കളമശേരി: കുഴിക്കണ്ടം തോടില്‍ നിന്ന് എച്ച്ഐഎല്ലിന്റെ ബഹിര്ഗമനക്കുഴല് മാറ്റുന്നത് സംബന്ധിച്ച് വീണ്ടും ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ സിപിഎം നിലപാടു മാറ്റി. ബിജെപിയുടെയും സിപിഐയുടേയും നിലപാടറിയാനായാണ് യോഗം ഇന്നലെ ഏലൂര്‍ നഗരസഭ കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്നത്. രണ്ട് കക്ഷികളും അനുകൂലമായപ്പോള്‍ സിപിഎം ജില്ലാ സമിതിയുടെ പരിഗണനയ്ക്ക് വിഷയം വിട്ടതായി അറിയ്ക്കുകയായിരുന്നു.
സ്ഥാപനം നിലനില്ക്കണമെന്നും അതേ സമയം പരിസ്ഥിതി സംരക്ഷിക്കപ്പെടണമെന്ന നിലപാടാണ് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.കെ.മോഹന്‍ ദാസ് അറിയിച്ചത്. അതിനാല്‍ ശക്തമായ മോണിറ്ററിംഗ് സംവിധാനത്തോടെ ബഹിര്ഗമനക്കുഴല് മാറ്റുന്നതിന് ബിജെപി അനുകൂലിക്കുന്നതായും ജില്ലാ പ്രസിഡന്റ് സര്‍വകക്ഷി യോഗത്തില്‍ പറഞ്ഞു. ജനങ്ങളുടെ ആശങ്ക മാറ്റാനും നഗരസഭ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ 17 ന് നടന്ന യോഗത്തില്‍ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്ന സിപിഐ ഇപ്പോള്‍ അനുകുല നിലപാട് സ്വീകരിച്ചു. എന്നാല്‍ കഴിഞ്ഞ യോഗത്തില്‍ പൈപ്പ് മാറ്റാന്‍ അനുകൂല നിലപാട് എടുത്തിരുന്ന സിപിഎം തീരുമാനം ജില്ലാ കമ്മറ്റിയ്ക്ക് വിട്ടതായി യോഗത്തെ അറിയിച്ചു. കുഴല്‍ പോകുന്ന പുതിയ റൂട്ടില്‍ താമസിക്കുന്ന ജനങ്ങളുടെ സിപിഎം പ്രാദേശിക സമിതികള്‍ ഗൗരവത്തിലെടുക്കുന്നെന്നും അന്തിമ തീരുമാനം ജില്ലാ സമിതിയെ ഏല്‍പ്പിക്കുകയാണെന്നും പ്രതിനിധികള്‍ അറിയിച്ചു. സിപിഐ (എംഎല്)കുഴല്‍ മാറുന്നതിന്നെ അനുകൂലിക്കുന്നില്ലെന്ന് കത്തിലൂടെ അറിയിച്ചു. എന്‍സിപി പ്രതിനിധി നെല്‍സണ്‍, കോണ്‍ഗ്രസ് പ്രതിനിധി, ലീഗ് പ്രതിനിധി എന്നിവരും അനുകൂലമായി സംസാരിച്ചു. ഫെബ്രുവരി 6 ന് മുമ്പ് സിപിഎം നിലപാട് കത്തിലൂടെ അറിയിക്കണമെന്നും അതിനു ശേഷം എലൂര്‍ നഗരസഭ അന്തിമ തീരുമാനമെടുക്കുമെന്നും യോഗത്തില്‍ അധ്യക്ഷയായ സിജി ബാബു അറിയിച്ചു. യോഗത്തില്‍ വൈസ് ചെയര്മാന് എഡി സുജില്‍, സ്ഥിരം സമിതി അധ്യക്ഷ സി.പി.ഉഷ എന്നിവര്‍ സംസാരിച്ചു. ബിജെപി പ്രതിനിധികള്‍ വി.വി.പ്രകാശന്, എസ്.ഷാജി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: