ചെറുപുഴ: ഫെബ്രുവരി അഞ്ചു മുതല്‍ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ചട്ടങ്ങള്‍ നടപ്പാക്കാന്‍ ചെറുപുഴ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. പഞ്ചായത്ത് പരിധിയില്‍ ഫെബ്രുവരി അഞ്ചു മുതല്‍ 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ബാഗുകളും പ്ലാസ്റ്റിക് പാക്കിംഗ് ഷീറ്റുകളും ഉപയോഗിക്കുന്നതും സ്റ്റോക്ക് ചെയ്യുന്നതും നിരോധിച്ചു. 50 മൈക്രോണില്‍ കൂടുതലുള്ള ഏതു തരം പ്ലാസ്റ്റിക് ക്യാരി ബാഗുകളും പാക്കിംഗ് ഷീറ്റുകളും സ്റ്റോക്ക് ചെയ്യണമെന്നുള്ളവര്‍ ഫെബ്രുവരി നാലിന് മുമ്പായി പഞ്ചായത്ത് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്റ്റര്‍ ചെയ്തവര്‍ അവ വില ഈടാക്കി മാത്രമേ വിതരണം ചെയ്യുകയുള്ളൂ എന്ന ബോര്‍ഡ് പൊതുജനങ്ങള്‍ക്ക് കാണാന്‍ കഴിയുന്ന വിധം പ്രദര്‍ശിപ്പിക്കേണ്ടതാണ്. രജിസ്ട്രേഷനെടുക്കന്ന വ്യാപാരികള്‍ പ്രതിമാസം 4000 രൂപ മാലിന്യപരിപാലന ഫീസായി പഞ്ചായത്തില്‍ അടയ്ക്കണം. രജിസ്ട്രേഷനില്ലാതെ ക്യാരി ബാഗുകള്‍ സ്റ്റോക്ക് ചെയ്യുകയോ വിതരണം ചെയ്യുകയോ ചെയ്താല്‍ അവരില്‍ നിന്നും 5000 രൂപ പിഴ ഈടാക്കും. കുറ്റം ആവര്‍ത്തിച്ചാല്‍ 10000 രൂപ പിഴ ഈടാക്കുന്നതും സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കുന്നതുമായിരിക്കും. ഫെബ്രുവരി അഞ്ചിന് ശേഷം പഞ്ചായത്ത് ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: