കൊച്ചി: മഹാരാജാസ് കോളെജില്‍ അദ്ധ്യയനം മുടങ്ങി പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമായിരിക്കെ, പലരും ചോദിക്കുന്നു, അവരെവിടെയാണ്? ഏതാനും സാംസ്കാരിക പ്രവര്‍ത്തകരും കോളെജിലെ മുന്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഒന്നിച്ചിരുന്നു ചോദിച്ചതും അതുതന്നെ. അവരെവിടെ? മഹാരാജാസിലെ മരം ഇലപൊഴിച്ചാല് പ്രതികരിക്കാന്‍ ഒത്തുകൂടുന്നവര്‍ക്ക് എന്തുകൊണ്ടു മിണ്ടാട്ടമില്ലെന്ന ചോദ്യത്തിന് ഉത്തരമില്ല. മഹരാജാസ് മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. മേരി മെറ്റില്‍ഡ, പ്രൊഫ. എം. തോമസ് മാത്യു, ഡോ. കെ. എസ്. രാധാകൃഷ്ണന്, പ്രൊഫ. പി. എ. ഇബ്രഹാം കുട്ടി, പ്രൊഫ. ടി.എന്‍. വിശ്വംഭരന്, പൂര്‍വ വിദ്യാര്‍ത്ഥികളും സാംസ്കാരിക പ്രവര്‍ത്തകരുമായ കെ. എല്‍. മോഹനവര്‍മ്മ, കവി ആര്. കെ. ദാമോദരന്‍, ശ്രീകുമാരി രാമചന്ദ്രന്, ഇ. എന്‍. നന്ദകുമാര്‍, കെ. രാധാകൃഷ്ണന് തുടങ്ങിയവര്‍ കൂട്ടു ചേരലില്‍ പങ്കെടുത്തു.
മഹരാജാസ് കോളെജിന്റെ പഴയപ്രതാപം എല്ലാ മേഖലയിലും നഷ്ടപ്പെട്ടതായി സാംസ്കാരിക നായകര്‍ വിലയിരുത്തി. അധികാരികളും ചില അദ്ധ്യാപകരും അവരുടെ കളിപ്പാവയാകുന്ന വിദ്യാര്‍ത്ഥികളും രാഷ്ട്രീയക്കാരും ചേര്‍ന്ന് വിദ്യാഭ്യാസ-സാംസ്കാരിക രംഗത്ത് കോളെജിനെ പിന്നാക്കം തള്ളിയെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. കോളെജില്‍ ശക്തമായ നേതൃത്വം ഇല്ലാത്തതയും വിദ്യാര്‍ത്ഥികളുടെ അടിസ്ഥാന സൗകര്യ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാത്തതും മുഖ്യ കാരണമാണെന്ന് മുന്‍ പ്രിന്‍സിപ്പാള്‍ പ്രൊഫ. മേരി മെറ്റില്‍ഡ പറഞ്ഞു. ചുംബന സമരവും ആലിംഗന സമരവും ആര്‍ത്തവ സമരവും നടന്നപ്പോള്‍ ഇടപെടാത്തതിനാലാണ് ഇന്ന് പ്രിന്‍സിപ്പാളിന്റെ കസേര കത്തിക്കലില്‍ എത്തിച്ചത്. അച്ചടക്ക ലംഘനങ്ങള്‍ ഉണ്ടായപ്പോള്‍ത്തന്നെ പ്രതികരിച്ചില്ല. പ്രിന്‍സിപ്പാളിന്റെ കസേര കത്തിക്കല്‍ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? രാഷ്ട്രീയമായി വൈകാരികതയുള്ള കാമ്പസില്‍ ഒരു സംഘടനയ്ക്ക് മേല്‍ക്കൈ ഉണ്ടാവരുത്, പ്രൊഫ. മെറ്റില്‍ഡ പറഞ്ഞു. മഹാരാജാസിനു മുമ്പുണ്ടായിരുന്ന അഭിമാനകരമായ സ്ഥാനം ഇന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതാണെന്നും പരിഹാരം കണ്ടെത്തണമെന്നും പ്രൊഫ. എം. തോമസ് മാത്യു പറഞ്ഞു. കോളെജിന്റെ നിലവാരം എല്ലാ മേഖലയിലും താഴ്ന്നു. ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് നിസ്സംഗതയാണ്. ഇപ്പോഴത്തെ പ്രശ്നങ്ങള്‍ മനുഷ്യനുണ്ടാക്കിയതാണ്, അതിനാല്‍ പരിഹാരവുമുണ്ട്. അധികാരികളും ഉത്തരവാദിത്തപ്പെട്ടവരും സജീവമായി ഇടപെടണം, പ്രൊഫ. തോമസ് മാത്യു പറഞ്ഞു.
മഹാരാജാസില്‍ മരം ഇലപൊഴിച്ചാലുടന് ടിവി ക്യാമറയ്ക്കു മുന്നില്‍ പ്രതികരിക്കുന്നവര്‍ എവിടെപ്പോയെന്ന് കെ. എല്‍. മോഹനവര്‍മ്മ ചോദിച്ചു. മഹാരാജാസ് ചിലരുടെ മാത്രം സ്വത്തല്ല, വിദ്യാഭ്യാസ-സാംസ്കാരിക മേഖലയില്‍ സംസ്ഥാനത്തിന്റെ പ്രതീകമാണ്. ഇപ്പോഴത്തെ സംഭവങ്ങളില്‍ സാംസ്കാരിക നായകന്മാര് എന്തുകൊണ്ടു പ്രതികരിക്കുന്നില്ല. താല്‍ക്കാലിക പരിഹാരം പോരാ. സാംസ്കാരിക-വിദ്യാഭ്യാസ-സാഹിത്യ പ്രവര്‍ത്തകര്‍ മുന്നോട്ടു വരണം, മോഹന വര്‍മ്മ പറഞ്ഞു. പ്രശ്നങ്ങള്‍ക്കു കാരണം ഏതാനും അദ്ധ്യാപകരാണെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണന് പറഞ്ഞു. കുട്ടികളെ വിനിയോഗിച്ച്, പക്ഷം പിടിക്കുന്ന ചില അദ്ധ്യാപകരാണ് കാരണക്കാര്‍. ഏഴ് അദ്ധ്യാപകര്‍ തീരുമാനിച്ചാല്‍ മഹാരാജാസിനെ നശിപ്പിക്കാമെന്നു വരരുത്. അവരില്‍ രണ്ടുപേര്‍ സാമ്പത്തിക ക്രമക്കേട് കാട്ടിയവരാണ്. അദ്ധ്യാപക സംഘടനകളുടെ മാടമ്പിത്തമുണ്ടവിടെ. പാലക്കാട് വിക്ടോറിയ കോളെജില്‍ പ്രിന്‍സിപ്പാളിന് കുഴിമാടം തീര്‍ത്തവരെ ന്യായീകരിച്ച നേതാക്കളുണ്ട്. അവര്‍ സ്വന്തം മാതാപിതാക്കളുടെ ശവദാഹം നടത്തി, അത് കലാവിന്യാസമാണെന്നു പറയുമോ? കന്യാമറിയത്തെക്കുറിച്ച് ചുവരെഴുതാനിടയാക്കിയതിന് ഉത്തരവാദി അദ്ധ്യാപകരാണ്. ചില അദ്ധ്യാപകരുടെ ദുര്‍മോഹങ്ങള്‍ക്ക് വിദ്യാര്‍ത്ഥികളെ ഉപകരണമാക്കുകയാണ്, രാധാകൃഷ്ണന് പറഞ്ഞു. മഹാരാജാസ് കോളെജ് വിഷയം പരിഹരിക്കാന്‍ അധികാരപ്പെട്ടവര്‍ ഇടപെടുന്നില്ല. ജില്ലാ കളക്ടര്‍ വിളിച്ച യോഗം തൊഴില്‍ തര്‍ക്കം പരിഹരിക്കാന്‍ ചേരുന്ന യോഗംപോലെ പരാജയപ്പെട്ടെന്ന് നാഷണല്‍ ബുക്ട്രസ്റ്റ് എക്സിക്യൂട്ടിവ് അംഗം ഇ. എന്‍. നന്ദകുമാര്‍ പറഞ്ഞു. പ്രൊഫ. ടി. എന്‍. വിശ്വംഭരന്, കവി ആര്. കെ. ദാമോദരന്‍, ശ്രീകുമാരി രാമചന്ദ്രന് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: