണുകളുടെ കമ്പി തെളിഞ്ഞിരിക്കുന്ന ഭാഗവും ബീമുകളും ബലപ്പെടുത്തും. കൈവരികള്‍ നന്നാക്കി പെയിന്റടിക്കുകയും പൊളിഞ്ഞ് മാറിയ ഭാഗത്ത് പുതിയവ സ്ഥാപിക്കും. കൂടാതെ പഴയ പാലത്തിന്റെ മുകളില്‍ തെളിഞ്ഞിരിക്കുന്ന അടിത്തറകളും കല്‍ക്കെട്ടും പൂര്‍ണമായും ഇളക്കിമാറ്റും. തൂണുകള്‍ സ്ഥാപിക്കുന്ന ഭാഗത്തെ മണ്ണ് പരിശോധന നടത്തി. ഓരോ മീറ്റര്‍ വീതം കുഴിച്ച് മണ്ണെടുത്ത് ഉറപ്പുപരിശോധിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. പാറ കാണുന്നതുവരെ ഇങ്ങനെ തുരക്കും. അതിനുശേഷം ഉറപ്പുള്ള ഭാഗത്ത് പൈലിംഗ് നടത്തി പില്ലറുകള്‍ സ്ഥാപിക്കും. ആറ് മാസത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് കെഎസ്ടിപി പറയുന്നു. ബലക്ഷയമുള്ള രണ്ടും മൂന്നും തൂണുകളാണ് പൂര്‍ണമായും മാറ്റിസ്ഥാപിക്കുന്നത്. ജാക്കി ഉപയോഗിച്ച് പാലത്തിന്റെ മേല്‍ഭാഗം ഉയര്‍ത്തിയശേഷം തകരാര്‍ സംഭവിച്ച രണ്ട് മൂന്ന് തൂണുകള്‍ പുനര്‍നിര്‍മ്മിക്കും. ഈ കാലയളവില്‍ പാലത്തിന് താങ്ങായി താല്ക്കാലികതൂണുകള് സ്ഥാപിക്കും. നിലവിലുള്ള തൂണുകള്‍ പൊളിച്ചുനീക്കും.
അതേ സ്ഥാനത്ത് പൈലിംഗ് നടത്തി പുതിയ തൂണ് നിര്‍മ്മിക്കും. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചായിരിക്കും നിര്‍മ്മാണം. പാലം അപകടത്തിലായതിനാല്‍ ഇതുവഴി ഗതാഗതം തടസപ്പെട്ടിരുക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: