കൊച്ചി: കഴിവിന്, അര്‍ഹതയ്ക്ക് ശരിയായ അംഗീകാരമായി കായികമേഖലയില്‍ ഇത്തവണ പ്രഖ്യാപിച്ച പത്മ അവാര്‍ഡുകള്‍. ഇന്ത്യന്‍ ഹോക്കി ടീം നായകന് മലയാളിയായ പി.ആര്. ശ്രീജേഷും ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലിയും ഇടംപിടിച്ച പട്ടികയിലെ മറ്റുള്ളവരും മോശക്കാരല്ല.
റിയൊ ഒളിമ്പിക്സില്‍ വെങ്കലം നേടിയ ഗുസ്തി താരം സാക്ഷി മാലിക്ക്, ജിംനാസ്റ്റിക്സില്‍ മിന്നും പ്രകടനത്തോടെ നാലാമതെത്തിയ ദിപ കര്‍മാകര്‍, പുരുഷ ഡിസ്ക്കസ് ത്രോ താരം വികാസ് ഗൗഡ, ഇന്ത്യയുടെ അന്ധ ക്രിക്കറ്റ് ടീം നായകന് ശേഖര്‍ നായിക്ക്. പാരാലിമ്പിക്സില്‍ മെഡല്‍ നേടി രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയ ദീപ മാലിക്ക്, മാരിയപ്പന് തങ്കവേലു എന്നിവരും പത്മശ്രീയുടെ തണലില്‍.
വിശേഷണങ്ങള്‍ ആവശ്യമില്ലാത്ത കിഴക്കമ്പലത്തുകാരന്‍ ശ്രീജേഷിന് രാജ്യാന്തര തലത്തിലെ പ്രകടന മികവാണ് തുണയായത്. അടുത്തിടെ ഇന്ത്യന്‍ ഹോക്കി ടീമിന്റെ പല പ്രകടനത്തിനു പിന്നിലും പോസ്റ്റിനു മുന്നില്‍ ശ്രീജേഷിന്റെ അജയ്യത പ്രകടമായി. ഈ വര്‍ഷം ഒളിമ്പിക്സ് യോഗ്യത, ചാമ്പ്യന്‍സ് ട്രോഫിയില്‍ വെള്ളി, ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയിലെ ഒന്നാംസ്ഥാനം, സുല്‍ത്താന്‍ അസ്ലന്‍ഷാ കപ്പിലെ രണ്ടാം സ്ഥാനം എല്ലാത്തിലും ശ്രീജേഷിന്റെ കൈയൊപ്പുണ്ട്.
ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയെ അജയ്യനായി നയിക്കുന്ന വിരാട് കോഹ്ലിയെ ഈ മാസം ആദ്യമാണ് ഏകദിന, ട്വന്റി20 ടീമുകളുടെ നായകസ്ഥാനവും ഏല്‍പ്പിച്ചത്. നായകനായി മുന്നില്‍ നിന്നു നയിക്കുന്ന വിരാട്, മൂന്നു ഫോര്‍മാറ്റിലും തകര്‍പ്പന്‍ പ്രകടനം നടത്തുന്നു. ഐസിസി ബാറ്റ്സ്മാന്മാരുടെ റാങ്കില്‍ ട്വന്റി20യില്‍ ഒന്നാമതുള്ള വിരാട് ടെസ്റ്റ്, ഏകദിനങ്ങളില്‍ രണ്ടാമനാണ്. ട്വന്റി20യില്‍ നായകനായി അരങ്ങേറുന്നതിന്റെ തലേദിവസമാണ് രാജ്യത്തിന്റെ അംഗീകാരം തേടിയെത്തിയത്.
റിയൊ ഒളിമ്പിക്സില്‍ രാജ്യത്തിന്റെ മാനം കാത്ത മൂന്നു പെണ്ണുങ്ങളില്‍ രണ്ടു പേരെ രാജ്യം ആദരിക്കുന്നു. ഗുസ്തിയില്‍ വെങ്കലവുമായി തിളങ്ങിയ സാക്ഷി മാലിക്ക് പ്രതീക്ഷകളില്ലാതെ പോയാണ് തിളക്കത്തോടെ മടങ്ങിയത്. പരിക്ക് ഫോഗാട്ട് സഹോരിമാര്‍ക്ക് വിനയായപ്പോള്‍ ആ സ്ഥാനം ഹരിയാനയില്‍ നിന്നുള്ള പെണ്‍കൊടി ഏറ്റെടുത്തു. ജിംനാസ്റ്റിക്സില്‍ ഭാവിയുടെ താരമായാണ് ദിപ മടങ്ങുന്നത്. ഏറെ ബുദ്ധിമുട്ടുള്ള പ്രൊഡുനോവ വോള്‍ട്ടിലൂടെ ലോകത്തിന്റെ മുഴുവന്‍ അഭിനന്ദനവും ഈ ത്രിപുരക്കാരി ഏറ്റുവാങ്ങി. റിയൊയില്‍ നിരാശപ്പെടുത്തിയെങ്കിലും രാജ്യാന്തര മീറ്റുകളിലെ ഇന്ത്യയുടെ മുഖമാണ് ഡിസ്ക്കസ് ത്രോ താരം വികാസ് ഗൗഡ.
കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലുമെല്ലാം സ്വര്‍ണം നേടി.
ഇന്ത്യന്‍ അന്ധ ക്രിക്കറ്റ് ടീം നായകന് ശേഖര്‍ നായിക്ക് ഓള്‍റൗണ്ടറാണ്. വലംകൈയന്‍ ബാറ്റ്സ്മാനും ബൗളറുമായ ഇദ്ദേഹം, വിക്കറ്റ് കീപ്പറുമായും കളത്തിലിറങ്ങും ഈ കര്ണാടക്കാരന്. കനാലില്‍ വീണാണ് ഇദ്ദേഹത്തിന്റെ കാഴ്ച നഷ്ടപ്പെട്ടത്.
റിയൊ പാരാലിമ്പിക്സിലെ സ്വര്‍ണനേട്ടത്തിന്റെ പകിട്ടുണ്ട് മാരിയപ്പന് തങ്കവേലുവിന്. ഹൈജംപിലാണ് ഈ തമിഴ്നാട് സ്വദേശി സ്വര്‍ണം നേടിയത്. പാരാലിമ്പിക്സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യാക്കാരിയാണ് ഹരിയാനയില്‍ നിന്നുള്ള ദീപ മാലിക്ക്. റിയൊയില്‍ ഷോട്ട്പുട്ടിലാണ് ദീപയുടെ സ്വര്‍ണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: