കൊച്ചി: നഗരസഭ പരിധിയിലെ 320 ചതുരശ്ര അടിക്കുമേല്‍ വിസ്തീര്ണ്ണത്തമുള്ള മേലെയുളള മുഴുവന്‍ വീടുകള്‍ക്ക് വസ്തു നികുതി ബാധകമാക്കണമെന്ന് നഗരസഭ കൗണ്‍സില്‍ സര്‍ക്കാരിന് ശുപാര്‍ശ ചെയ്തു. 660 – 2000 വരെ ചതുരശ്ര വിസ്തീര്‍ണ്ണമുളള വീടുകളുടെ നികുതി വര്‍ദ്ധിപ്പിക്കാനും അനുമതി നല്കി.
നഗരസഭയിലെ വസ്തു നികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവില്‍ വരുത്തേണ്ട ഭേദഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക കൗണ്‍സിലിന്റേതാണ് തീരുമാനം. 660 ചതുരശ്ര അടിയില്‍ താഴെ വിസ്തീര്‍ണ്ണമുളള മുഴുവന്‍ വീടുകള്‍ക്ക് നികുതി ഇളവ് നല്‍കണമെന്ന പ്രതിപക്ഷം ആവശ്യം തള്ളിയാണ് കൗണ്‍സില്‍ തീരുമാനം. 660 ചതുരശ്ര അടി വിസ്തീര്‍ണ്ണം വരെയുളള വീടുകളെ 2015-16 സാമ്പത്തിക വര്‍ഷം മുതല്‍ വസ്തു നികുതിയില്‍ നിന്നൊഴിവാക്കിയ മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനത്തിലാണ് കൗണ്‍സില്‍ ഭേദഗതി നിര്‍ദ്ദേശിച്ചത്.
320 ചതുരശ്ര അടിയില്‍ താഴെയുള്ള വീടുകള്‍ക്കും ദാരിദ്ര്യ രേഖക്ക് താഴെയുള്ളവര്‍ക്കും നികുതി വേണ്ടെന്നും 2000 ചതുരശ്ര അടി വരെയുള്ള വീടുകള്‍ക്ക് നികുതി വര്‍ദ്ധനവ് ഒഴിവാക്കാന്‍ സാധിക്കില്ലെന്നും സര്‍ക്കാരിനെ അറിയിക്കാനാണ് കൗണ്‍സിലിന്റെ തീരുമാനം. 660 ചതുരശ്ര അടിയെന്ന കണക്ക് 320ലേക്ക് ചുരുക്കുന്നത് പാവപ്പെട്ടവര്‍ക്ക് തിരിച്ചടിയാകുമെന്ന് പ്രതിപക്ഷ നേതാവ് കെ.ജെ. ആന്റണി ചൂണ്ടിക്കാട്ടി.
660 ചതുരശ്ര അടിയുളള വീടുകളില്‍ 50 ശതമാനവും സ്റ്റുഡിയോ അപ്പാര്ട്ടുമെന്റുകളാണെന്ന് മേയര്‍ സൗമിനി ജെയിന് ചൂണ്ടിക്കാട്ടി. ഇവയെ നികുതിയില്‍ നിന്നൊഴിവാക്കിയാല്‍ നഗരസഭയ്ക്ക് 9 കോടിയുടെ വരുമാന നഷ്ടം ഉണ്ടാകും. തനത് വരുമാനത്തിലൂടെ വരുമാനം വര്‍ദ്ധിപ്പിക്കണമെന്നാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം. നികുതി വര്‍ദ്ധനയല്ലാതെ മറ്റ് വഴികളില്ലെന്ന് മേയര്‍ പറഞ്ഞു.
നഗരസഭയില്‍ നികുതി ചോര്‍ച്ചയുണ്ടെന്ന് ഡെപ്യൂട്ടി മേയര്‍ ടി.ജെ.വിനോദ് സമ്മതിച്ചു. 69 കോടി രൂപയാണ് നികുതിയിനത്തില്‍ നഗരസഭയ്ക്ക് ലഭിക്കേണ്ടിയിരുന്നത്. ഇതില്‍ 78.4 % ശതമാനം ലഭിച്ചിട്ടുണ്ട്. 20 കോടി കുടിശികയാണ്. 600 -2000 വരെ ചതുരശ്ര വിസ്തീര്‍ണ്ണമുളള വീടുകളുടെ വസ്തു നികുതിയില്‍ വര്‍ദ്ധനയുണ്ടായില്ലെങ്കില്‍ നഗരസഭയ്ക്ക് 4.61 കോടി രൂപയുടെ വരുമാന നഷ്ടം വരും. ഒടുവില്‍ വസ്തു നികുതി വര്‍ദ്ധിപ്പിച്ചത് 1992 ലാണ്. നഗരസഭയുടെ ഏഴ് സോണുകളിലായി 20, 1763 വീടുകളുണ്ടെന്ന് വി.പി.ചന്ദ്രന് പറഞ്ഞു. ഇതില്‍ 93, 389 വീടുകള്‍ 660 ചതുരശ്ര അടിയില്‍ താഴെയാണ്. 840,87 വീടുകളാണ് 600 – 2000 ചതുരശ്ര അടിയിലുളളത്. ആനുകൂല്യങ്ങള്‍ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഉറപ്പാക്കണമെന്ന് ബിജെപി കൗണ്‍സിലര്‍ സുധ ദിലീപ് ആവശ്യപ്പെട്ടു.
സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ എ.ബി.സാബു,വി.കെ.മിനിമോള്‍, ഷൈനി മാത്യു, പ്രേംകുമാര്‍, ബെനഡിക്ട് ഫെര്‍ണാണ്ടസ്, സുനിത ശെല്‍വം, തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: